ഷാജി പുരുഷോത്തമന്‍ അറസ്റ്റില്‍

Thursday 13 June 2013 10:07 pm IST

കൊച്ചി: വഴിയോരത്ത്‌ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ കാറിടിപ്പിച്ച്‌ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ചെന്നൈയിലെ വ്യവസായി ഷാജി പുരുഷോത്തമനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തു. ചെന്നൈയിലെ പ്രമുഖ മലയാളി വ്യവസായി എം.പി പുരുഷോത്തമന്റെ മകനാണ്‌ ഷാജി പുരുഷോത്തമന്‍. ബാങ്കോക്കില്‍ നിന്ന്‌ ഇന്നലെ പുലര്‍ച്ചെ നാല്‌ മണിയോടെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ഷാജിയെ എമിഗ്രേഷന്‍ വിഭാഗം പിടികൂടുകയായിരുന്നു. ഇയാളെ തമിഴ്‌നാട്‌ പോലീസിന്‌ കൈമാറി. നേരത്തെ ഇയാള്‍ നല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയ കോടതി ഇയാളോട്‌ കീഴടങ്ങണമെന്നും നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ മെയ്‌ 23 നായിരന്നു കേസിനാസ്പദമായ സംഭവം. ഷാജിയും സുഹൃത്തുക്കളും ആഢംബര കാറില്‍ പോകുമ്പോള്‍ നിയന്ത്രണം വിട്ട്‌ ബസ്‌ സ്റ്റാന്‍ഡിലേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. സ്റ്റാന്‍ഡിന്‌ സമീപം ഉറങ്ങിക്കിടക്കുന്ന കുട്ടികളാണ്‌ അപകടത്തിന്‌ ഇരയായത്‌. സംഘം മദ്യലഹരിയിലായിരുന്നുവെന്ന്‌ പോലീസ്‌ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌. പരിക്കേറ്റ മൂന്ന്‌ കുട്ടികളില്‍ ഒരാള്‍ പിന്നീട്‌ മരിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രണ്ടു കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്‌. ഷാജിക്കെതിരേ പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ വിദേശത്താണെന്ന്‌ മനസിലാക്കിയ പോലീസ്‌ തിരികെയെത്തുമ്പോള്‍ കസ്റ്റഡിയിലെടുക്കാന്‍ രാജ്യത്തെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും നിര്‍ദേശം കൈമാറിയിരുന്നു. ബാങ്കോക്കിലായിരുന്ന ഇയാള്‍ കൊച്ചിയിലേക്ക്‌ എത്തുമെന്ന രഹസ്യവിവരം ലഭിച്ച പോലീസ്‌ കൊച്ചി വിമാനത്താവള ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം കൈമാറുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ വ്യാഴാഴ്ച വൈകിട്ടു തന്നെ പ്രത്യേക പോലീസ്‌ സംഘം തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക്‌ തിരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.