ശ്രേഷ്ഠഭാഷാ പദവി നിലനിര്‍ത്താന്‍

Tuesday 11 June 2013 8:40 pm IST

നമ്മുടെ മാതൃഭാഷക്ക്‌ ലഭിച്ച ള്രേഷ്ഠഭാഷാപദവി അമ്മയുടെ അന്തസ്സും അഭിമാനവും അംഗീകൃതമായെന്ന ചാരിതാര്‍ത്ഥ്യമാണ്‌ ഭാഷാഭിമാനികള്‍ക്ക്‌ സമ്മാനിക്കുന്നത്‌. മലയാളമെന്ന്‌ മൊഴിയുന്ന ഈ സന്മൂഹര്‍ത്തത്തെ കൃതാര്‍ത്ഥതയോടെ നോക്കിക്കാണുമ്പോഴും ചില സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു. മലയാളം ശ്രേഷ്ഠഭാഷയാണെന്ന്‌ മലയാളിക്ക്‌ എന്നെങ്കിലും തോനിയിട്ടുണ്ടോ എന്നതാണ്‌ അതിലൊന്നാമത്തത്‌. നിന്ദയും അവഗണനയും സഹിച്ചു കഴിഞ്ഞുപോന്ന നമ്മുടെ പെറ്റമ്മയോട്‌ എപ്പോഴെങ്കിലും നമ്മള്‍ മലയാളികള്‍ക്ക്‌ ഭക്തിയും ആദരവും തോന്നിയിട്ടുണ്ടോ? അങ്ങനെ അല്ലാത്തിടത്തോളം ഈ ശ്രേഷ്ഠഭാഷാപദവികൊണ്ട്‌ ആര്‍ക്കെന്ത്‌ പ്രയോജനം?
മനുഷ്യന്റെ അമൂല്യസമ്പത്തുകളില്‍ പ്രധാനം സ്വന്തം ഭാഷയാണ്‌. മാതൃഭാഷ. ചരിത്രവും സംസ്കാരവും എന്നതുപോലെ ഒരു ജനസഞ്ചയത്തിന്റെ ഭാവികൂടിയാണ്‌ നിര്‍ണ്ണയിക്കുന്നത്‌. ഭാഷയില്ലെങ്കില്‍ ജീവിതത്തിന്‌ പുരോഗതിയില്ല. അങ്ങനെ നോക്കുമ്പോള്‍ മലയാളിസമൂഹം വേരറ്റുപോയ വെറും ജനക്കൂട്ടം മാത്രമായിത്തീരുന്നു. സ്വന്തം മാതൃദേശത്ത്‌ മലയാളിയെ സംബന്ധിച്ച്‌ പുരോഗതി എന്നത്‌ ആപേക്ഷികമാണ്‌. പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട, അടിമത്ത മനോഭാവത്തിലൂന്നിയ ഉപഭോക്താവ്‌ മാത്രമാണ്‌ ഇന്ന്‌ മലയാളിസമൂഹം. അതുകൊണ്ട്‌ സ്വന്തം ഭാഷയുടെ വേരറ്റുപോയാലും അത്‌ മലയാളിയെ അലട്ടുന്നില്ല. കാരണം, ഭാഷയും അവന്‍ വിലയ്ക്കുവാങ്ങി ഉപയോഗിക്കുന്ന ഉപഭോക്താവായിത്തീര്‍ന്നിട്ട്‌ കാലമേറെയായി. വിദ്യാഭ്യാസ കമ്പോളത്തില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന വിദേശഭാഷയോടാണ്‌ മലയാളിക്ക്‌ മമത. അങ്ങനെയുള്ള മലയാളിക്ക്‌ മലയാളത്തിന്‌ ശ്രേഷ്ഠഭാഷാപദവി നല്‍കിയാലെന്ത്‌, നല്‍കിയില്ലെങ്കിലെന്ത്‌?
സ്വന്തം ഭാഷയുടെ അഭിവൃദ്ധിക്കുവേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്യുന്നവരാണ്‌ കേരളീയരൊഴിച്ചുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനക്കാര്‍. അതില്‍ പരമപ്രധാനമാണ്‌ മാതൃഭാഷാ സര്‍വകലാശാലകള്‍. നമ്മുടെ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും അതുപോലെ ആന്ധ്രാപ്രദേശിലുമൊക്കെ മുമ്പുതന്നെ മാതൃഭാഷാ സര്‍വകലാശാലകള്‍ രൂപവല്‍കൃതമായി. എന്നാല്‍, അങ്ങനെയൊരു ബോധോദയം നമുക്കുണ്ടായത്‌ ഈയടുത്ത കാലത്താണ്‌. 2012 നവംബര്‍ 1 ന്‌ മലയാള സര്‍വകലാശാല യാഥാര്‍ത്ഥ്യമായി. കേരളീയരുടെ ചിരകാലാഭിലാഷം സഫലമായെങ്കിലും പ്രതിബന്ധങ്ങള്‍ അതിനെ തുറിച്ചുനോക്കുന്നു.
മലയാളത്തിന്റെ ശ്രേഷ്ഠഭാഷാപദവിക്ക്‌ പിന്തുണ എത്രമാത്രമായിരിക്കുമെന്നും കണ്ടറിയണം. തമിഴിനും തെലുങ്കിനും തെലുങ്കിനും കന്നഡത്തിനും ശ്രേഷ്ഠഭാഷാപദവിയും അനുബന്ധനേട്ടങ്ങളും കൈവരിക്കാനായത്‌ സ്വന്തം ഭാഷാ സര്‍വകലാശാലകളില്‍ നടന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക നവീകരണ പ്രവര്‍ത്തനങ്ങളുടെ കൂടി കാര്യത്തിന്റെ അടിസ്ഥാനത്തിലാണ്‌. കേരളത്തില്‍ ഇങ്ങനെയൊന്നും നടക്കുന്നതേയില്ല. മാതൃഭാഷയോട്‌ ചിറ്റമ്മനയംതനെനയാണ്‌ ഇപ്പോഴും കേരളത്തിലെ വിദ്യാലയങ്ങള്‍ തുടരുന്നത്‌. അവരെ സംബന്ധിച്ച്‌ മലയാളം ഒന്നാംഭാഷയോ ഒന്നാന്തരം ഭാഷയോ എന്നത്‌ പ്രസക്തമല്ല.
സങ്കരസംസ്കാരത്തിന്റെ സന്തതികളായിപ്പിറക്കുന്ന പുതുതലമുറക്ക്‌ മലയാളമെന്നൊരു ഭാഷയുള്ളതായിത്തന്നെ അറിയില്ല. മലയാളിക്ക്‌ സ്വന്തം വേര്‌ നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണിത്‌. വേരുകള്‍ ഇല്ലാതാകുമ്പോള്‍ ഉറച്ചുനില്‍ക്കാനാവാതെ വരും. കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ അതാണ്‌. ഇവിടത്തുകാര്‍ പുറത്തും, പുറത്തുള്ളവര്‍ അകത്തും എന്ന സ്ഥിതിവിശേഷമാണ്‌ ഇപ്പോള്‍ കേരളത്തിലുള്ളത്‌. ഇങ്ങനെയാകുമ്പോള്‍ നമ്മുടെ സംസ്കാരത്തിന്‌ ചോര്‍ച്ചയും വന്നുകയറുന്നതിനോട്‌ വിധേയത്വവും അനിവാര്യമായിത്തീരും. അത്‌ ഒട്ടും ആശാവഹമല്ല. ഈ ദുഃസ്ഥിതി മാറണമെങ്കില്‍ തീര്‍ച്ചയായും നമ്മുടെ കുട്ടികള്‍ കേരളത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവുമൊക്കെ ശ്രദ്ധയോടെ, നിരീക്ഷണപാടവത്തോടെ പഠിച്ചെടുക്കണം. അതിന്‌ മാതൃഭാഷയില്‍ ഊന്നിയ വിദ്യാഭ്യാസമാണ്‌ അത്യാവശ്യം. അതിലുപരി, നമ്മുടെ സാംസ്കാരിക ചൈതന്യത്തിന്റെ ഫലപ്രദമായ വിനിമയവും ഭംഗിയായി നടക്കണം. അതിന്‌ ഉത്കൃഷ്ടമായ ലക്ഷ്യധര്‍മ്മങ്ങളും ഉന്നതനിലവാരമുള്ള ഭാഷാസംസ്കാരം വളര്‍ത്തിയെടുക്കാനുള്ള ഉദ്യമമാണ്‌ പ്രഥമഗണനീയമായിട്ടുള്ളത്‌.
ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നതിനുവേണ്ടി മലയാളത്തിന്റെ പഴക്കത്തെയും മറ്റ്‌ ഭാഷാസമ്പത്തുകളെയുംകുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത്‌ പല പുതിയ കണ്ടെത്തലുകളിലേക്കാണ്‌. മലയാളത്തിന്റെ പഴക്കം നാം വിചാരിച്ചതുപോലെ ആറോ ഏഴോ നൂറ്റാണ്ടല്ല. അതിന്റെ ഇരട്ടിയിലധികമാണ്‌. അതായത്‌, കന്നഡത്തിന്‌ ഏറെ പുറകിലുമല്ല, ഏതാണ്ട്‌ തെലുങ്കിനൊപ്പവുമാണ്‌ മലയാളം സ്വതന്ത്രഭാഷയാകാന്‍ തുടങ്ങിയത്‌. പക്ഷേ ആ ഭാഷകള്‍ക്ക്‌ അവിടത്തെ ജനങ്ങളും ഭരണകൂടങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന സ്നേഹപരിലാളനങ്ങളുടെ ഒരംശംപോലും കേരളത്തില്‍ മലയാളത്തിന്‌ കിട്ടുന്നില്ലെന്ന ദുഃഖസത്യം നാം വിസ്മരിക്കരുത്‌. മാതൃഭാഷാഭിവൃദ്ധിക്കുവേണ്ടിയുള്ള നിരന്തര ശ്രമങ്ങളിലൂടെയും മാതൃഭാഷാ സര്‍വകലാശാലകളിലെ ഗവേഷണപഠനങ്ങളിലൂടെയുമാണ്‌ ഇവര്‍ ഈ നേട്ടങ്ങളൊക്കെ കൈവരിച്ചത്‌. മറ്റുള്ളവരെക്കാള്‍ കേമന്മാരാണെന്ന്‌ നാം നടിക്കുന്നതുകൊണ്ടാണ്‌ ഇക്കാര്യങ്ങളിലൊക്കെ നാം അലസമനോഭാവം പുലര്‍ത്തുന്നത്‌.
ഇവിടെയാണ്‌ യഥാര്‍ത്ഥ ഭാഷാസ്നേഹികളുടെ കര്‍ത്തവ്യബോധം ഉണരേണ്ടത്‌. ഭാരതത്തിലെ മൂന്നരക്കോടിയോളം പേര്‍ സംസാരിക്കുന്ന മലയാളം ലോകത്തിലെ ഇരുപത്തിയാറാമത്തെ വലിയ ഭാഷയാണെന്ന അഭിമാനവും അതോടൊപ്പം ഭാരതത്തിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച്‌ ശ്രേഷ്ഠഭാഷകളിലൊന്നാണ്‌ മലയാളമെന്ന ആത്മബോധവും ഉള്ളില്‍ കെടാതെ സൂക്ഷിച്ച്‌ മലയാളഭാഷയുടെ നവോത്ഥാനത്തിന്‌ തങ്ങളാലാകുംവിധം പ്രയത്നിക്കണം.
എഴുത്തച്ഛന്‍, പൂന്താനം, കുഞ്ചന്‍നമ്പ്യാര്‍ തുടങ്ങിയവരുടെ കൃതികള്‍ക്കുണ്ടായിരുന്ന പ്രാമുഖ്യവും സാര്‍വജനീനതയും നഷ്ടമായിട്ടില്ലെന്ന തിരിച്ചറിവിലേക്ക്‌ നാം മടങ്ങിപ്പോകണം. രാമായണം, ഭാരതം മുതലായ ലോകോത്തരകൃതികളെ ഉപജീവിച്ചുള്ള രചനകള്‍തന്നെയാണ്‌ മലയാളത്തിലെ ക്ലാസിക്കുകള്‍. ഭാഷാപിതാവായ എഴുത്തച്ഛനെപ്പോലുള്ളവരാണ്‌ സംസ്കാരസ്ഥാപാകരും. സ്വത്വവാഹകരും ദൗര്‍ഭാഗ്യവശാല്‍, അത്തരം കൃതികളെയും ഈ കവീശ്വരന്മാരെയും യഥാക്രമം മതകൃതികളും മതസാഹിത്യകാരന്മാരുമായി ഇകഴ്ത്താനും തമസ്കരിക്കാനുമാണ്‌ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
അന്യവിശ്വാസസംബന്ധമായതെല്ലാം കൂടുതല്‍ മാന്യവും സ്വീകാര്യവുമായി കണക്കാക്കപ്പെടുന്നതോടൊപ്പമാണ്‌ മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. പൊതുവെ മലയാളത്തിനും കേരള സംസ്കാരത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും തെളിഞ്ഞും ശക്തിപ്രാപിച്ചുവരുന്നു. വിദേശഭാഷാ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിലും അകേരളീയവും അഭാരതീയവുമായ ഭാഷാസാഹിത്യ സംസ്കാരങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്നതിലും പ്രകടമാകുന്നത്‌ ഈ അജണ്ടയാണ്‌.
ഭാഷയില്‍ മാത്രമല്ല ഭക്ഷണം, വസ്ത്രധാരണം, പെരുമാറ്റം, ആചാരങ്ങള്‍ തുടങ്ങിയവയിലെല്ലാംകൂടി അകേരളീയമായ ഒരു സങ്കരസംസ്കാരമാണ്‌ ഇവിടെ പ്രബലമായിക്കൊണ്ടിരിക്കുന്നത്‌. ഇതിന്‌ ഒത്താശ ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍തന്നെയുണ്ടെന്ന്‌ കരുതാവുന്നതാണ്‌. ഇതുമൂലം നഷ്ടമാകുന്ന മലയാളിയുടെ സ്വത്വം വീണ്ടെടുക്കാന്‍ ഭാഷാസ്നേഹികളുടെ ഒത്തൊരുമക്കേ കഴിയൂ.
ശ്രേഷ്ഠഭാഷാപദവി വലിയൊരു ഉത്തരവാദിത്തമാണ്‌ മലയാളിയെ ഏല്‍പ്പിക്കുന്നത്‌. മാതൃഭാഷയെപ്പറ്റി തൊലിപ്പുറമെയുള്ള അഭിമാനം പ്രകടിപ്പിക്കലും ആഘോഷങ്ങള്‍ സംഘടിപ്പിക്കലും മാത്രമായി അവ അവശേഷിക്കരുത്‌. മലയാളത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വേണ്ടിയുള്ള തീവ്രമായ പ്രവര്‍ത്തനങ്ങളും നയരൂപീകരണവും നടത്തിയാല്‍ മാത്രമേ ഈ പദവിയുടെ ശ്രേഷ്ഠത നിലനിര്‍ത്താനാവൂ. നിരന്തസമ്മര്‍ദ്ദങ്ങളുടെ ഫലമായാണ്‌ പത്താംതരവരെ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയായി അംഗീകരിക്കപ്പെട്ടത്‌. കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളില്‍ മലയാളത്തിന്‌ ഇപ്പോഴും അയിത്തമാണ്‌. അത്‌ മാറ്റിയെടുക്കാനുള്ള സമ്മര്‍ദ്ദമാണ്‌ അടുത്ത ചുവടുവെയ്പ്‌. അതോടൊപ്പം കോടതിയിലും ശ്രേഷ്ഠഭഭാഷാപദവി ലഭിക്കാന്‍ മലയാളത്തിന്‌ മാന്യമായ സ്ഥാനം കല്‍പിച്ചുകിട്ടാന്‍ നാം ഇനിയും പ്രയത്നിക്കണം. ഇതിനൊക്കെ അത്യാവശ്യം മലയാളത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏകീകൃതസ്വഭാവവും അവയുടെ ഏകോപനവുമാണ്‌. സമഗ്രമായ ഒരു മാതൃഭാഷാനയം ഇവിടെ അത്യാവശ്യമാണ്‌. അതിലൂടെ മലയാളഭാഷയുടെ സമഗ്രവികസനത്തിന്‌ ഊന്നല്‍ നല്‍കാന്‍ സര്‍ക്കാര്‍തലത്തില്‍ മാത്രമല്ല, സാമൂഹികതലത്തിലും കഴിയുമെന്ന്‌ തെളിയിക്കാന്‍ ഭാഷാസ്നേഹികള്‍ ഒരുമയോടെ നീങ്ങണം. മത, രാഷ്ട്രീയ, സങ്കുചിത മനഃസ്ഥിതികള്‍ക്കപ്പുറത്ത്‌ ഒരു കാഴ്ചപ്പാട്‌ ഇക്കാര്യത്തില്‍ രൂപപ്പെടുത്തി എടുക്കുന്നതിലായിരിക്കണം ഭാഷാസ്നേഹികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്‌.
അതോടൊപ്പം യാതൊരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങില്ലെന്ന പ്രതിജ്ഞയോടൊയിരിക്കണം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാടുകളെടുക്കാന്‍. മലയാളഭാഷയുടെ കാര്യത്തിലെങ്കിലും, മത, രാഷ്ട്രീയവൈരുദ്ധ്യങ്ങള്‍ മറന്ന്‌ എല്ലാവരും ഒരുമിച്ചുനില്‍ക്കാന്‍ സന്നദ്ധരായാല്‍ത്തന്നെ അതില്‍പ്പരം മലയാളിക്ക്‌ അഭിമാനിക്കാന്‍ വേറെന്തുണ്ട്‌? ചരിത്രത്തിന്റെ താളുകളില്‍ മായാത്ത മുദ്ര ചാര്‍ത്താന്‍ അര്‍ഹതയുള്ള ഈ കര്‍ത്തവ്യത്തില്‍ തികഞ്ഞ ഔചിത്യത്തോടും വിശാലമായ കാഴ്ചപ്പാടോടും കൂടിയ ചുവടുവെയ്പുകളാണ്‌ ഉണ്ടാകേണ്ടത്‌.
ഡോ. എ.എം. ഉണ്ണികൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.