കാലവര്‍ഷം കലിതുള്ളി, അമയന്നൂരിലും മുണ്ടക്കയത്തും വന്‍ നാശം

Tuesday 11 June 2013 9:08 pm IST

അമയന്നൂര്‍/മുണ്ടക്കയം: ഇന്നലെ വൈകിട്ട് വീശിയടിച്ച കൊടുങ്കാറ്റില്‍ അമയന്നൂരില്‍ വ്യാപക നാശനഷ്ടം. ആറോളം വീടുകള്‍ തകര്‍ന്നു. അമ്പതുലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞും പിഴുതും വീണ് വൈദ്യുതി ബന്ധം താറുമാറായി. നാട്ടുകാരും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും മണിക്കൂറുകളോളം പണിപ്പെട്ടാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. രണ്ടു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വീശിയടിച്ച കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരയും ഷീറ്റുകളും വളരെ ദൂരേയ്ക്ക് പറന്നുവീണു. നീറിക്കാട് തൊട്ടിയില്‍ സുരേഷ്‌കുമാര്‍, അമയന്നൂര്‍ ഇടമനയില്‍ സരസമ്മ, അമയന്നൂര്‍ വടശേരില്‍ ഉമയമ്മ, ആയിരംനാരില്‍ സനല്‍കുമാര്‍, ആയിരം നാരില്‍ തങ്കച്ചന്‍, തെക്കേക്കര രാജേഷ്, വരകുമലയില്‍ ബൈജു, ചേരിയില്‍ രാജന്‍ എന്നിവരുടെ വീടുകള്‍ ഭാഗീകമായി തകര്‍ന്നു. അമയന്നൂര്‍ മഹാദേവക്ഷേത്രത്തിലെ 25ഓളം റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞും പിഴുതും നിലംപതിച്ചു. കളരിക്കല്‍ മോനപ്പന്‍, രാജന്‍ എന്നിവരുടെ വീടിനു മുകളിലേക്കും റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. ഇന്ദിരാ ഭവനില്‍ രാജപ്പന്‍നായരുടെ ജാതിയും പുളിമരവും എണ്ണക്കല്‍ ബാബുമാത്യുവിന്റെ ഷെഡ്ഡിനു മുകളിലേക്ക് റബ്ബര്‍ മരവും ഒടിഞ്ഞുവീണ് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. വരകുമലയില്‍ ബൈജുവിന്റെ ആഞ്ഞിലിമരം ഒടിഞ്ഞുവീണു. മലയോരമേഖലയില്‍ കാറ്റിലും മഴയിലും വന്‍ നാശം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പെയ്തിറങ്ങിയ മഴയും തുടര്‍ന്നുണ്ടായ കാറ്റുമാണ് മേഖലയില്‍ നാശം വിതച്ചത്. കാറ്റില്‍ മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു. ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പപ്പെട്ടു. വണ്ടന്‍പതാല്‍, അസംമ്പനി കുരിശിങ്കല്‍ ക്രിസ്റ്റി, നാലുസെന്റ് കോളനി പുതുപ്പറമ്പില്‍ പുഞ്ചിന്‍, കൊക്കയാര്‍, ആരുവേലില്‍ വര്‍ക്കി, കൊടികുത്തി മുടവേലില്‍ തെക്കൂറ്റിന്‍ സുഭാഷ്, വെംബ്ലി പുളിക്കല്‍ ഷാജി എന്നിവരുടെ വീടുകള്‍ മരം വീണ് തകര്‍ന്നു. കൊല്ലം -തേനി ദേശീയപാതയില്‍ കൊടികുത്തിക്കു സമീപം മരം വീണ് ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. മുണ്ടക്കയം - കൂട്ടിക്കല്‍ റോഡില്‍ നെന്മേനിക്കു സമീപം മരം ഒടിഞ്ഞുവീണ് 33 കെവി വൈദ്യുതി പോസ്റ്റില്‍ വീഴുകയും പോസ്റ്റ് ഒടിഞ്ഞ് റോഡില്‍ ഒരുമണിക്കൂറോളം ഗതാഗതതടസ്സം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്നിശമനസേനയെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 35-ാം മൈല്‍ റോഡിലും മരം ഒടിഞ്ഞുവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കൊടികുത്തി മുലംകുന്ന് മേഖലയില്‍ നിരവധിയിടങ്ങളില്‍ കൃഷിനാശവും സംഭവിച്ചു. തോട്ടം മേഖലയിലെ നിരവധി റബ്ബര്‍മരങ്ങളും കാറ്റില്‍ കടപുഴകി വീണു. കോരൂത്തോട് മേഖലയിലും കാറ്റിലും മഴയിലും നിരവധി കൃഷിയിടങ്ങളും വീടുകളും തകര്‍ന്നു. പ്രധാനമായും തോട്ടുവയില്‍ സജീവ്, പലപടിക്കല്‍ വിന്‍സെന്റ്, കോയിക്കല്‍ രുഗ്മിണിയമ്മ, ആയക്കല്‍ പെന്നമ്മ എന്നിവരുടെ വീടുകള്‍ കാറ്റില്‍ മരം വീണ് തകര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.