എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് നിബന്ധനകള്‍ വേണം - സുപ്രീംകോടതി

Friday 5 August 2011 3:56 pm IST

ന്യൂദല്‍ഹി: രാജ്യത്ത്‌ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിബന്ധനകളോടെ മാത്രമെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാവൂ എന്ന്‌ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐയുടെ ഹര്‍ജി പരിഗണക്കവെയാണ്‌ ചീഫ്‌ ജസ്റ്റീസ്‌ എസ്‌.എച്ച്‌.കപാഡിയ അധ്യക്ഷനായ ബെഞ്ച്‌ ഈ നിര്‍ദ്ദേശം നല്‍കിയത്. എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന്‌ വിദഗ്ദ്ധ സമിതിയ്ക്ക്‌ തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ കയറ്റുമതി സംബന്ധിച്ച്‌ മൂന്ന്‌ ചോദ്യങ്ങളും കോടതി സമിതിയോട്‌ ഉന്നയിച്ചിട്ടുണ്ട്‌. നിലവിലെ സ്ഥിതി അനുസരിച്ച്‌ എത്ര അളവ്‌ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാമെന്ന കാര്യത്തിലും മൂന്ന്‌ ആഴ്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട ആവശ്യമില്ലെന്ന്‌ ചൂണ്ടിക്കാട്ടി ഐ.സി.എം.ആര്‍ നല്‍കിയ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു. കേരളത്തിലും കര്‍ണാടകത്തിലും ഒഴികെ മറ്റൊരിടത്തും എന്‍ഡോസള്‍ഫാന്‍ കീടനാശിനി വലിയ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നില്ലെന്നാണ്‌ ഐ.സി. എം.ആറും അഗ്രിക്കള്‍ച്ചറല്‍ കമ്മിഷണറും സുപ്രീംകോടതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. അതേസമയം എന്‍ഡോസള്‍ഫാന്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്‌ ബോധ്യമുണ്ടെന്ന നിരീക്ഷണവും സുപ്രീംകോടതി നടത്തി. കേരളവും, കര്‍ണാടകയും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ കീടനാശിനി നിരോധിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന്‌ അഭിപ്രായമില്ലാത്ത സംസ്ഥാനങ്ങള്‍ ആ വിവരം സ്വയം കോടതിയെ അറിയിക്കാനും ചീഫ്ജസ്റ്റീസ്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.