അറുപത്തിമൂന്നിലും കണ്ടല്‍ക്കാടുകളുടെ തോഴനായി ജോണ്‍

Wednesday 5 June 2013 6:46 pm IST

പള്ളുരുത്തി: പ്രകൃതിയെന്നാല്‍ ജീവനാണ്‌... മണ്ണും, വായുവും, ജലവും ഒത്തുചേരുന്ന ജീവന്‍. പ്രകൃതി കടും പച്ചപുതച്ചു നില്‍ക്കുമ്പോള്‍ ജീവദൈര്‍ഘ്യം അവിടെ പ്രതിഫലിക്കുന്നു. കുമ്പളങ്ങി എന്ന കൊച്ചുഗ്രാമത്തിലെ മത്സ്യത്തൊഴിലാളിയായ ജോണിന്റേതാണ്‌ ഈ വലിയവാക്കുകള്‍. മുളംതണ്ടില്‍ കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിച്ച്‌ ഒരു ഗ്രാമപ്രദേശത്താകമാനം കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്താന്‍ പ്രചോദനം നല്‍കിയ ജോണിന്റെ വീടിനു മുന്നിലെത്തുമ്പോള്‍ തന്നെ നിരവധി തരം കണ്ടല്‍ച്ചെടികള്‍ നട്ടുവളര്‍ത്തിയിരിക്കുന്ന കാഴ്ച ആശ്ചര്യത്തോടെയെ നോക്കിക്കാണുവാന്‍ കഴിയൂ. വീടിനു മുന്നിലായിത്തന്നെ നില്‍ക്കുന്ന ഉയരമുള്ള ഒരു കണ്ടല്‍ മരം ചൂണ്ടി... ജോണ്‍ പറയുന്നു.
"ഇത്‌ നൂറുവര്‍ഷം പ്രായമുള്ള കണ്ടലാണ്‌. ഇതിന്റെ പേരാണ്‌ ഭ്രാന്തന്‍ കണ്ടല്‍, വേരുകള്‍ അലക്ഷ്യമായി വളര്‍ന്നു നില്‍ക്കുന്നതിനാലായിരിക്കാം ഇതിന്‌ ഇങ്ങിനെയൊരു പേരുവന്നത്‌. നല്ലകണ്ടല്‍, ചുള്ളി, ഉപ്പത്ത, പേനക്കണ്ടല്‍, സുന്ദരിക്കണ്ടല്‍, സ്വര്‍ണ്ണക്കണ്ടല്‍, കണ്ടേലിയ, കമ്മട്ടി, ചക്കരക്കണ്ടല്‍ തുടങ്ങി പത്തുതരം കണ്ടലുകളാണ്‌ കുമ്പളങ്ങി ഗ്രാമത്തില്‍ പ്രധാനമായും കണ്ടുവരുന്നത്‌. പൂവരശ്‌, ഒതളം, കരക്കണ്ടല്‍, പന്നല്‍, തുടങ്ങിയവ കണ്ടല്‍ വര്‍ഗ്ഗത്തിലെത്തന്നെ ചെടികളാണ്‌". ഇതില്‍ കണ്ടേലിയകണ്ടല്‍ കണ്ടെത്തുന്നത്‌ അരൂര്‍ ഭാഗത്തുനിന്നാണെന്ന്‌ ജോണ്‍ പറയുന്നു. പ്രകൃതിയില്‍ ഈശ്വരവരദാനമായി കിട്ടിയ മരങ്ങള്‍ ഒന്നും തന്നെ നശിപ്പിക്കപ്പെടാന്‍ പാടില്ലെന്നതാണ്‌ തന്റെ പക്ഷമെന്ന്‌ ഇദ്ദേഹം പറയുന്നു.
പത്തുവര്‍ഷം മുമ്പ്‌ കുമ്പളങ്ങിഗ്രാമത്തില്‍ കണ്ടല്‍ച്ചെടികള്‍ നട്ടുവളര്‍ത്തുവാന്‍ ജോണിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ തന്നെ സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി. ജോണിന്റെ വീടിനു തൊട്ടുവടക്കുവശത്തായുള്ള തെളിനീര്‍ത്തടത്തിനു ചുറ്റും വിവിധയിനം കണ്ടല്‍വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയിരിക്കുന്നു. തോടുകളുടേയും, കായലിന്റേയും, സമീപത്തായി നട്ടുവളര്‍ത്തിയിരിക്കുന്ന കണ്ടല്‍ച്ചെടികളെ നോക്കി ജോണ്‍ പറയുന്നു. ഉള്‍നാടന്‍ കായലുകളിലെ മത്സ്യസമ്പത്തിന്റെ പ്രജനനകേന്ദ്രം കണ്ടല്‍ ചെടികളുടെ വേരുകള്‍ക്കിടയിലാണ്‌. കണ്ടലിന്റെ വേരുകള്‍ക്കടിയില്‍ മത്സ്യങ്ങള്‍ സുരക്ഷിതമായി മുട്ടയിടുന്നു. കായല്‍ മത്സ്യസമ്പത്തിന്റെ അക്ഷയഖനിയാണ്‌ ഇത്തരം കണ്ടല്‍കൂടുകള്‍. 63 കാരനായ ജോണിന്റെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം.
കണ്ടല്‍ക്കാടുകളില്‍ നിന്നും ഓക്സിജന്‍ കൂടുതലായി ലഭിക്കുന്നു. തേനീച്ചകള്‍ക്ക്‌ തേനുല്‍പ്പാദിപ്പിക്കുവാനും കണ്ടല്‍ വനങ്ങള്‍ സഹായകമാണ്‌. കായലില്‍ നിന്നുള്ള ഉപ്പുവെള്ളം ശുദ്ധീകരിച്ച്‌ ഭൂമിയിലേക്ക്‌ ഒഴുക്കുന്നതിനും കണ്ടല്‍ ചെടികള്‍ വലിയ പങ്കുവഹിക്കുന്നു. കഴിഞ്ഞ 35 വര്‍ഷത്തില്‍ അധികമായി കണ്ടലിന്റെ ലോകത്ത്‌ ജീവിക്കുന്ന ജോണിന്‌ ഓരോ ഇനം കണ്ടലുകളെക്കുറിച്ചും വിശദീകരിക്കാന്‍ ആവേശം. കായല്‍ മണ്ണും, ചകിരിച്ചോറും കൂട്ടിക്കുഴച്ച്‌ മുളക്കമ്പില്‍ കണ്ടല്‍ വിത്തുകള്‍ നടന്നു. പ്ലാസ്റ്റിക്ക്‌ കവറിനുള്ളിലും കണ്ടല്‍ ച്ചെടികള്‍ നട്ടുവളര്‍ത്താറുണ്ട്‌. കണ്ടലുകളെക്കുറിച്ച്‌ റിസര്‍ച്ച്‌ നടത്തുന്ന വിദ്യാര്‍ത്ഥികളും സ്ഥിരമായി ജോണിനെത്തേടിയെത്തുന്നു.
കണ്ടല്‍വിത്ത്‌ അന്വേഷിച്ച്‌ ദിവസങ്ങളോളം കായലില്‍ വഞ്ചിയുമായി നടന്നകാര്യം ജോണ്‍ ഓര്‍ക്കുന്നു. ഇതേവഞ്ചിയില്‍ നൂറുകണക്കിന്‌ കണ്ടല്‍ച്ചെടികള്‍ ശേഖരിച്ച്‌ വിതരണം ചെയ്തതും ജോണ്‍ ഓര്‍ത്തെടുക്കുന്നു.
ആയിരങ്ങളുടെ ജീവനെടുത്ത സുനാമി... നമ്മുടെ കടല്‍ത്തീരങ്ങളില്‍ ആഞ്ഞടിച്ചപ്പോള്‍ തമിഴ്‌നാട്ടിലെ പിച്ചാവാരത്ത്‌ അതിനെ തടഞ്ഞുനിര്‍ത്തിയത്‌ കണ്ടല്‍ വൃക്ഷങ്ങളായിരുന്നുവെന്നത്‌ നാം ഇടയ്ക്ക്‌ ഓര്‍ക്കുന്നത്‌ നന്നായിരിക്കും. സുനാമി ആഞ്ഞടിച്ച കേരളത്തിലെ തീരപ്രദേശങ്ങളില്‍ കണ്ടല്‍ നട്ടുവളര്‍ത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കാന്‍ പോയിട്ടുണ്ട്‌. 45 ഇനം കണ്ടലുകള്‍ ലോകത്തുണ്ട്‌ കണ്ടല്‍ക്കാടുകള്‍ വര്‍ദ്ധിക്കേണ്ടത്‌ അത്യാവശ്യമാണ്‌. തന്റെ വീടിനോടുചേര്‍ന്ന്‌ തീര്‍ത്ത മഴവെള്ള സംഭരണി ചൂണ്ടിക്കാട്ടി ഇദ്ദേഹം പറയുന്നു.
ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണിവിടെ. ഭൂഗര്‍ഭജലത്തിന്‌ കടുത്ത ഉപ്പ്‌ ചുവയാണ്‌. പക്ഷെ താന്‍ സ്വന്തമായി ഉണ്ടാക്കിയ മഴവെള്ള സംഭരണിയിലെ ജലം ഭൂമിയുടെ 15 അടിതാഴ്ചയില്‍ സംഭരിച്ചിരിക്കുന്നതിനാല്‍ ഇവിടെ മാത്രം ഉപ്പുവെള്ളം ലഭിക്കാറില്ല... ഈ മഴ വെള്ളസംഭരണിയുടെ നിര്‍മ്മാണം രീതിയും മറ്റുള്ളവര്‍ക്ക്‌ മാതൃകയാക്കാവുന്നതാണ്‌. പ്രകൃതിയേയും, കണ്ടലുകളേയും ജീവനുതുല്യം സ്നേഹിക്കുന്ന ജോണിനെ നമുക്കുമാതൃകയാക്കാം... പ്രകൃതിയെ രക്ഷിക്കാന്‍ ആത്മവിശ്വാസത്തിന്റെ സന്ദേശം നമുക്ക്‌ ഇതിലൂടെ ലഭിക്കട്ടെ.
കെ.കെ.റോഷന്‍കുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.