കേരളത്തിന്‌ കിരീടം

Monday 1 September 2014 9:54 pm IST

ചെന്നൈ: 53-ാ‍മത്‌ അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക്‌ മീറ്റില്‍ ഓവറോള്‍ കിരീടം കേരളത്തിന്‌. തുടര്‍ച്ചയായ ഏഴാം തവണയാണ്‌ കേരളം കിരീടം സ്വന്തമാക്കുന്നത്‌. നാല്‌ ദിവസമായി നടന്ന മീറ്റില്‍ 11 സ്വര്‍ണവും നാലു വെള്ളിയും ഏഴു വെങ്കലവും കരസ്ഥമാക്കിയാണ്‌ കേരളം ചാമ്പ്യന്മാരായത്‌. കഴിഞ്ഞ വര്‍ഷം 10 സ്വര്‍ണ്ണമായിരുന്നു കേരളം കരസ്ഥമാക്കിയിരുന്നത്‌. വനിതകളുടെ ഉജ്ജ്വല പ്രകടനമാണ്‌ കേരളത്തെ തുടര്‍ച്ചയായ ഏഴാം കിരീടത്തിലേക്ക്‌ നയിച്ചത്‌. ഓവറോള്‍ വിഭാഗത്തില്‍ 172.5 പോയിന്റ്‌ നേടിയാണ്‌ കേരളം ഒന്നാമതെത്തിയത്‌. 147.5 പോയിന്റുമായി തമിഴ്‌നാട്‌ രണ്ടാം സ്ഥാനവും 105.5 പോയിന്റുമായി ഹരിയാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ 112.5 പോയിന്റ്‌ നേടിയാണ്‌ കേരളം ഒന്നാമതെത്തിയത്‌. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന്‌ 68.5 പോയിന്റേ നേടാനായുള്ളൂ. അതേസമയം പുരുഷ വിഭാഗത്തില്‍ കേരളം 60 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. 70 പോയിന്റുമായി തമിഴ്‌നാടും 63.5 പോയിന്റുമായി ഹരിയാനയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ തമിഴ്‌നാടിന്റെ മലയാളിതാരം രഞ്ജിത്‌ മഹേശ്വരി മീറ്റ്‌ റിക്കാര്‍ഡ്‌ നേടി. 16.98 മീറ്റര്‍ ചാടിയാണ്‌ രഞ്ജിത്ത്‌ മഹേശ്വരി തന്റെ തന്നെ പേരിലുണ്ടായിരുന്ന 16.73 മീറ്ററിന്റെ റെക്കോര്‍ഡ്‌ മറികടന്നത്‌. ഈ നേട്ടത്തോടെ രഞ്ജിത്‌ മോസ്കോയില്‍ നടക്കാനിരിക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിന്‌ യോഗ്യത നേടി. 16.85 മീറ്ററായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ബി സ്റ്റാന്‍ഡേര്‍ഡ്‌ യോഗ്യത. കഴിഞ്ഞ ദിവസം 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ സുധാ സിംഗും ലോക ചാമ്പ്യന്‍ഷിപ്പിന്‌ യോഗ്യത നേടിയിരുന്നു.
അവസാന ദിവസമായ ഇന്നലെ കേരളം രണ്ട്‌ സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ട്‌ വെങ്കലവുമാണ്‌ നേടിയത്‌. വനിതകളുടെ 10000 മീറ്ററില്‍ പ്രീജ ശ്രീധരനാണ്‌ കേരളത്തിന്റെ ആദ്യ സ്വര്‍ണ്ണം നേടിയത്‌. രണ്ടാം സ്വര്‍ണ്ണം വനിതകളുടെ 4ഃ400 മീറ്റര്‍ റിലേയിലാണ്‌. അഞ്ജു തോമസ്‌, അനു. ആര്‍., അനില്‍ഡ തോമസ്‌, അനു മറിയം ജോസ്‌ എന്നിവരടങ്ങിയ ടീം മൂന്ന്‌ മിനിറ്റ്‌ 40.74 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ സ്വര്‍ണ്ണം സ്വന്തമാക്കിയത്‌. പുരുഷ വിഭാഗം റിലേയില്‍ കേരളം നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. ജിതിന്‍ പോള്‍, ബിബിന്‍ മാത്യു, വി.ബി. ബിനീഷ്‌ എന്നീ മലയാളികളുമായി ഇറങ്ങിയ ഝാര്‍ഖണ്ഡിനാണ്‌ സ്വര്‍ണ്ണം. രാവിലെ നടന്ന 10000 മീറ്ററില്‍ 34 മിനിറ്റ്‌ 38.28 സെക്കന്റില്‍ ഫിനിഷ്‌ ചെയ്താണ്‌ പ്രീജ സ്വര്‍ണ്ണമണിഞ്ഞത്‌. തമിഴ്‌നാടിന്റെ എല്‍. സൂര്യ വെള്ളിമെഡല്‍ നേടി. മറ്റൊരു മലയാളി താരമായ എം.ഡി. താര നാലാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്തത്‌.
വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ പശ്ചിമബംഗാളിന്റെ ആശാ റോയി സ്വര്‍ണം കരസ്ഥമാക്കി. നേരത്തെ നൂറ്‌ മീറ്ററിലും സ്വര്‍ണ്ണം നേടിയിരുന്ന ആശാ റോയി ഇതോടെ സ്പ്രിന്റ്‌ ഡബിളിന്‌ അര്‍ഹയായി. വനിതകളുടെ 1500 മീറ്ററില്‍ സ്വര്‍ണ്ണവും വെള്ളിയും മലയാളി താരങ്ങള്‍ കരസ്ഥമാക്കി. പഞ്ചാബിന്റെ മലയാളി താരം ഒ.പി. ജയ്ഷ, കര്‍ണാടകയുടെ സിനി ഒ. മാര്‍ക്കോസ്‌ എന്നിവരാണ്‌ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തിയത്‌. ആദ്യ ദിവസം 5000 മീറ്ററില്‍ പ്രീജ ശ്രീധരനെ പിന്തള്ളി ഒ.പി. ജയ്ഷ സ്വര്‍ണ്ണം നേടിയിരുന്നു.
മുമ്പു നടന്ന വനിതകളുടെ 4ഃ400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയതോടെയാണ്‌ കേരളം കിരീടത്തിലേക്കടുത്തത്‌. ഉച്ചകഴിഞ്ഞു നടന്ന വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡിലില്‍ കേരളത്തിന്റെ ആര്‍. അനു വെള്ളിമെഡലും വനിതകളുടെ ഹെപ്റ്റാത്ലണില്‍ ലിക്സി ജോസഫ്‌ വെങ്കലവും പുരുഷന്മാരുടെ 1500 മീറ്ററില്‍ സജീഷ്‌ ജോസഫും വെങ്കലം നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.