സിങ്‌വിക്കെതിരെ ചെന്നിത്തലയും സുധീരനും രംഗത്ത്

Friday 5 August 2011 5:54 pm IST

തൃശൂര്‍: എന്‍ഡോസള്‍ഫാന്‌ വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ മനു അഭിഷേക്‌ സിങ്‌വിയ്ക്കെതിരെ വി.എം.സുധീരനും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും രംഗത്തെത്തി. സിങ്‌വിയെ കോണ്‍ഗ്രസ്‌ വക്താവ്‌ സ്ഥാനത്ത്‌ നിന്ന്‌ പുറത്താക്കണമെന്ന്‌ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ വക്താവ്‌ സ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന സിങ്‌വി എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്ക്‌ വേണ്ടി ഹാജരായത്‌ ശരിയായ നടപടിയല്ലെന്നും സുധീരന്‍ പറഞ്ഞു. മനു അഭിഷേക്‌ സിങ്‌വി ഇതിനു മുമ്പും ഇത്തരം രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിങ്‌വിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. എന്‍ഡോസള്‍ഫാനു വേണ്ടി കോടതിയില്‍ ഹാജരായതിലുള്ള പ്രതിഷേധം സിങ്‌വിയെ അറിയിക്കും. കോണ്‍ഗ്രസിന്റെ വക്താവ്‌ എന്ന സ്ഥാനം മറന്നുകൊണ്ടാണ്‌ സിങ്‌വി പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഇത്തരം നടപടിയുണ്ടായതു വേദനാജനകമാണ്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ നിലപാടു വ്യക്തമാണ്. എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം. ഇതിനെ മറികടന്നാണു സിങ്‌വി കോടതിയില്‍ ഹാജരായത്. അഭിഭാഷകന്‍ എന്ന നിലയില്‍ സിങ്‌വിക്കു കേസുകള്‍ ഏറ്റെടുക്കാം. ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരുന്നു കൊണ്ട് ഇതു ചെയ്യരുതെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. സിങ്‌വിയെ വിമര്‍ശിച്ചു കൊണ്ടു കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി. സതീശനും രംഗത്തെത്തി. അഭിഷേക് സിങ്‌വിയെ വക്താവു സ്ഥാനത്തു നിന്നു പുറത്താക്കണമെന്നു സതീശന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ വികാരം അറിയാത്ത ആള്‍ വക്താവായി ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.