സിപിഎമ്മിന്റെ അലമാരയിലെ അസ്ഥികൂടങ്ങള്‍

Monday 20 June 2011 9:12 pm IST

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുജനാധിപത്യ സര്‍ക്കാര്‍ പുറത്തായിരുന്നില്ലെങ്കില്‍ പശ്ചിമ മിഡ്നാപ്പൂരിലെ ജഡങ്ങളെക്കുറിച്ചുള്ള സത്യം ഒരിക്കലും വെളിച്ചം കാണില്ലായിരുന്നു.
ജൂണ്‍ 4ന്‌ സിപിഎം 'ഹര്‍മദ്‌' ആയ മദന്‍ സാന്ധ്ര-അയാള്‍ ആയിടെ പാര്‍ട്ടി വിട്ടിരുന്നു. ജില്ലയിലെസമീപസ്ഥലമായ മാലിക്‌ ഡാന്‍ഗയില്‍ ഒരു വയലില്‍നിന്ന്‌ നിരവധി ജഡങ്ങള്‍ കുഴിച്ചെടുത്തുവെന്ന്‌ ചിലരോട്‌ പറഞ്ഞു.
മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ കരുത്തനായ നേതാവുമായിരുന്ന സുശാന്താഘോഷിന്റെ വസതിയ്ക്കടുത്തായിരുന്നു പ്രസ്തുത ശരീരങ്ങള്‍ കുഴിച്ചിട്ടിരുന്നതെന്ന വസ്തുത അത്യന്തം ശ്രദ്ധേയമായി. ഈ തുറന്ന വെളിപ്പെടുത്തലില്‍ നിന്നാവേശമുള്‍ക്കൊണ്ട്‌ ഗ്രാമീണര്‍ പിന്നെയും കുഴിച്ചു. ഇത്തവണ കൂടുതല്‍ വികലമാക്കപ്പെട്ടവയും മണ്ണില്‍ കുതിര്‍ന്നവയുമായ കൂടുതല്‍ ജഡങ്ങള്‍ കണ്ടുകിട്ടി.
സിംഗൂര്‍, നന്ദിഗ്രാം പ്രദേശങ്ങളിലെ സംഭവങ്ങള്‍ക്കുശേഷം സിപിഎമ്മിനുണ്ടായിരുന്ന അധ്വാനിക്കുന്ന വര്‍ഗത്തിന്റെ പാര്‍ട്ടി എന്ന മേലങ്കി അഴിഞ്ഞുവീണു. മേല്‍പ്പറഞ്ഞ അസ്ഥികൂടങ്ങള്‍ പുറത്തുവന്നതോടെ ഇടതുപാര്‍ട്ടിയുടെ എന്നറിയപ്പെട്ടിരുന്നവരുടെ കപടകജനാധിപത്യസ്വഭാവം തുറന്നുകാട്ടപ്പെട്ടു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിന്റെ സിംഹഭാഗവും പശ്ചിമബംഗാളില്‍ഭരിച്ച പാര്‍ട്ടിയുടെ സ്റ്റാലിനിസ്റ്റ്‌ സ്വഭാവം തുറന്നുകാട്ടപ്പെട്ടപ്പോള്‍ അത്‌ പലതിന്റേയും തുടക്കമായി.
മുതിര്‍ന്ന സംസ്ഥാന കോണ്‍ഗ്രസ്‌ നേതാവും എഐസിസി അംഗവുമായ ഓംപ്രകാശ്‌ മിത്ര പറയുന്നു. "ഇത്‌ കടുത്ത സ്റ്റാലിനിസ്റ്റ്‌ സിപിഎം പാര്‍ട്ടിയുടെ ഒരു സംഭവമാണ്‌. ഇത്‌ മഞ്ഞ്‌ മലയുടെ അഗ്രം മാത്രം. 70 കളുടെ അവസാനം മുതല്‍ ഇതുപോലെ ആളുകളെ കാണാതായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. ഇവയില്‍ ശരിയായ അന്വേഷണം നടന്നാല്‍ അത്‌ രാജ്യത്തെ തന്നെ ഞെട്ടിക്കും." ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ദേബാസിംഗ്‌ ദത്തയും ഇതിനോട്‌ യോജിക്കുന്നു: "ക്രൂരമായ സംഭവങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്‌. ഇതിനുത്തരവാദികളായവരെ കണ്ടെത്തേണ്ടതുണ്ട്‌. അതിനുശേഷം നിയമം അതിന്റെതായ വഴിക്ക്‌ പോകണം."
ആര്‍എസ്പി ദേശീയ സെക്രട്ടറിയേറ്റ്‌ അംഗവും മുന്‍ എംപിയുമായ മനോജ്‌ ഭട്ടാചാര്‍ജി പറഞ്ഞു: "ഗൗരവമായ പുനശ്ചിന്ത വേണം". മുന്‍ സിപിഎം സഖ്യകക്ഷിയില്‍പ്പെട്ട അദ്ദേഹത്തിന്‌ കാര്യങ്ങള്‍ ശരിക്കറിയാം.
സിപിഎം നേതാവും ജംഗിള്‍മഹാല്‍ പ്രദേശത്തിന്റെ മുന്‍ വികസനമന്ത്രിയുമായ സുശാന്തഘോഷ്‌ മനസിലാക്കപ്പെട്ടിടത്തോളം ഒരു ആയുധപ്രേമിയാണ്‌. വിവാദപുരുഷനുമാണ്‌. പക്ഷേ, അത്‌ സിപിഎമ്മിന്റെ നല്ലകാലമായിരുന്നു.
പാര്‍ട്ടിക്ക്‌ അധികാരം നഷ്ടപ്പെടുന്നതുവരെ ഇതിനെപ്പറ്റിയെല്ലാം അന്വേഷണം ഉണ്ടായിരുന്നില്ലല്ലോ. പോലീസ്‌ വൃത്തങ്ങളില്‍ നിന്നറിയുന്നത്‌ ആ ഏഴ്‌ അസ്ഥികൂടങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടേതാണെന്നാണ്‌. 2002 സെപ്തംബര്‍ 22 ന്‌ അവരെ ഒരു വീട്ടില്‍നിന്ന്‌ വലിച്ചു പുറത്തുകൊണ്ടുവന്ന്‌ നിഷ്ഠുരമായി കൊല്ലുകയായിരുന്നു.
ഇത്‌ സംഭവിച്ചത്‌ 2002 ല്‍ സംസ്ഥാനം മുഴുവന്‍ സ്വാധീനം ചെലുത്തിയിരുന്ന പാര്‍ട്ടി അധികാരത്തിന്‌ പുറത്താക്കപ്പെടുന്നതിന്‌ ഒരു പതിറ്റാണ്ട്‌ മുന്‍പ്‌. പോലീസ്‌ 34 വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സ്വതന്ത്രമാണ്‌. അവര്‍ പറയുന്നത്‌ ഈ ശരീരങ്ങള്‍ സുശാന്താ ഘോഷിന്റെ ബെനാചാപ്രയിലെ വസതിക്കടുത്തുകൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു. പിന്നീടവ കുഴിച്ചെടുത്ത്‌ മാലിക്‌ പാറയില്‍ കൊണ്ടുപോയി കുഴിച്ചിട്ടു. ഘോഷിന്റെ വസതിയില്‍നിന്ന്‌ കുറച്ചകലെ ചെളിയില്‍.
ഇപ്പോള്‍ സിപിഎം നേതാക്കള്‍ അധികാരത്തിന്‌ പുറത്ത്‌. അതിനാല്‍ പോലീസ്‌ മുന്‍പ്‌ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്നു. അവര്‍ സുശാന്താ ഘോഷ്‌, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം തരുണ്‍ റോയ്‌, ജില്ലാ കമ്മറ്റി അംഗം എന്‍താസ്‌ അലി (കേസ്പൂര്‍) എന്നിങ്ങനെ 39 പേര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഒരു തൃണമൂല്‍ നേതാവ്‌ പറയുന്നു: "സിപിഎം ഹര്‍മദ്‌ തലവനും മുന്‍മന്ത്രിയുമായ സുശാന്താ ഘോഷിനെയും 39 സഹപ്രവര്‍ത്തകരേയും ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പോളിറ്റ്‌ ബ്യൂറോയും ഘോഷിനേയും എഐകെസ്‌ നേതാവ്‌ തരുണ്‍ റോയിയേയും സിപിഎം മേഖല സെക്രട്ടറി ഇന്‍താസ്‌ അലിയേയും പാര്‍ട്ടിക്ക്‌ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുമോ?" തീരെ സാധ്യതയില്ല.
ഈ കൊലകള്‍ സിപിഎം അതിക്രമങ്ങളുടെ പണ്ടോര പേടകം തന്നെ തുറക്കുമോ? അതുവഴി പാര്‍ട്ടി വിരുദ്ധരെ അടിച്ചമര്‍ത്തിയ കാര്യങ്ങളും പുറത്തുവരുമോ? എന്നാല്‍ സ്വന്തം തെറ്റുകളെ ന്യായീകരിക്കുന്ന സിപിഎം പതിവ്‌ ഒരു പ്രത്യേക ഇനം തന്നെയാണ്‌. വിദഗ്ദ്ധര്‍ ഓര്‍ക്കുന്നത്‌ ഭൂരഹിതമായ 6 കര്‍ഷകത്തൊഴിലാളികളെ കൊന്നതിന്‌ 44 സഖാക്കളെ ശിക്ഷിച്ചപ്പോള്‍ പാര്‍ട്ടി അവരെ നാണംകെട്ടരീതിയില്‍ ന്യായീകരിച്ചതാണ്‌. ബിര്‍ഭൂണ്‍ ജില്ലയിലെ നാനൂരിലുള്ള സച്ച്പൂരിലെ കര്‍ഷകത്തൊഴിലാളികളെയാണ്‌ സഖാക്കള്‍ കൊന്നു എന്ന്‌ ആരോപിക്കപ്പെട്ടത്‌.
ഈ കേസില്‍പ്പെട്ട സഖാക്കളെ സിപിഎം പുറത്താക്കിയില്ല. ഇതുതന്നെയാണ്‌ സിംഗൂരിലെ രണ്ട്‌ മുതിര്‍ന്ന സിപിഎം നേതാക്കളുടെ കാര്യത്തിലും സംഭവിച്ചത്‌. മുന്‍ മേഖല സെക്രട്ടറി സുഹൃത്‌ ദത്തയും അനുയായി ദേബുമാലിക്കും ടീനേജുകാരിയായ താപസി മാലികിനെ മാനഭംഗപ്പെടുത്തിയതിനാണ്‌ കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തിയത്‌.
സംസ്ഥാന സിപിഎം നേതൃത്വം രണ്ട്‌ സഖാക്കളേയും പാര്‍ട്ടിയുടെ "സമ്പത്തായാണ്‌" അവതരിപ്പിച്ചത്‌. അതിനാല്‍ മേല്‍ക്കോടതിയില്‍ പോകാന്‍ ആഗ്രഹിച്ചെങ്കിലും നടപ്പിലായില്ല.
നിര്‍ണായക ചോദ്യം ആരാണ്‌ ജോസഫ്‌ സ്റ്റാലിന്റെ ലാവ്രന്റി ബെരിയ ആകുക എന്നാണ്‌. ബെരിയയാണ്‌ സ്റ്റാലിനുവേണ്ടിയുള്ള സ്വകാര്യ-രാഷ്ട്രീയ കൊലപാതകങ്ങള്‍ സംഘടിപ്പിച്ചിരുന്നതും പിന്നീട്‌ രഹസ്യപോലീസിന്റെ ഭയങ്കരനായ തലവനായതും. അത്‌ സുശാന്ത ഘോഷാണോ? ഇടതുപക്ഷ വിരുദ്ധ നയങ്ങളുള്ള മമതാ ബാനര്‍ജി മുഖ്യമന്ത്രിയായതോടെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പല കളങ്കങ്ങളും താമസിയാതെ പുറത്തുവരും.
തൃണമൂല്‍ കോണ്‍ഗ്രസ്‌ 1977 നും 2011 നും ഇടയ്ക്ക്‌ നടന്ന 'വംശഹത്യ'കള്‍ പുറത്തുകൊണ്ടുവരാന്‍ എല്ലാ സാധ്യതയുമുണ്ട്‌. അതില്‍ അത്ഭുതം വേണ്ട. സുന്ദര്‍ബന്‍സിലെ മാരിഝാംപിയില്‍ 1978 ല്‍ നടന്ന കൊലകളെപ്പറ്റി മുതല്‍ അന്വേഷണം നടത്തണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. 1970 മാര്‍ച്ചിന്‌ സാനിബാരിയില്‍ നിഷ്ഠൂരമായ കൊലകള്‍ നടന്നപ്പോള്‍ സിപിഎമ്മിന്റെ ഉയര്‍ന്ന കര്‍ഷകനേതാവും കറയറ്റ സഖാവുമായ ബര്‍ദ്വാന്‍ ജില്ലയിലെ ഹരേകൃഷ്ണ കോനാര്‍ ബ്രിഗേഡ്‌ പരേഡ്‌ ഗ്രൗണ്ടില്‍ വന്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു. "1970 മാര്‍ച്ച്‌ 17ന്‌ ബര്‍ദ്വാന്‍ പട്ടണത്തില്‍ നടന്ന സംഭവത്തില്‍ ഞാന്‍ സന്തുഷ്ടനാണ്‌."
നന്ദിഗ്രാമില്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ കഴുത്തില്‍ കുടുക്കിടുമെന്ന്‌ കോനാരുടെ ഇളയ സഹോദരന്‍ പറഞ്ഞതില്‍ എന്തത്ഭുതം? പാര്‍ട്ടിയെപ്പറ്റി നാല്‌ പതിറ്റാണ്ടുകളായി പ്രചരിക്കുന്ന വികാരങ്ങളെ കണക്കാക്കാതെ അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു. "നാം നാലുഭാഗത്തുനിന്നും നന്ദിഗ്രാം വളയും. അവരുടെ ജീവിതം നരകതൂല്യമാവുകയും ചെയ്യും."
ഏറ്റവും വലിയ ഫാസിസ്റ്റിന്‌ പോലും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്‌ സിപിഎമ്മിന്റെ പൂര്‍വകാല റിക്കാര്‍ഡ്‌: 250 കസ്റ്റഡിമരണങ്ങള്‍, 450 പേര്‍ ജയിലിലില്ല, 800 പേര്‍ ലോക്കപ്പില്‍, 34 വര്‍ഷത്തെ ഇടതുഭരണത്തിന്‍ കീഴില്‍ നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍. നിക്ഷ്പക്ഷമായ കണക്കെടുത്താല്‍ സിപിഎമ്മിന്റെ ഹിറ്റ്ലിസ്റ്റ്‌ ഇവിടെ തുടങ്ങുന്നില്ല, കഴിയുന്നുമില്ല. അതില്‍ സുന്ദര്‍ബാന്‍സിലെ മാരിഝാംപിയില്‍ 1978 ലുണ്ടായ സംഭവവും 1982 ല്‍ കൊല്‍ക്കത്തയിലെ ആനന്ദമാര്‍ഗികളെ കൂട്ടത്തോടെ ചുട്ടതും ഒക്കെപ്പെടും.
അത്തരം അസ്ഥികൂടങ്ങള്‍ പുറത്തേക്ക്‌ നീണ്ടുവരും എന്നതിന്‌ സംശയമില്ല. ഇപ്പോള്‍ റൈറ്റേഴ്സ്‌ ബില്‍ഡിംഗില്‍ ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയും വന്നുകഴിഞ്ഞുവല്ലോ. കേസുകളില്‍ കൂടുതലും സിംഗൂരില്‍ നിന്നായിരിക്കും.
2007 ല്‍ സിംഗൂരില്‍ നടന്ന കൊലകളും നന്ദിഗ്രാമില്‍ നടന്ന കൂട്ടമാനഭംഗങ്ങളും സൂക്ഷ്മദൃക്കായ മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഗോപാലകൃഷ്ണഗാന്ധിയെ വല്ലാതെ സ്പര്‍ശിച്ചു. 2007 മാര്‍ച്ച്‌ 14 ന്‌ നന്ദിഗ്രാമില്‍ 14 നിരായുധരായ ഗ്രാമീണരുടെ വധം നടന്നപ്പോള്‍ (അന്ന്‌ കാള്‍മാര്‍ക്സിന്റെ 124-ാ‍ം ചരമദിനവുമായിരുന്നു) ഗവര്‍ണര്‍ പറഞ്ഞത്‌ അത്‌ "നിഷ്ഠൂരമായ ഭീകരത" എന്നാണ്‌.
സിപിഎമ്മിന്റെ കൈകള്‍ എവിടംവരെ എത്തുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌. പശ്ചിമ മിഡ്നാപ്പൂരില്‍ കണ്ടെത്തിയത്‌ ആദ്യസംഭവമല്ല. ഈ വര്‍ഷം മെയ്‌ 19 ന്‌ അതുപോലെ തന്നെയുള്ള ഒരു കൂട്ടശവക്കുഴി കണ്ടെത്തി-മിഡ്നാപ്പൂരിലെ കനകാബാദി ഗ്രാമത്തില്‍ സിപിഎം പാര്‍ട്ടി ഓഫീസിന്‌ സമീപം. ഇവിടെയാണ്‌ 2008 ല്‍ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന്‌ സിപിഎം ശപഥം ചെയ്തത്‌. കടുത്ത ശാരീരികാക്രമണ ഭീഷണിമൂലം മാവോയിസ്റ്റുകള്‍ സ്ഥലം വിട്ടു.
കനകാബാദിയിലെ ജഡങ്ങള്‍ ആരുടേതാണ്‌ എന്നതിനെക്കുറിച്ച്‌ പോലീസിന്‌ ഇപ്പോഴും അറിവൊന്നും കിട്ടിയിട്ടില്ല. അവര്‍ മാവോയിസ്റ്റുകളായിരുന്നോ എന്നൊന്നും ആര്‍ക്കുമറിയില്ല. വൈകിയാണെങ്കിലും പോലീസ്‌ അന്വേഷണത്തിലൂടെ വേണം കണ്ടെത്താന്‍.
മലിക്ദംഗയില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകന്റെ ശരീരം തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇതിനുമുന്‍പ്‌ രണ്ട്‌ ശരീരങ്ങള്‍ വീണ്ടെടുത്തിരുന്നു. ഒരാള്‍ പോലീസ്‌ ഓഫീസര്‍. മറ്റൊരാള്‍ എന്‍ജിഒ പ്രവര്‍ത്തകനും. മാവോയിസ്റ്റുകള്‍ ഈ കൊലകളില്‍ തങ്ങള്‍ക്കുണ്ടെന്നാരോപിച്ച കുറ്റങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും സിപിഎമ്മും പോലീസും ആരോപണം തുടരുന്നു.
ഒരു മാവോയിസ്റ്റ്‌ വക്താവ്‌ ടിഎസ്‌ഐയോട്‌ പറഞ്ഞു: "രണ്ടുപേരെയും സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി കൊന്നു. പോലീസ്‌ നടപടികളെപ്പറ്റി അവര്‍ തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍, ആരോപണം ഞങ്ങള്‍ക്കെതിരായാണ്‌ ഉയര്‍ന്നത്‌".
ഭരണമാറ്റത്തിന്‌ ശേഷം ജനങ്ങള്‍ ആശ്വസിക്കുകയാണ്‌. വിവിധ സിപിഎം കേന്ദ്രങ്ങളില്‍നിന്ന്‌ ആയുധശേഖരങ്ങള്‍ കണ്ടെടുക്കപ്പെടുമ്പോള്‍ ആശ്വാസം വര്‍ധിക്കുന്നു. ഗാര്‍ബേഡ, സല്‍ബോണി, കേഷ്പൂര്‍, മിഡ്നാപൂര്‍, ഘരാഗ്പൂര്‍ (പശ്ചിമ മെദിനിപൂര്‍) ഡന്‍ടന്‍, പതാപൂര്‍ (പൂര്‍വ മെദിനിപൂര്‍) ജോയ്പൂര്‍, കോടുല്‍പൂര്‍ (ബങ്കുറ) അരംബാഗ്‌ മേഖലയിലെ (ഹൂഗ്ലി)എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലായിരുന്നു ആയുധശേഖരങ്ങള്‍. ഗാര്‍ബേഡ ഈ പ്രദേശങ്ങളുടെ മധ്യത്തിലായിരുന്നു. ഹര്‍മദ്‌ വാഹിനിയുടെ നേതൃത്വം വഹിച്ചിരുന്നത്‌ സുശാന്താ ഘോഷായിരുന്നുവെന്ന്‌ പി.ചിദംബരം മുന്‍ മുഖ്യമന്ത്രി ബുദ്ധദേവിന്‌ അയച്ച കത്തുകളില്‍ പറയുന്നു. 2002 ലെ ഛോട്ടാ-അന്‍ഗേറിയ കൂട്ടക്കുരുതിയില്‍ 11 തൃണമൂല്‍ പ്രവര്‍ത്തകരാണ്‌ ബക്നാര്‍ മൊണ്ഡാലിന്റെ ഭവനത്തില്‍ വധിക്കപ്പെട്ടത്‌. ആ സംഭവത്തിലെ മുഖ്യപ്രതിയും ഘോഷാണ്‌.
ഷുക്കൂര്‍ അലിയും മന്ത്രി സഹോദരന്‍ തപന്‍ഘോഷുമാണ്‌ പ്രസ്തുത ആക്രമണം നയിച്ചതെന്ന്‌ പാര്‍ട്ടിക്കാര്‍ പറയുന്നു. അടുത്തകാലത്ത്‌ ഛോട്ടോ അന്‍ഗേറിയ കേസിലെ മുഖ്യപ്രതിയായ ദില്‍ മുഹമ്മദിന്റെ അറസ്റ്റിനും ബക്താര്‍ മൊണ്ഡാലിന്റെ തുറന്ന പ്രസ്താവനകള്‍ക്കും ശേഷം (സംസ്ഥാനത്ത്‌ പുതിയ സര്‍ക്കാര്‍ വരുകയും ചെയ്തപ്പോള്‍)സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നു.
നന്ദിഗ്രാമില്‍നിന്ന്‌ മുറിവേറ്റ്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇതേ തപന്‍ഘോഷും ഷുക്കൂര്‍ അലിയുമാണ്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടതെന്നത്‌ കൗതുകകരമാണ്‌. കൊല്‍ക്കത്ത ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ്‌ ബി.പി.ബാനര്‍ജി പറഞ്ഞത്‌ രാഷ്ട്രീയമായി നിരോധിക്കപ്പെടാനുള്ള എല്ലാ മാനദണ്ഡങ്ങളും സിപിഎം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നാണ്‌. മാറിയ സാഹചര്യം സുശാന്തഘോഷിന്റെ മടിച്ചുനില്‍ക്കുന്ന അനുയായികളെ കാര്യങ്ങള്‍ അംഗീകരിപ്പിച്ച്‌ ഗ്രാമീണരെ സഹായിക്കാന്‍ നിര്‍ബന്ധിതരാക്കി. സിപിഎം വര്‍ഷങ്ങളായി വളര്‍ത്തിക്കൊണ്ടിരുന്ന സ്റ്റാലിനിസ്റ്റ്‌ സംസ്കാരം ഇന്ന്‌ തകരുകയാണ്‌. വരുംകാലത്ത്‌ അത്‌ ഇനിയും വര്‍ധിക്കും.
-ചന്ദ്രശേഖര്‍ ഭട്ടാചാര്‍ജി


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.