കാലവര്‍ഷം ശക്തം; കടല്‍ക്ഷോഭം രൂക്ഷം

Sunday 9 June 2013 8:47 pm IST

കൊച്ചി: സംസ്ഥാനത്ത്‌ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. തലസ്ഥാന ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. കടല്‍ക്ഷോഭത്തില്‍ വീട്‌ നഷ്ടപ്പെട്ട 78 കുടുംബങ്ങളിലെ 280 ഓളം പേരെ താല്‍ക്കാലിക ദുരിതാശ്വസ ക്യമ്പിലേക്കു മാറ്റി. ഗവ. യുപി സ്കൂള്‍, ഫിഷറീസ്‌ സ്കൂള്‍, വലിയതുറ ഫോര്‍ട്ട്‌ ഓഫീസ്‌ എന്നിവടങ്ങളിലാണ്‌ ദുരിതാശ്വാസ ക്യാമ്പ്‌ ആരംഭിച്ചത്‌. മുട്ടത്തുറ, പേട്ട വില്ലേജുകളിലുള്ളവരെയാണ്‌ ക്യാമ്പില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്‌.
കഴിഞ്ഞ മൂന്നു ദിവസമായി ആരംഭിച്ച കടല്‍ക്ഷോഭം ഇന്നലെയും ശക്തമായി തുടര്‍ന്നു. പൂന്തുറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, ശംഖുമുഖം തീരങ്ങളിലാണ്‌ കടല്‍ക്ഷോഭം ശക്തമായത്‌. പുതുതായി നിര്‍മിച്ച കടല്‍ ഭിത്തിക്കു മുകളിലൂടെയാണ്‌ കടല്‍വെള്ളം കരയിലേക്ക്‌ അടിച്ചുകയറിയത്‌. 300 മീറ്ററോളം ദൂരത്തില്‍ കടല്‍ത്തീരം കടല്‍ വിഴുങ്ങി. ഇവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ കുടിലുകളും വള്ളവും വലയും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും കടലില്‍ ഒഴുകിപ്പോയി. എന്നാല്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളുടെയോ നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങളോ ശേഖരിക്കാന്‍ സര്‍ക്കാര്‍ മുതിരാത്തതും ശക്തമായ പ്രതിഷേധം മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. തിരുവനന്തപുരത്ത്‌ കൊച്ചുള്ളൂരില്‍ മഴയില്‍ വെയിറ്റിംഗ്‌ ഷെഡ്ഡിലേക്ക്‌ മരം വീണ്‌ ഒരാള്‍ മരിച്ചു.
കോഴിക്കോട്‌ ബേപ്പൂരിലും ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളുടെ തീരപ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്‌. നിരവധി വീടുകളിലേക്ക്‌ വെള്ളം അടിച്ചു കയറി. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്‌. നാളെ വരെ സംസ്ഥാനത്തും ലക്ഷദ്വീപിലും വ്യാപകമായ മഴ പെയ്യും. അടുത്ത 48 മണിക്കൂറിനുളളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക്‌ സാധ്യതയുളളതായി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിനുളളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55 വരെയാകാന്‍ സാധ്യതയുളളതിനാല്‍ മീന്‍ പിടിത്തക്കാര്‍ക്ക്‌ ജാഗ്രത നിര്‍ദ്ദേശം നല്‍കി. കണ്ണൂരിലും വടകരയിലുമാണ്‌ ഇന്നലെ കൂടുതല്‍ മഴ രേഖപ്പെടുത്തിയത്‌. ഇവിടെ 12 സെന്റീ മീറ്റര്‍ മഴരേഖപ്പെടുത്തി. പൊന്നാനിയില്‍11 സെ.മി, കോഴിക്കോട്‌, ഹോസ്ദുര്‍ഗ്ഗ്‌, കൊടുങ്ങല്ലൂര്‍ എന്നിവടങ്ങളില്‍ 9 സെ.മീറ്ററും മഴരേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.