മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടുമെന്ന്‌ ആര്യാടന്‍

Friday 7 June 2013 9:48 pm IST

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി തൃപ്പുണിത്തുറവരെ നീട്ടുമെന്ന്‌ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. മെട്രോ പദ്ധതി പേട്ടയില്‍നിന്ന്‌ തൃപ്പുണിത്തുറ വരെ നീട്ടിയാല്‍ 300 കോടിയുടെ മാത്രം അധിക ചെലവ്‌ മാത്രമെ ഉണ്ടാവൂവെന്ന്‌ ഇ. ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. നിലവിലുള്ള പദ്ധതിയുടെ സിഗ്നലിംഗ്‌ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കുള്ള പ്രവര്‍ത്തികളില്‍ തൃപ്പുണിത്തുറവരെയുള്ള പ്രവൃത്തികള്‍ കൂടി കണക്കിലെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ആര്യാടന്‍മുഹമ്മദ്‌. മെട്രോ റെയില്‍ തൃപ്പുണിത്തുറവരെ നീട്ടണമെന്ന ജനപ്രതിനിധികളുടെ ആവശ്യവും ഈ ആവശ്യമുന്നയിച്ച്‌ കഴിഞ്ഞ ദിവസം അവിടെ നടന്ന സമരവുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ്‌ സര്‍ക്കാര്‍ ഈ തീരുമാനമെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മെട്രോ റെയില്‍ പദ്ധതി തൃപ്പുണിത്തുറവരെ നീട്ടുന്നതുമായി ബന്ധപ്പെട്ട്‌ കേന്ദ്രസര്‍ക്കാരില്‍നിന്ന്‌ അനുമതി നേടിയെടുക്കാന്‍ മുഖ്യമന്ത്രിയും താനും അടുത്തുതന്നെ ദല്‍ഹി സന്ദര്‍ശിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്ത്‌ നിര്‍മ്മിക്കുന്ന പദ്ധതിയാണ്‌ കൊച്ചി മെട്രോയെന്ന സവിശേഷത ഉണ്ടെന്നും മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ പണിപ്പുര ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേന്ദ്രമന്ത്രി കെ.വി.തോമസ്‌ അഭിപ്രായപ്പെട്ടു. കൊച്ചി നഗരം അതിവേഗത്തില്‍ വളരുന്നതിനാല്‍ മെട്രോ റെയില്‍ പദ്ധതി സമീപപ്രദേശങ്ങളിലേക്ക്‌ കൂടി നീട്ടുന്നതിനുള്ള നടപടികള്‍ക്ക്‌ വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്‍കിട പദ്ധതികള്‍ ഇന്ന ദിവസം കമ്മീഷന്‍ ചെയ്യുമെന്ന്‌ പ്രഖ്യാപിച്ച്‌ പ്രവൃത്തികള്‍ മുന്നോട്ട്‌ കൊണ്ടുപോകുന്നതാണ്‌ രീതിയെങ്കിലും കേരളത്തിന്‌ അത്‌ അന്യമാണെന്നും ഇത്‌ കൊണ്ടുവരാന്‍ കൊച്ചി മെട്രോയിലുടെ കഴിയുകയാണെന്നും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന കേട്ടുതഴമ്പിച്ച പരാതിക്കുള്ള മറുപടിയാണ്‌ കൊച്ചിമെട്രോയെന്ന്‌ എക്സൈസ്മന്ത്രി കെ. ബാബു പറഞ്ഞു. മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസവും മുടങ്ങില്ലെന്ന്‌ ഉറപ്പുവരുത്താന്‍ കൊച്ചി നഗരവാസികള്‍ തയ്യാറാവണമെന്നും ബാബു അഭിപ്രായപ്പെട്ടു. കൊച്ചി മെട്രോ പോലുള്ള പദ്ധതികള്‍ കൂടുതല്‍ പ്രയോജനകരമായ രീതിയില്‍ കൂടുതല്‍സ്ഥലങ്ങളിലേക്ക്‌ നീട്ടുകതന്നെവേണമെന്ന്‌ ചടങ്ങില്‍ സംസാരിച്ച്‌ ധനമന്ത്രി കെ.എം. മാണി പറഞ്ഞു. കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ദിവസം ദല്‍ഹിമെട്രോ റയില്‍ കോര്‍പ്പറേഷനും സുപ്രധാനമായ ദിവസമാണെന്നും പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനവുമായിബന്ധപ്പെട്ട്‌ ജനങ്ങള്‍ക്കുണ്ടാകാനിടയുള്ള ചെറിയ ബുദ്ധുമുട്ടുകളുമായി സഹകരിക്കാന്‍ നഗരവാസികള്‍ തയ്യാറാവണമെന്നും ദല്‍ഹിമെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ്‌ ഇ.ശ്രീധരന്‍ പറഞ്ഞു. മെട്രോ റയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതുകണക്കിലെടുത്ത്‌ ദീര്‍ഘദുരട്രെയിനുകള്‍ക്ക്‌ ഇടപ്പള്ളിയിലും തൃപ്പുണിത്തറയിലും താല്‍ക്കാലിക സ്റ്റോപ്പുകള്‍ അനുവദിക്കാനും രണ്ട്‌ മെമു സര്‍വീസുകള്‍കൂടി മുന്നുവര്‍ഷത്തേക്കെങ്കിലും ആരംഭിക്കാനും നടപടിയുണ്ടാവണമെന്ന്‌ പി.രാജിവ്‌ എംപി പറഞ്ഞു.
ഭക്ഷ്യമന്ത്രി അനുപ്‌ ജേക്കബ്‌, പൊതുമരാമത്ത്‌ വകുപ്പുമന്ത്രി ഇബ്രാഹിംകുഞ്ഞ്‌ ,മേയര്‍ടോണി ചമ്മണി, കെ.പി. ധനപാലന്‍ എംപി, ഹൈബി ഈഡന്‍ എംഎല്‍എ, നഗരാസുത്രണവകുപ്പ്‌ സെക്രട്ടറി സുധീര്‍കൃഷ്ണ. കെഎംആര്‍എല്‍ എംഡി ഏലിയാസ്‌ ജോര്‍ജ്ജ്‌ തുടങ്ങിയവര്‍ സംസാരിച്ചു. എംഎല്‍ എമാരായ എസ്‌.ശര്‍മ്മ, ജോസഫ്‌ വാഴക്കന്‍, ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ഉദ്ഘാട വേദിയില്‍ സന്നിഹിതരായിരുന്നു. ബെന്നിബെഹ്നാന്‍ എംഎല്‍എ സ്വാഗതവും ജില്ലാ കളക്ടര്‍ പി.ഐ. ഷേക്ക്‌ പരിത്‌ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.