ന്യൂദല്‍ഹി: കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മന്ത്രിയാകണമെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ.കുര്യന് അഭിപ്രായപ്പെട്ടു. ‘രമേശ് ചെന്നിത്തല മന്ത്രിസഭയിലേയ്ക്ക് വരുന്നതാണ് നല്ലത്. അദ്ദേഹത്തിന് ആഭ്യന്തരം തന്നെ നല്‍കണം.ആഭ്യന്തരമന്ത്രി സ്ഥാനം ഉള്‍പ്പെടെ ഏത് സ്ഥാനത്തിനും അദ്ദേഹം അര്‍ഹനാണെന്നും പി.ജെ കുര്യന് പറഞ്ഞു.
സാമുദായിക സന്തുലനം ഉറപ്പു വരുത്താന്‍ ചെന്നിത്തല മന്ത്രിസഭയില്‍ എത്തണം. ചെന്നിത്തലക്ക് അതിനുളള അര്‍ഹതയുണ്ടെന്നും കുര്യന് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു പിജെ കുര്യന്റെ പ്രതികരണം.
കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തിയുള്ള നേതാക്കള്‍ കേരളത്തില്‍ തന്നെയുണ്ടെന്ന് കേന്ദ്രമന്ത്രി കെ വി തോമസ് പറഞ്ഞു. സംഘടനാ വിഷയങ്ങള്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്നും കെവി തോമസ് പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഹൈക്കമാന്റ് ഉടന്‍ പരിഹരിക്കുമെന്ന് കെ സുധാകരന് എം.പി പറഞ്ഞു.
ഹൈക്കമാന്റിന്റെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും സുധാകരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: