സവര്‍ക്കര്‍ സ്മരണ

Thursday 25 September 2014 9:37 pm IST

എനിക്ക്‌ 15 വയസ്സുള്ളപ്പോള്‍, ലാഹോറില്‍ പോയ ഒരു കൂട്ടുകാരന്‍ എനിക്ക്‌ സവര്‍ക്കറുടെ 'ദ ഫസ്റ്റ്‌ വാര്‍ ഓഫ്‌ ഇന്‍ഡിപെന്‍ഡന്‍സ്‌, 1857' എന്ന പുസ്തകം വാങ്ങിക്കൊണ്ടുതന്നു. പുസ്തകത്തിന്‌ 28 രൂപയായിരുന്നു വില. അത്‌ അക്കാലത്ത്‌ ഒരു വലിയ തുകയായിരുന്നു. ബാലനായിരിക്കുമ്പോള്‍ എന്നെ ഏറ്റവും സ്വാധീനിച്ചത്‌ സവര്‍ക്കറാല്‍ വിരചിതമായ പ്രസ്തുത വീരചരിതമായിരുന്നു. ഞാന്‍ താമസിച്ചിരുന്ന സിന്ധ്‌-അവിഭക്തഭാരതത്തില്‍-ബോംബേ പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. അതുകൊണ്ട്‌, 1947 വരെയും സിന്ധിന്‌ പ്രത്യേക സര്‍വകലാശാല ഉണ്ടായിരുന്നില്ല. സിന്ധ്‌ പ്രവിശ്യയിലെ എല്ലാ കോളേജുകളും ബോംബെ യൂണിവേഴ്സിറ്റിയോട്‌ അഫിലിയേറ്റ്‌ ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം കറാച്ചിയില്‍നിന്നും പുറത്താക്കപ്പെട്ട ശേഷം, 1947 ല്‍ ആണ്‌ ഞാന്‍ ആദ്യമായി ബോംബെ (ഇന്ന്‌ മുംബൈ)യില്‍ എത്തുന്നത്‌. രണ്ടു ദിവസത്തേക്കായിരുന്നു താമസം. എന്റെ സുഹൃത്ത്‌ എന്നോട്‌ ബോംബേയിലെ ഏതെങ്കിലും സ്ഥലം കാണണമെന്ന്‌ ആഗ്രഹമുണ്ടോ എന്ന്‌ ആരാഞ്ഞു. "എന്നെ വീരസവര്‍ക്കറുടെ അടുത്തു കൊണ്ടുപോകൂ" എന്ന്‌ ഞാന്‍ മറുപടി പറഞ്ഞു. അവന്‍ എന്നെ ശിവാജിപാര്‍ക്കിലെ വിരസവര്‍ക്കറുടെ വസതിയില്‍ കൊണ്ടുപോകുകതന്നെ ചെയ്തു. അവിടെ ആ മഹാത്മാവിന്റെ കാന്തംപോലെ ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ പ്രഭാവലയത്തില്‍ അതിശയമാനസനായി ഞാന്‍ 45 മിനിട്ട്‌ ഇരുന്നു. അദ്ദേഹം എന്നോട്‌ സിന്ധിലെ ഹിന്ദുക്കളുടെ അവസ്ഥയെക്കുറിച്ച്‌ ചോദിച്ചു. സവര്‍ക്കറുടെ പുസ്തകം കലാപങ്ങളെ ഇളക്കിവിടും എന്നാണ്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ വിധിച്ചത്‌. പ്രസിദ്ധീകരണത്തിന്‌ മുന്‍പുതന്നെ അവരതിനെ നിരോധിച്ചു. ഇന്ത്യയില്‍നിന്നും ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, ജര്‍മനി, ഹോളണ്ട്‌ എന്നിവിടങ്ങളിലേക്കും പിന്നെ തിരിച്ച്‌ ഇന്ത്യയിലേക്കുമുള്ള ആ കൈയെഴുത്തു പ്രതിയുടെ യാത്രയും അതിന്റെ രഹസ്യപ്രസിദ്ധീകരണവും വിപ്ലവകാരികള്‍ക്ക്‌ അത്‌ പ്രചോദനമായതും, 1857 ലെ ഏതൊരു പോരാട്ടത്തെയുംപോലെ ഹരം കൊള്ളിക്കുന്നതായിരുന്നു. സവര്‍ക്കര്‍ ലണ്ടനില്‍ നിയമം പഠിക്കാനാണ്‌ പോയതെങ്കിലും അവിടെ വിപ്ലവ പ്രവര്‍ത്തനങ്ങളിലാണ്‌ വ്യാപൃതനായത്‌. അന്ന്‌ അദ്ദേഹത്തിന്‌ 25 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. അപ്പോഴാണ്‌ പ്രസ്തുത ഗ്രന്ഥം രചിച്ചത്‌. മറാത്തി ഭാഷയിലെഴുതിയ ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി രഹസ്യമായി ഇന്ത്യയിലെത്തിച്ചെങ്കിലും വിവരം മണത്തറിഞ്ഞ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ പ്രസിദ്ധീകരണം തടഞ്ഞു. അച്ചടിച്ചുകൊണ്ടിരുന്ന പ്രസ്‌ റെയ്ഡ്‌ ചെയ്തെങ്കിലും ദിവ്യാത്ഭുതമെന്ന്‌ പറയട്ടെ, കൈയെഴുത്തു പ്രതി രക്ഷപ്പെട്ട്‌ പാരീസിലായിരുന്ന സവര്‍ക്കറുടെ പക്കല്‍ തിരിച്ചെത്തി. സഹവിപ്ലവകാരികള്‍ അതിനെ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്തെങ്കിലും ഫ്രാന്‍സിലോ ഇംഗ്ലണ്ടിലോ ഉള്ള അച്ചടിശാലകളൊന്നും അത്‌ അച്ചടിക്കാന്‍ ധൈര്യം കാട്ടിയില്ല. അവസാനം, 1909 ല്‍ ഹോളണ്ടില്‍ അച്ചടിക്കുകയും കോപ്പികള്‍ ഇന്ത്യയില്‍ രഹസ്യമായി എത്തിക്കുകയും ചെയ്തു. പക്ഷേ, 1910 ല്‍ ഗ്രന്ഥകര്‍ത്താവ്‌ ലണ്ടനില്‍ രാജ്യദ്രോഹകുറ്റത്തിന്‌ അറസ്റ്റിലായി. പിന്നെ അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കുകയും രണ്ട്‌ ജീവപര്യന്തം ശിക്ഷകള്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. ആന്‍ഡമാനിലെ 'കാലാപാനി' എന്ന ഭീതിദമായ തടവറയില്‍ സവര്‍ക്കര്‍ അടയ്ക്കപ്പെട്ടു. 1857 ലെ ശിപായിലഹളയില്‍ പങ്കെടുത്തവരെ തടങ്കലില്‍ ഇട്ടിരുന്നതും ഇതേ കാലാപാനിയില്‍ തന്നെ. അവിടുത്തെ ഒരു ഇരുണ്ട അറയില്‍ സവര്‍ക്കര്‍ 11 കൊല്ലം കിടന്നു. വധശിക്ഷ സ്ഥിരമായി നടന്നിരുന്ന തൂക്കുമരത്തിന്‌ അഭിമുഖമായിട്ടായിരുന്നു സവര്‍ക്കറുടെ തടവറ. നിരോധനം ഏറ്റുവാങ്ങിയെങ്കിലും പുസ്തകത്തിന്റെ പതിപ്പുകള്‍ക്ക്‌ പഞ്ഞുമുണ്ടായില്ല. ബ്രിട്ടീഷ്‌ പോലീസിന്റെ പിടിയില്‍നിന്ന്‌ രക്ഷപ്പെട്ടു ഫ്രാന്‍സില്‍ താവളമടിച്ചിരുന്ന മുംബൈക്കാരി ഭിക്കാജി റസ്റ്റം കാമാ എന്ന 'മദാം കാമ' പുസ്തകത്തിന്റെ രണ്ടാം എഡിഷന്‍ യൂറോപ്പില്‍ പുറത്തിറക്കി. ഗദ്ദാര്‍ വിപ്ലവപാര്‍ട്ടിയുടെ നേതാവ്‌ ലാലാ ഹര്‍ദയാല്‍ പുസ്തകത്തിന്റെ പതിപ്പ്‌ അമേരിക്കയില്‍ പ്രസിദ്ധീകരിച്ചു. 1928 ലാണ്‌ ഭഗത്സിംഗും കൂട്ടരും പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചത്‌. നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌, 1944 ല്‍, ജപ്പാനില്‍ പുസ്തകം പുറത്തിറക്കി. 1947 ല്‍ നിരോധനം നീക്കുമ്പോഴേക്കും സവര്‍ക്കറുടെ 'ദ ഫസ്റ്റ്‌ വാര്‍ ഓഫ്‌ ഇന്‍ഡിപെന്‍ഡന്‍സ്‌, 1857' നിരവധി ഭാരതീയ ഭാഷകളില്‍, അണ്ടര്‍ഗ്രൗണ്ട്‌ നെറ്റ്‌ വര്‍ക്കുകളിലൂടെ, ഇന്ത്യയിലെങ്ങും ലഭ്യമായിരുന്നു! പ്രസ്തുത മഹദ്ഗ്രന്ഥം സവര്‍ക്കര്‍ എഴുതിയത്‌, സുഖിമാന്‍മാരായ സാദാ ഇന്ത്യന്‍ ചരിത്രകാരന്മാരെപ്പോലെ, ജീവിതസൗകര്യങ്ങളൊക്കെ ആവോളം അനുഭവിച്ചുകൊണ്ടും ചരിത്രരചനക്കുള്ള ഉപാദാനങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുന്ന അക്കാദമിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടും ആയിരുന്നില്ല. മറിച്ച്‌ പ്രസ്തുത ഉല്‍കൃഷ്ട ഗ്രന്ഥം പിറവിയെടുത്തത്‌, തന്റെ മഹല്‍ലക്ഷ്യത്തിനായുള്ള കഠിനപോരാട്ടത്തിന്റെ ഫലമായി, സങ്കല്‍പ്പത്തിനതീതമായ, കൊടുംയാതനകള്‍ ഏറ്റുവാങ്ങിയ ഒരു മഹാനായ വിപ്ലവകാരിയുടെ രക്തമിറ്റു വീഴുന്ന തൂലികയില്‍ നിന്നാണ്‌. ആ ഗ്രന്ഥത്തിന്റെ പ്രഭാവം മറ്റനേകം വിപ്ലവകാരികള്‍ക്ക്‌ ബീജാവാപം നടത്തുകയും ചെയ്തു. അതിന്റെ തന്നെ ചരിത്രപ്രാധാന്യത്തിനെ സാധൂകരിച്ചുകൊണ്ട്‌, പാര്‍ലമെന്റ്‌ സെന്‍ട്രല്‍ ഹാള്‍ ചരിത്രപുരുഷന്മാരുടേയും സ്ത്രീകളുടേയും ഛായാചിത്രങ്ങളാല്‍ അലംകൃതമായിരിക്കുന്നു: സി.രാജഗോപാലാചാരി, നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌, ബാലഗംഗാധര തിലക്‌, ലാലാ ലജ്പത്‌ റായി, പണ്ഡിറ്റ്‌ മോത്തിലാല്‍ നെഹ്‌റു, ദാദാഭായി നവറോജി, സര്‍ദാര്‍ വല്ലഭഭായി പാട്ടേല്‍, ഡോ.ബി.ആര്‍.അംബേദ്കര്‍, ഡോ.ശ്യാമപ്രസാദ്‌ മുഖര്‍ജി, പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരുടെയൊക്കെ പടങ്ങളുണ്ട്‌ അവിടെ. ഹാളിലെ വിതാനിച്ച ഉയര്‍ന്ന പീഠത്തിന്‌ മുകളിലെ കമാനത്തിലാണ്‌ മഹാത്മാഗാന്ധിയുടെ ചിത്രം. ഗാന്ധിജിക്ക്‌ നേരെ എതിര്‍വശത്തായി 'സ്വാതന്ത്ര്യവീരന്‍' വിനായക ദാമോദര സവര്‍ക്കറുടെ ഛായാചിത്രവും. പാര്‍ലമെന്റ്‌ സെന്‍ട്രല്‍ ഹാളില്‍ ചിത്രമുള്ള ദേശീയനേതാക്കളുടെ ജന്മദിനങ്ങള്‍ക്ക്‌, ലോക്സഭാ സെക്രട്ടറിയേറ്റ്‌ എംപിമാര്‍ക്കൊക്കെ സെന്‍ട്രല്‍ ഹാളിലെത്തി ആ നേതാവിന്‌ പുഷ്പാഞ്ജലി സമര്‍പ്പിക്കാനുള്ള ക്ഷണക്കത്ത്‌ നല്‍കുന്നതില്‍ വീഴ്ച വരുത്താറില്ല. കഴിഞ്ഞ മെയ്‌ 28 നും എല്ലാ എംപിമാര്‍ക്കും ക്ഷണക്കത്തുകള്‍ ഔദ്യോഗികമായി അയക്കപ്പെട്ടിരുന്നു. ലോക്സഭാ ബുള്ളറ്റിന്‍ പാര്‍ട്ട്‌ രണ്ടില്‍ ഒരു നോട്ടീസും വന്നിരുന്നു. നല്ലൊരു സംഖ്യയില്‍ എംപിമാര്‍ അന്ന്‌ എത്തി. പക്ഷേ, കോണ്‍ഗ്രസില്‍നിന്നും ഒരേയൊരാളേ ഉണ്ടായിരുന്നുള്ളൂ: ബഹുമാനപ്പെട്ട സ്പീക്കര്‍ മീരാകുമാര്‍. 2003 ഫെബ്രുവരിയില്‍, പാര്‍ലമെന്റ്‌ സെന്‍ട്രല്‍ ഹാളില്‍ സ്വാതന്ത്ര്യവീരന്‍ സവര്‍ക്കറുടെ ഛായാചിത്രം അന്നത്തെ പ്രസിഡന്റ്‌ ഡോ.അബ്ദുള്‍ കലാം ഔപചാരികമായി അനാഛാദനം ചെയ്തതു മുതല്‍ ഇതുവരേക്കും കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രസ്തുത ചിത്രവുമായി ബന്ധപ്പെട്ട സകല പരിപാടികളെയും ബഹിഷ്ക്കരിച്ചു വരികയാകുന്നു. കോണ്‍ഗ്രസിന്റെ ഈ നടപടി തീര്‍ത്തും വിലക്ഷണവും നിര്‍ഭാഗ്യകരവുമാണെന്ന്‌ പറയാതെ വയ്യ. ഈ നിലപാട്‌ പുനഃപരിശോധിക്കണമെന്ന്‌ ഞാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയോട്‌ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.