രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

Tuesday 11 June 2013 11:18 am IST

മുബൈ: വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഒരു ഡോളറിന് 58.36 രൂപയായാണ് വിലയിടിഞ്ഞ് വീണ്ടും റെക്കോഡിട്ടട്ടത്. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയാണ് രൂപയുടെ മൂല്യം ഇടിയുന്നത്. തിങ്കളാഴ്ച 58.16 വരെ താഴ്ന്ന ശേഷം 58.15 എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തത്. ഒറ്റദിവസം കൊണ്ട് 110 പൈസയുടെ ഇടിവാണ് തിങ്കളാഴ്ച നേരിട്ടത്. ഡോളറിന്റെ ഡിമാന്‍ഡ് ഉയര്‍ന്നതാണ് രൂപയുടെ വില ഇടിവിന് വഴിവെയ്ക്കുന്നത്. അമേരിക്കയില്‍ തൊഴിലവസരം വര്‍ധിക്കുന്നതും മറ്റും ഡോളറിന് കരുത്തു പകരുന്നുണ്ട്. കഴിഞ്ഞ ആറ് ആഴ്ച കൊണ്ട് ഒമ്പതു ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. മൂല്യം കുറയുന്നതോടെ ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയരും. എന്നാല്‍ കയറ്റുമതി മേഖലയെ സംബന്ധിച്ച് ഉണര്‍വ് പകരുന്നതായിരിക്കും ഇത്. ആഭ്യന്തര സാമ്പത്തിക അരക്ഷിതാവസ്ഥയും രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് കുറഞ്ഞതും രൂപയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 60 വരെ എത്താനുള്ള സാധ്യത വിദഗ്ദര്‍ തള്ളിക്കളയുന്നില്ല. രൂപയുടെ മൂല്യം തിരിച്ചു പിടിക്കാന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.