ഷീലാദീക്ഷിതിനും പ്രധാനമന്ത്രിയുടെ ഓഫീസിനും രൂക്ഷവിമര്‍ശനം

Friday 5 August 2011 10:50 pm IST

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസിനോടനുബന്ധിച്ച്‌ ദല്‍ഹി സര്‍ക്കാര്‍ ധനദുര്‍വ്യയം നടത്തിയതായും അഴിമതിക്ക്‌ തുടക്കമിട്ടത്‌ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണെന്നും സിഎജി റിപ്പോര്‍ട്ട്‌. ഗെയിംസിന്‌ മുന്നോടിയായി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും കോമണ്‍വെല്‍ത്ത്‌ സംഘാടക സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്‌ സ്വജനപക്ഷപാതത്തെ അടിസ്ഥാനമാക്കിയായിരുന്നുവെന്നും അഴിമതിയെക്കുറിച്ച്‌ പഠനം നടത്തിയ കണ്‍ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ ഹാജരാക്കിയ റിപ്പോര്‍ട്ട്‌ പറയുന്നു.
നഗരവീഥികളില്‍ സൗന്ദര്യവല്‍ക്കരണം നടത്തുന്നതിനു മാത്രമായി സര്‍ക്കാര്‍ 101 കോടിരൂപയോളം അധിക തുക ചെലവഴിച്ചതായും ഗെയിംസ്‌ നഗരിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചതില്‍ പോലും വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. സംഘാടക സമിതി ചെയര്‍മാനായി സുരേഷ്‌ കല്‍മാഡി തെരഞ്ഞെടുക്കപ്പെട്ടത്‌ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ശുപാര്‍ശയുടെ പിന്‍ബലത്തിലാണെന്നുള്ള കാര്യവും റിപ്പോര്‍ട്ടിലുണ്ട്‌. വിവിധ കായിക ഇനങ്ങള്‍ക്കുള്ള വേദികള്‍ തെരഞ്ഞെടുക്കപ്പെട്ടത്‌ തികച്ചും അശാസ്ത്രീയമായാണ്‌. ആരുടെയൊക്കെയോ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയമായാണ്‌ അത്ലറ്റിക്‌ ട്രാക്കുകള്‍ പോലും നിര്‍ണയിക്കപ്പെട്ടത്‌, റിപ്പോര്‍ട്ട്‌ പറയുന്നു.
ഗെയിംസ്‌ വേദികളില്‍ ഉറപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുവാനുള്ള ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ തീരുമാനമാണ്‌ അഴിമതിക്ക്‌ തുടക്കമിട്ടതെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. നഗരവീഥികളിലെ വഴിവിളക്കുകളിലേക്കായി വിദേശത്തുനിന്നും ബള്‍ബുകള്‍ ഇറക്കുമതി ചെയ്തതില്‍ വന്‍ ക്രമക്കേടാണ്‌ നടന്നിരിക്കുന്നത്‌. ബള്‍ബുകള്‍ വാങ്ങിയ ഇനത്തില്‍ത്തന്നെ 31 കോടിരൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്‌. അയ്യായിരം രൂപ മാത്രം വിലവരുന്ന സൗദി അറേബ്യയില്‍ നിന്നുള്ള ബള്‍ബിന്‌ 25,000 മുതല്‍ 32,000 രൂപവരെയാണ്‌ വില രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇപ്രകാരമുള്ള ചെറുതും വലുതുമായി നിരവധി വെട്ടിപ്പുകള്‍ ഗെയിംസിനോടനുബന്ധിച്ച്‌ നടന്നിട്ടുണ്ട്‌, റിപ്പോര്‍ട്ട്‌ തുടര്‍ന്നു.
ഇതേസമയം കോമണ്‍വെല്‍ത്ത്‌ അഴിമതിക്കേസില്‍ ആരോപണ വിധേയയായ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ രാജിവെക്കണമെന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്‌. എന്നാല്‍ മുഖ്യമന്ത്രിയുടെ പേരുള്‍പ്പെട്ടിട്ടുള്ള കേസ്‌ കോടതിയിലെത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കഴിയുകയുള്ളൂവെന്നാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ നിലപാട്‌. സിഎജി റിപ്പോര്‍ട്ട്‌ പാര്‍ലമെന്റിലെത്തിയതിനുശേഷം മാത്രം ഇതേക്കുറിച്ച്‌ പ്രതികരിക്കാമെന്നായിരുന്നു മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ നേരത്തെ അറിയിച്ചിരുന്നത്‌.
കോമണ്‍വെല്‍ത്ത്‌ അഴിമതിയെക്കുറിച്ച്‌ അന്വേഷണം നടത്തുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ നിയമിച്ച ശുംക്ലു കമ്മറ്റി റിപ്പോര്‍ട്ടിലും ഗെയിംസിനിടയില്‍ നടന്ന അഴിമതിയെക്കുറിച്ച്‌ വ്യക്തമായ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഗെയിംസിന്റെ സംപ്രേഷണാവകാശം ചാനലുകള്‍ക്ക്‌ അനുവദിച്ചതില്‍ ക്രമക്കേടുകളുണ്ടായിരുന്നതായി കമ്മറ്റി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്‌ പ്രസാര്‍ഭാരതി മുന്‍ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ബി.എസ്‌. ലല്ലിയും ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ അരുണ ശര്‍മ്മയും ഇതേ കേസില്‍ വിശദമായ അന്വേഷണം നേരിടുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.