നീരജ്‌ വധം: ജെറോമിന്റെ ഹര്‍ജി സ്വീകരിച്ചു

Friday 5 August 2011 8:23 pm IST

മുംബൈ: നീരജ്‌ ഗ്രോവര്‍ വധക്കേസില്‍ അറസ്റ്റിലായ മലയാളി നാവിക ഉദ്യോഗസ്ഥന്‍ എമിലി ജെറോം തനിക്ക്‌ ശിക്ഷാ ഇളവ്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി സ്വീകരിച്ചു. ഇയാളുടെ ജാമ്യഹര്‍ജിയില്‍ കോടതി രണ്ടാഴ്ചക്കകം വാദം കേള്‍ക്കുമെന്നാണ്‌ സൂചന. ഗ്രോവര്‍ വധക്കേസില്‍ പത്തുവര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ്‌ ഗ്രോവര്‍.
ഇതേസമയം കേസിലെ പ്രതികളായ ജെറോമിനും കാമുകി മരിയ സുസൈരാജിനും ലഭിച്ച ശിക്ഷ അപര്യാപ്തമാണെന്ന്‌ മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്‌. വിചാരണക്കൊടുവില്‍ ജെറോമും മരിയക്കെതിരായ പരാമര്‍ശങ്ങളുമായി രംഗത്തുവന്നിരുന്നു. തന്നെ കെണിയില്‍പ്പെടുത്തിയിട്ട്‌ മരിയ രക്ഷപ്പെടുകയായിരുന്നുവെന്നാണ്‌ ഇയാളുടെ വാദം. തെളിവ്‌ നശിപ്പിച്ചതിന്‌ മൂന്നുവര്‍ഷത്തെ തടവുശിക്ഷക്ക്‌ വിധിക്കപ്പെട്ട മരിയ അടുത്തിടെ സ്വതന്ത്രയായിരുന്നു.
മാധ്യമപ്രവര്‍ത്തകനായ നീരജ്‌ ഗ്രോവറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം വനാന്തരങ്ങളില്‍ തള്ളിയ സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.