ജനപ്രതിനിധികള്‍ക്ക് നേരമില്ല; റോഡ് നന്നാക്കാന്‍ നാട്ടുകാര്‍

Tuesday 11 June 2013 9:15 pm IST

എരുമേലി: ജനപ്രതിനിധികളാരും തിരിഞ്ഞുനോക്കാതിരുന്ന റോഡാണ് പൊതുജനങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. കഴിഞ്ഞ നാലുവര്‍ഷമായി തകര്‍ന്നുകിടന്ന എരുത്വാപ്പുഴ-അരുവിക്കല്‍-മൂക്കന്‍പെട്ടി റോഡിന്റെ ഏറ്റവും കഠിനമായ ഭാഗമാണ് നാട്ടുകാര്‍ കോണ്‍ക്രീറ്റ് ചെയ്തത്. എരുത്വാപ്പുഴ- മൂക്കന്‍പെട്ടി ശബരിമല സീസണ്‍ സമാന്തരപാതയായി പ്രഖ്യാപിച്ച് റോഡിന്റെ പണികള്‍ക്കായി അന്നത്തെ എംഎല്‍എയായ അല്‍ഫോണ്‍സ് കണ്ണന്താനമാണ് ടെണ്ടര്‍ നല്‍കിയത്. തുടര്‍ന്ന് ഒരു കോടി രൂപ ചെലവഴിച്ച് റോഡിന്റെ ചിലഭാഗങ്ങള്‍ ടാറിംഗ് നടത്തികഴിഞ്ഞതോടെയാണ് റോഡ് നിര്‍മ്മാണം പ്രതിസന്ധിയിലാകുന്നത്. പിഡബ്ല്യൂഡി നിശ്ചയിച്ച പ്രകാരമുള്ള റോഡിന്റെ ഗതി മാറ്റിവിടാന്‍ ചിലര്‍ അണിയറയില്‍ ശ്രമം നടത്തിയതാണ് റോഡ് നിര്‍മ്മാണം നിലയ്ക്കാന്‍ കാരണമായത്. എരുമേലി ഗ്രാമപഞ്ചായത്തിന്റെ 13, 14 വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡായതിനാല്‍ വാര്‍ഡംഗങ്ങള്‍ പലതരം കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും നാട്ടുകാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അറുപതുപേര്‍ ചേര്‍ന്ന് നാലുദിവസത്തെ കഠിനമായ പ്രയത്‌നത്തിലൂടെ 120 മീറ്റര്‍ നീളത്തിലും 2 മീറ്റര്‍ വീതിയിലുമായി റോഡ് കോണ്‍ക്രീറ്റ് ചെയ്തു. പഞ്ചായത്തിന്റെ എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ് 85,000 രൂപ മാത്രമാണ് ചെലവായതെന്നും നാട്ടുകാര്‍ പറഞ്ഞു. ആകെ നാലര കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ ഒന്നേമുക്കാല്‍ കിലോമീറ്റര്‍ ദൂരം മാത്രമാണ് ടാറിംഗ് നടന്നത്. 150ലധികം പിന്നാക്ക വിഭാഗങ്ങള്‍ താമസിക്കുന്ന അരുവിക്കല്‍ കോളനിയെ ഒഴിവാക്കി പുതുതായി റോഡ് വെട്ടി ടാറിംഗ് നടത്താനുള്ള ചിലരുടെ ശ്രമത്തിനെതിരെ അന്നും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇക്കാര്യം ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍കടന്നുപോരുന്ന അപകടമേഖലയായ കണമല റോഡിന് സമാന്തരമായാണ് ഈ റോഡ് എരുത്വാപ്പുഴ-മൂക്കന്‍പെട്ടി വഴി കടന്നുപോകുന്നത്. എന്നാല്‍ പിഡബ്ല്യൂഡി ഏറ്റെടുത്ത റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ നിലച്ചതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും പറയുന്നു. ജനപ്രതിനിധികള്‍ ഉപേക്ഷിച്ച തകര്‍ന്ന റോഡ് ജനങ്ങള്‍ നന്നാക്കിയിട്ടും ബന്ധപ്പെട്ട സ്വന്തം വാര്‍ഡ് മെമ്പര്‍മാര്‍ പോലും തിരിഞ്ഞു നോക്കാതിരുന്നത് ജനങ്ങളെ ക്ഷുഭിതരാക്കിരിയിരിക്കുകയാണ്. ശബരിമല സീസണില്‍ സമാന്തര പാതയായി ഉപയോഗിക്കാവുന്ന റോഡിന്റെ തുടര്‍ന്നുള്ള പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സലീം, സോമനാഥപിള്ള, തോമസ്, വിനോദ്, രതീഷ്, മാത്യുജോസഫ്, ജോസഫ്, സുരേഷ്, ജേക്കബ്, സുമേഷ്, ജോര്‍ജ്ജ്, തുളസീധരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.