ചെയില്‍ഡ്‌ ലൈന്‍ കഴിഞ്ഞവര്‍ഷം മാത്രം മോചിപ്പിച്ചത്‌ 67 കുട്ടികളെ

Friday 5 August 2011 10:35 pm IST

കൊച്ചി: ചെയില്‍ഡ്‌ ലൈന്‍ പത്താം വാര്‍ഷികാഘോഷ വേളയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബോധവല്‍കരണ പരിപാടിക്ക്‌ രൂപം നല്‍കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത്‌. ജില്ലയില്‍ കുട്ടികളുടെ പ്രത്യേക സംഘം രൂപീകരിച്ച്‌ ബോധവല്‍കരണ പരിപാടികള്‍ കുട്ടികളിലൂടെ തന്നെ നടപ്പാക്കാനും ഉദ്ദേശ്യമുണ്ട്‌.
കഴിഞ്ഞ നവംബര്‍ മുതല്‍ 2011 ജൂണ്‍ വരെ ബാലവേലയില്‍ നിന്നും മറ്റും 67 കുട്ടികളെയാണ്‌ ചെയില്‍ഡ്‌ ലൈന്‍ മോചിപ്പച്ചത്‌. മോചിപ്പിക്കപ്പെടുന്ന കുട്ടികള്‍ക്കായി പ്രത്യേകപദ്ധതികള്‍ നടപ്പാക്കും. എറണാകുളം ചില്‍ഡ്രന്‍സ്‌ പാര്‍ക്കില്‍ പ്രത്യേക ആസ്വാദന സൗകര്യങ്ങളും ചലച്ചിത്ര പ്രദര്‍ശനവും ഇതിന്റെ ഭാഗമായി നടത്തുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌ പറഞ്ഞു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ വര്‍ധിക്കുന്ന അവസരത്തില്‍ മാതാപിതാക്കളെ ഉള്‍പ്പെടുത്തിയുള്ള ബോധവല്‍കരണത്തിന്‌ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനുള്ളില്‍ മൂന്ന്‌ ലക്ഷത്തിലധികം ഫോണ്‍ കോളുകള്‍ ചെയില്‍ഡ്ലൈന്‍ നമ്പറില്‍ വന്നതായി ചെയില്‍ഡ്ലൈന്‍ അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷത്തില്‍ മാത്രം 23 കേസുകളിലായി 30 കുട്ടികളെ ബാലവേലയില്‍ നിന്നും മോചിപ്പിച്ചു. ചെയില്‍ഡ്‌ ലൈനിന്റെ സഹായം എല്ലാ തലങ്ങളിലും എത്തിക്കുന്നതിനായി നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്റെ ഫണ്ടുപയോഗിച്ച്‌ ചെയില്‍ഡ്‌ ലൈന്‍ ഹെല്‍പ്പ്‌ നമ്പര്‍ വിതരണം ചെയ്യും. നിലവില്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷനുമായി ചേര്‍ന്ന്‌ സ്നേഹപൂര്‍വ്വം കുട്ടികളോടൊപ്പം എന്ന പരിശീലന പരിപാടി നടത്തുന്നുണ്ട്‌.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന്റെ ഭാഗമായി ബസ്സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പരിസരങ്ങളില്‍ പോലീസ്‌ പട്രോളിംഗ്‌ ഊര്‍ജ്ജിതമാക്കുമെന്നും കളക്ടര്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങളും പീഡനങ്ങളും കാണുന്നവര്‍ 1098 എന്ന ചെയില്‍ഡ്ലൈന്‍ നമ്പറില്‍ അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ ഷെയ്ക്‌ പരീത്‌ പറഞ്ഞു.