ജോര്‍ജ്ജിനോട്‌ മമ്മൂട്ടി ചെയ്തത്‌

Thursday 13 June 2013 8:58 pm IST

കുളക്കാട്ടില്‍ ഗീവര്‍ഗീസ്‌ ജോര്‍ജ്ജ്‌ എന്ന കെ.ജി.ജോര്‍ജ്ജ്‌ കഴിഞ്ഞ നാലുപതിറ്റാണ്ടുകാലമായി മലയാളസിനിമാ ചരിത്രത്തിലുണ്ട്‌. കുറെ നല്ല ചലച്ചിത്രങ്ങള്‍ മലയാള സിനിമയ്ക്കു സമ്മാനിച്ചതാണ്‌ അദ്ദേഹം നല്‍കിയ സംഭാവന. എണ്‍പതുകളില്‍ സിനിമാ പ്രേക്ഷകരെ വേറിട്ട കാഴ്ചകളിലേക്കു നയിച്ചവരില്‍ പ്രമുഖനാണ്‌ ജോര്‍ജ്ജ്‌. ആദ്യ സിനിമയായ സ്വപ്നാടനം മുതല്‍ അവസാനം സംവിധാനം നിര്‍വ്വഹിച്ച ഇലവങ്കോട്ദേശം വരെയുള്ള ചിത്രങ്ങളില്‍ വ്യത്യസ്തത നിലനിര്‍ത്തുകയും പ്രേക്ഷകര്‍ക്ക്‌ ഓര്‍മ്മിക്കാന്‍ വകനല്‍കുകയും ചെയ്തു അദ്ദേഹം. 1980കളില്‍ കേരളത്തില്‍ നല്ല സിനിമകളുടെ വേലിയേറ്റം സൃഷ്ടിച്ച പ്രതിഭകളുടെ മുന്‍നിരയില്‍ കെ.ജി.ജോര്‍ജ്ജ്‌ ഉണ്ടായിരുന്നു. പദ്മരാജനും ഭരതനും ഉള്‍പ്പെടുന്ന സംവിധായക പ്രതിഭകളുടെ നല്ല ചിത്രങ്ങള്‍ മലയാളി നെഞ്ചേറ്റി സ്വീകരിച്ചപ്പോള്‍ വ്യത്യസ്തമായ പ്രമേയത്തിലൂടെയും അവതരണത്തിലൂടെയും ജോര്‍ജ്ജിന്റെ സിനിമകളും പ്രേക്ഷക മനസ്സില്‍ ഇടംകണ്ടെത്തി. ആക്ഷേപഹാസ്യവും കുറ്റാന്വേഷണവുമൊക്കെയായിരുന്നു ജോര്‍ജ്ജിന്റെ വിഷയം. മലയാളി അന്നുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ കുറ്റാന്വേഷണത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. 1982ല്‍ പുറത്തിറങ്ങിയ യവനിക, 83ല്‍ പുറത്തുവന്ന ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്‌, 86ലെ ഇരകള്‍, 90ല്‍ പുറത്തുവന്ന ഈ കണ്ണികൂടി തുടങ്ങിയ ചിത്രങ്ങള്‍ അതിനുദാഹരണങ്ങളാണ്‌. യവനിക എന്ന ചലച്ചിത്രം പുറത്തുവന്നിട്ട്‌ 31 വര്‍ഷങ്ങളാകുന്നു. കാലമിത്ര കഴിഞ്ഞിട്ടും ഒരു പുതിയ ചലച്ചിത്രം കാണുന്നത്ര ആസ്വാദനനിലവാരത്തില്‍ പ്രേക്ഷകര്‍ ആ ചിത്രം കാണുന്നുണ്ട്‌. ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിക്കാനുതകുന്ന ചിത്രങ്ങളുടെ പട്ടികയിലാണ്‌ യവനിക ഉള്ളതെന്നറിയുമ്പോഴാണ്‌ അത്‌ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്‌ തിരിച്ചറിയുന്നത്‌. മലയാളത്തില്‍ ഹാസ്യ സിനിമകള്‍ നിരവധി ഉണ്ടായിട്ടുണ്ട്‌. വിജയകരമായതും പരാജയപ്പെട്ടതുമായി ധാരളം. എന്നാല്‍ പഞ്ചവടിപ്പാലം പോലൊരു സിനിമ ഇനിയുമുണ്ടായിട്ടില്ലെന്നതാണ്‌ സത്യം. ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയിരിക്കുന്ന പഞ്ചവടിപ്പാലം 1984ലാണ്‌ പുറത്തുവരുന്നത്‌. ആദ്യസിനിമയ്ക്കു തന്നെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ചരിത്രമാണ്‌ കെ.ജി.ജോര്‍ജ്ജിനുള്ളത്‌. 1975 ല്‍ സ്വപ്നാടനത്തിന്‌ മികച്ച തിരക്കഥയ്ക്കും ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. രാപ്പാടികളുടെ ഗാഥ എന്ന സിനിമയ്ക്ക്‌ 1978ല്‍ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു. 1982ല്‍ പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ച യവനികയെ സംസ്ഥാന സര്‍ക്കാര്‍ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുത്തു. കഥയ്ക്കുള്ള പുരസ്കാരവും യവനികയ്ക്കായിരുന്നു. 1983ല്‍ ആദാമിന്റെ വാരിയെല്ല്‌ മികച്ച രണ്ടാമത്തെ ചിത്രമായി. മികച്ച കഥയ്ക്കുള്ള പുരസ്കാരവും ഇതിനായിരുന്നു. 1985ല്‍ ഇരകള്‍ക്കായിരുന്നു പുരസ്കാരം. മികച്ച രണ്ടാമത്തെ ചിത്രവും കഥയ്ക്കുള്ള പുരസ്കാരവും. പഞ്ചവടിപ്പാലം, ഇലവങ്കോട്‌ ദേശം, മറ്റൊരാള്‍, ലേഖയുടെമരണം ഒരു ഫ്ലാഷ്ബാക്ക്‌, നെല്ല്‌ എന്നിവയ്ക്ക്‌ അതാതുകാലത്ത്‌ തിരക്കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. മലയാള സിനിമാ ചരിത്രത്തില്‍ കെ.ജി.ജോര്‍ജ്ജിനുള്ള സ്ഥാനം എത്രത്തോളമാണെന്ന്‌ പറയാനാണ്‌ അദ്ദേഹത്തിന്റെ സിനിമാ ചരിത്രം വായനക്കാരുമായി പങ്കുവച്ചത്‌. 1946ല്‍ തിരുവല്ലയിലാണ്‌ കെ.ജി.ജോര്‍ജ്ജ്‌ ജനിച്ചത്‌. 1971ല്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമ പഠിച്ചിട്ടാണ്‌ അദ്ദേഹം സിനിമാപ്രവര്‍ത്തകനാകാന്‍ എത്തിയത്‌. മനസ്സില്‍ നിറയെ സിനിമയുമായി രാമുകാര്യാട്ടിന്റെ അടുത്തെത്തി. കാര്യാട്ടിന്റെ സഹായിയായി മൂന്നു വര്‍ഷം ജോലി ചെയ്തു. പിന്നീടാണ്‌ സ്വതന്ത്രസംവിധായകനായത്‌. നല്ല ശിക്ഷണത്തില്‍ സിനിമയെക്കുറിച്ച്‌ പരിചയം ആര്‍ജ്ജിക്കുകയും ജീവിതാനുഭവങ്ങള്‍ അതോടു ചേര്‍ത്തുവയ്ക്കുകയും ചെയ്താണ്‌ ജോര്‍ജ്ജ്‌ എന്ന സിനിമാക്കാരന്‍ രൂപപ്പെട്ടത്‌. മലയാളിക്ക്‌ എന്നും അഭിമാനിക്കാന്‍ വക നല്‍കുന്ന പ്രതിഭാധനനാണ്‌ അദ്ദേഹമെന്നതില്‍ സംശയം ഒട്ടുമില്ല. ഒരുപാട്‌ നല്ല നടന്മാരെ സൃഷ്ടിക്കാനും കെ.ജി.ജോര്‍ജ്ജിന്‌ കഴിഞ്ഞു. തിലകനും ഭരത്ഗോപിയും മമ്മൂട്ടിയുമെല്ലാം കെ.ജി.ജോര്‍ജ്ജിന്റെ സിനിമകളിലൂടെ താരങ്ങളായവരാണ്‌. അവരുടെ എന്നും ഓര്‍ക്കപ്പെടുന്ന വേഷങ്ങളുടെ സ്രഷ്ടാവ്‌ ജോര്‍ജ്ജാണെന്നു തന്നെ പറയാം. ഇപ്പോള്‍ 67 വയസ്സിലെത്തിനില്‍ക്കുന്ന കെ.ജി.ജോര്‍ജ്ജിന്‌ ചെറിയ അസുഖങ്ങളുടെ വിഷമതകളുണ്ട്‌. അതെല്ലാം ഉണ്ടായത്‌ അദ്ദേഹം വളരെയധികം സ്നേഹിക്കുന്ന ജീവിതമായി കൊണ്ടുനടന്ന സിനിമയില്‍ നിന്ന്‌ പിന്മാറേണ്ടിവന്നതിനാലാണ്‌. രോഗാവസ്ഥയില്‍ ആയ കാലത്തുതന്നെ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ അത്‌ പറഞ്ഞിട്ടുമുണ്ട്‌. ഒരു പക്ഷേ, സിനിമയില്‍ സജീവമായി നിന്നിരുന്നെങ്കില്‍ ഇത്രപെട്ടന്ന്‌ രോഗങ്ങള്‍ കെ.ജി.ജോര്‍ജ്ജിനെ തേടിയെത്തില്ലായിരുന്നു. സിനിമയില്‍ സജീവമാകുന്നതിനുള്ള പദ്ധതികളും സര്‍ഗ്ഗചിന്തകളും അദ്ദേഹത്തിനുണ്ടായിരുന്നു താനും. ഇനിയും പല നല്ല സിനിമകളും സൃഷ്ടിക്കാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ കെ.ജി.ജോര്‍ജ്ജെന്ന മഹാനായ ചലച്ചിത്രകാരന്‍ തോറ്റു പിന്മാറുകയായിരുന്നു. അത്‌ അദ്ദേഹം തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. സൂപ്പര്‍താരം മമ്മൂട്ടിയെ സിനിമാ നടനാക്കുന്നത്‌ ജോര്‍ജ്ജിന്റെ സിനിമയായ മേളയാണ്‌. മേളയിലെ വിജയന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതാണ്‌ മമ്മൂട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്‌. പിന്നീട്‌ യവനികയിലും മറ്റൊരാളിലും ആദാമിന്റെ വാരിയെല്ലിലും മമ്മൂട്ടിക്ക്‌ നല്ല വേഷങ്ങള്‍ ജോര്‍ജ്ജ്‌ നല്‍കി. അതേ മമ്മൂട്ടിതന്നെ കെ.ജി.ജോര്‍ജ്ജിന്റെ സിനിമാ ജീവിതത്തിന്‌ അന്ത്യം കുറിക്കുന്നതിന്‌ കാരണക്കാരനായി എന്നത്‌ കഴിഞ്ഞ ദിവസങ്ങളില്‍ മലയാളി സിനിമാ പ്രേക്ഷകര്‍ വേദനയോടെ കേട്ട വെളിപ്പെടുത്തലാണ്‌. താന്‍ സിനിമകള്‍ എടുക്കുന്നത്‌ നിര്‍ത്താന്‍ പ്രധാനകാരണമായത്‌ സൂപ്പര്‍താരം മമ്മൂട്ടിയുടെ ഇടപെടലുകളെന്നാണ്‌ കെ.ജി.ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍. ലോഹിതദാസിനും തിലകനും ശേഷം ആദ്യമായാണ്‌ ഒരു താരത്തിന്റെ ഇടപെടലിനെതിരെ ഒരു സിനിമാക്കാരന്‍ രംഗത്തുവരുന്നത്‌. ജോര്‍ജ്ജിന്റെ അവസാനസിനിമയായ ഇലവങ്കോട്ദേശത്തില്‍ അഭിനയിച്ചത്‌ മമ്മൂട്ടിയാണ്‌. ആ സിനിമ ജോര്‍ജ്ജിന്റെ മറ്റു സിനിമകളെ അപേക്ഷിച്ച്‌ പരാജയമായിരുന്നു. മമ്മൂട്ടിയുടെ ഇടപെടലുകളാണ്‌ അതിനു കാരണമായതെന്നും അതിനാലാണ്‌ ഇനി സിനിമചെയ്യേണ്ടെന്ന്‌ തീരുമാനിച്ചതെന്നുമാണ്‌ ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍. തന്റെ ആദ്യ സിനിമകളില്‍ നടനായി അഭിനയിക്കാനെത്തിയ മമ്മൂട്ടി അവസാന സിനിമയായ ഇലവങ്കോട്‌ ദേശത്തില്‍ എത്തിയത്‌ പുതിയൊരാളായാണെന്ന്‌ കെ.ജി.ജോര്‍ജ്ജ്‌ പറയുന്നു. മമ്മൂട്ടി എന്ന താരത്തിന്‌ ഇക്കാലയളവിലുണ്ടായ മാറ്റം ഞെട്ടിപ്പിക്കുന്നതാണ്‌. സംവിധായകനെ മറികടന്ന്‌ സിനിമയില്‍ കൈകടത്തുന്ന മമ്മൂട്ടിയുടെ രീതിയാണ്‌ സിനിമയുടെ പരാജയത്തിനുകാരണമായത്‌. സംവിധായകര്‍ക്ക്‌ മുകളിലേക്ക്‌ താരങ്ങള്‍ വരുന്നുവെന്ന്‌ തോന്നിയതോടെയാണ്‌ താന്‍ സിനിമയെടുക്കുന്നത്‌ അവസാനിപ്പിച്ചതെന്നും ജോര്‍ജ്ജ്‌ തുറന്നു പറഞ്ഞു. ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍ മലയാള സിനിമയെ യഥാര്‍ത്ഥത്തില്‍ ബാധിച്ചിരിക്കുന്ന പ്രതിസന്ധി എന്താണെന്ന തിരിച്ചറിവാണുണ്ടാക്കുന്നത്‌. ജോര്‍ജ്ജിനോട്‌ മമ്മൂട്ടി ചെയ്തതിനെക്കുറിച്ച്‌ അദ്ദേഹം ആദ്യമായല്ല ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തുന്നത്‌. മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ ഭരണമാണെന്ന്‌ 2008 ല്‍തന്നെ അദ്ദേഹം പ്രസ്താവിച്ചിരുന്നു. സംവിധായകന്‍, മറ്റ്‌ നടീനടന്മാര്‍, എഡിറ്റര്‍ എന്നിവരെയൊക്കെ നിശ്ചയിക്കുന്നതുപോലും സൂപ്പര്‍താരങ്ങളാണ്‌. ഇത്‌ സഹിക്കാനാകില്ലെന്നും അന്ന്‌ ജോര്‍ജ്ജ്‌ പറഞ്ഞിരുന്നു. ആത്മകഥയായ 'ഫ്ലാഷ്ബാക്ക്‌: എന്റെയും സിനിമയുടെയും' എന്ന കൃതിയിലും ഇത്‌ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്‌. സംവിധായക പ്രമുഖനായ ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മലയാള ചലച്ചിത്ര സമൂഹമാകെ പുനഃപ്പരിശോധന നടത്തേണ്ടതാണ്‌. അദ്ദേഹത്തെപോലെ നല്ല പ്രതിഭയുള്ളവര്‍ പിന്‍വാങ്ങാനുള്ള കാരണം ഇതായിരിക്കെ, അവരുടെ പ്രതിഭയ്ക്ക്‌ ഇനിയും മങ്ങലേല്‍ക്കാത്ത സാഹചര്യത്തില്‍ അത്തരമൊരു ചിന്തയ്ക്ക്‌ പ്രാധാന്യമുണ്ട്‌. ഇപ്പോള്‍ പുതിയ സംവിധായകരും പുതിയ താരങ്ങളും നല്ല സിനിമകളുമൊക്കെ ഉണ്ടാകുന്നുണ്ടെങ്കിലും ജോര്‍ജ്ജിനോട്‌ മമ്മൂട്ടി ചെയ്തത്‌ കാലം കഴിയുമ്പോള്‍ മറ്റൊരു തരത്തില്‍ ആവര്‍ത്തിക്കപ്പെടാം. അത്‌ മലയാള സിനമയും വലിയ പതനത്തിനിടവരുത്തും. മറ്റു ജോര്‍ജ്ജുമാര്‍ ഉണ്ടാകാതിരിക്കാന്‍, താരാദിപത്യത്തില്‍ മലയാള സിനിമ ആണ്ടുവീഴാതിരിക്കാന്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്‌. ആര്‍.പ്രദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.