കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ ലോറിയിടിച്ച് 40 പേര്‍ക്ക് പരിക്ക്

Saturday 8 June 2013 1:43 pm IST

പുതുക്കാട്‌: ദേശീയപാതയില്‍ പുതുക്കാട് കെഎസ്‌ആര്‍ടിസി ബസിനു പിന്നില്‍ ചരക്കുലോറി ഇടിച്ച്‌ 40 പേര്‍ക്ക്‌ പരിക്ക്‌. ഇടിയുടെ ആഘാതത്തില്‍ ബസ്‌ ഒരുതവണ തലകീഴായി മറിഞ്ഞു. നിയന്ത്രണം വിട്ട ലോറി ഡിവൈഡറില്‍ തട്ടി സര്‍വീസ്‌ റോഡിലേക്ക്‌ മറിഞ്ഞു. പരിക്കേറ്റവരില്‍ ഒരു ഗര്‍ഭിണിയും നാലു വയസായ കുട്ടിയും ഉള്‍പ്പെടുന്നു. ലോറി ഡ്രൈവര്‍ ആലത്തൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ് (23), ബസ് ഡ്രൈവര്‍ വരന്തരപ്പിള്ളി വട്ടപ്പറമ്പില്‍ സനീഷ് (29) എന്നിവരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പുതുക്കാട്‌ സര്‍ക്കാര്‍ ആശുപത്രിയിലും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്‌ ആശുത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 6.45-നായിരുന്നു അപകടം. അമ്പതോളം പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന്‌ ദേശീയപാതയില്‍ കുറച്ചുനേരം ഗതാഗതം സ്തംഭിച്ചെങ്കിലും പിന്നീട്‌ സര്‍വീസ്‌ റോഡ്‌ വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു. ആറ്റപ്പിള്ളിയില്‍ നിന്ന്‌ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന കെഎസ്‌ആര്‍ടിസി ബസ്‌ ദേശീയപാതയില്‍ നിന്ന്‌ സ്റ്റാന്‍ഡിലേക്ക്‌ തിരിയാന്‍ ശ്രമിക്കുന്നതിനിടെ പിറകില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. അരിയുമായി പാലക്കാട്ടേയ്ക്ക് പോവുകയായിരുന്നു ലോറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.