ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനം: ആന്റണി സോണിയയെ കണ്ടു

Friday 7 June 2013 2:03 pm IST

ന്യൂദല്‍ഹി: കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എ.കെ.ആന്റണി കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ദല്‍ഹിയിലെ സോണിയയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു. ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവരുമായി രാവിലെ ടെലിഫോണില്‍ ചര്‍ച്ച നടത്തിയതിന്‌ ശേഷമാണ്‌ ആന്റണി പാര്‍ട്ടി അധ്യക്ഷയെ കണ്ടത്‌. വിഷയത്തില്‍ ഇരുവരുടെയും നിലപാട്‌ ആന്റണി സോണിയയെ അറിയിച്ചു. ആന്റണിയുടെ നിലപാടും സോണിയയെ അറിയിച്ചിട്ടുണ്ട്‌. ആഭ്യന്തര വകുപ്പ് വിട്ടുനല്‍കാനാവില്ലെന്ന നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ണ്ടിയും ആഭ്യന്തരമില്ലാതെ മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് രമേശ് ചെന്നിത്തലയും ആന്റണിയെ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ വളരെ ഐക്യത്തോടെ പോയിരുന്ന രണ്ടു നേതാക്കള്‍ തമ്മില്‍ പെട്ടെന്ന് അകന്നതിലുള്ള ആശങ്കയും അത്ഭുതവും സോണിയ ആന്റണിയെ അറിയിച്ചു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക്‌ ശേഷം പുറത്തിറങ്ങിയ ആന്റണി വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ ആന്റണിയുടെ നിലപാട്‌ നിര്‍ണായകമാണ്‌. വിദേശ പര്യടനത്തിന്‌ ശേഷം അദ്ദേഹം വ്യാഴാഴ്ചയാണ്‌ ദല്‍ഹിയില്‍ മടങ്ങിയെത്തിയത്‌. ആന്റണി എത്തിയതോടെ പ്രശ്നത്തില്‍ ഉടന്‍ സമവായമുണ്ടാകുമെന്ന്‌ ഉറപ്പായി. ആഭ്യന്തരമന്ത്രി സ്ഥാനത്തില്‍ തട്ടി കേരളത്തിലെ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌. വിഷയത്തില്‍ ആന്റണിയുടെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാവും ഹൈക്കമാന്‍ഡ്‌ അന്തിമ തീരുമാനം എടുക്കുക. ആന്റണി ഇടപെട്ടതോടെ വിഷയം വീണ്ടും സജീവമാകുമെന്ന്‌ ഉറപ്പായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.