കോമണ്‍‌വെല്‍ത്ത് അഴിമതി: ഷീലാ ദീക്ഷിതിനും പങ്ക്

Friday 5 August 2011 3:55 pm IST

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയെ കുറിച്ചുള്ള കം‌‌പ്‌ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ രൂക്ഷ വിമര്‍ശനം. ദല്‍ഹി സര്‍ക്കാരിലെ വിവിധ വകുപ്പുകളെയും സി.എ.ജി വിമര്‍ശിച്ചിട്ടുണ്ട്‌. ഗെയിംസിനുള്ള വേദി നിശ്ചയിച്ചതു മുതല്‍ മേള നടത്തിപ്പ്‌ വരെ അടിമുടി താളപ്പിഴകളാണ്‌ ഉണ്ടായതെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ വച്ചു. ഗെയിംസ് ഇടപാടുകളില്‍ ദല്‍ഹി സര്‍ക്കാര്‍ കമ്പനികളെ വഴിവിട്ടു സഹായിച്ചെന്ന് സി.എ.ജി കണ്ടെത്തി. ഗെയിംസുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ നല്‍കിയതില്‍ ഷീല ദീക്ഷിത്‌ സ്വജനപക്ഷപാതം കാണിച്ചുവെന്നും, കരാറില്‍ അടിമുടി ക്രമക്കേട്‌ നടന്നുവെന്നും റിപ്പോര്‍ട്ടില്‍ സി.എ.ജി കുറ്റപ്പെടുത്തുന്നു. ദല്‍ഹി സര്‍ക്കാര്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കാന്‍ അയോഗ്യരായ കമ്പനികളെ വഴിവിട്ടു സഹായിച്ചെന്നാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്‍. ദല്‍ഹി സര്‍ക്കാരും തദ്ദേശ ഭരണകൂടവും ചേര്‍ന്നു100 കോടിയിലധികം രൂപയാണ് ചെലവാക്കിയത്. ഇടപാടില്‍ 31.07 കോടി രൂപയുടെ അഴിമതി ഉണ്ടെന്നും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടുള്ള കണക്കുകള്‍ പലതും സര്‍ക്കാര്‍ പെരുപ്പിച്ച്‌ കാണിക്കുകയും, പദ്ധതികള്‍ വൈകിപ്പിക്കുകയും ചെയ്‌തതായും ആരോപണമുണ്ട്‌. ഗെയിംസ്‌ നടത്തിപ്പിന്റെ ചെയര്‍മാനായ സുരേഷ്‌ കല്‍മാഡിയ്ക്കെതിരെയുള്ള ആരോപണങ്ങളെ പ്രധാനമന്ത്രിയുടെ ഓഫീസ്‌ മുഖവിലയ്ക്കെടുത്തില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. അതേസമയം റിപ്പോര്‍ട്ടില്‍ ഷീല ദീക്ഷിതിന്റെ പേര്‌ സൂചിപ്പിച്ചിട്ടില്ലെന്നും, റിപ്പോര്‍ട്ട്‌ പാര്‍ലമെന്റ്‌ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറഞ്ഞു. ഇതേസമയം ഷീല ദീക്ഷിത്‌ രാജിവയ്ക്കണമെന്ന്‌ ബി.ജെ.പി ആവശ്യപ്പെട്ടു. അതിനു തയ്യാറാകാത്ത പക്ഷം കോണ്‍ഗ്രസ്‌ അവരെ പുറത്താക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ടിനെ കുറിച്ച്‌ പ്രതികരിക്കാന്‍ ഷീല ദീക്ഷിത്‌ തയ്യാറായില്ല. റിപ്പോര്‍ട്ട്‌ പരിശോധിക്കാതെ ഒന്നും പറയാനാവില്ലെന്നും ദീക്ഷിത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.