തീവണ്ടി എഞ്ചിനില്‍ പണിയായുധങ്ങള്‍ കുടുങ്ങി; ഒഴിവായത്‌ വന്‍ ദുരന്തം

Saturday 15 June 2013 9:56 pm IST

കാഞ്ഞങ്ങാട്‌: വൈദ്യുതീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അലക്ഷ്യമായി റെയില്‍പാളത്തില്‍ ഉപേക്ഷിച്ച പണിയായുധങ്ങള്‍ തീവണ്ടിയുടെ എഞ്ചിനില്‍ കുരുങ്ങി. അപകടസാധ്യത കണ്ട്‌ തീവണ്ടി പെട്ടെന്ന്‌ ബ്രേക്കിട്ട്‌ നിര്‍ത്തിയത്‌ പരിഭ്രാന്തി പരത്തിയെങ്കിലും ദുരന്തം ഒഴിവായി. സംഭവത്തെ തുടര്‍ന്ന്‌ തീവണ്ടി ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ മലബാര്‍ എക്സ്പ്രസ്സിന്റെ എഞ്ചിനിലാണ്‌ പണിയായുധങ്ങള്‍ കുരുങ്ങിയത്‌. ചിത്താരി റെയില്‍വെ പാലത്തിന്‌ സമീപം പാളത്തിന്‌ ഇരുവശവും തൊഴിലാളികള്‍ വൈദ്യുതി തൂണുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ചെയ്തുവരികയായിരുന്നു. പണിയായുധങ്ങളും പൈപ്പുകളും തൊഴിലാളികള്‍ യാതൊരു ശ്രദ്ധയുമില്ലാതെ പാളത്തില്‍ അലക്ഷ്യമായി ഇട്ടിരുന്നതാണ്‌ കുഴപ്പമായത്‌. അപകടം മനസിലാക്കിയ എഞ്ചിന്‍ ഡ്രൈവര്‍ തീവണ്ടി ഉടന്‍ തന്നെ ബ്രേക്കിട്ടു നിര്‍ത്തി. ഇതിനിടെ എന്തോ ദുരന്തം സംഭവിച്ചുവെന്ന്‌ ഭയന്ന്‌ വണ്ടിയില്‍ നിന്നും കൂട്ടനിലവിളിയുയര്‍ന്നു. യാത്രക്കാര്‍ വണ്ടിയില്‍ നിന്ന്‌ ഇറങ്ങിയോടി. പണിയായുധങ്ങള്‍ കുടുങ്ങിയതിനെ തുടര്‍ന്ന്‌ എഞ്ചിന്‍ ബെല്‍റ്റ്‌ പൊട്ടുകയും ചെയ്തു. എഞ്ചിന്‍ ഡ്രൈവര്‍ മനസാന്നിദ്ധ്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ തീവണ്ടി മറിഞ്ഞ്‌ വന്‍ദുരന്തത്തിന്‌ കാരണമാകുമായിരുന്നു. ട്രെയിനിന്റെ പൊട്ടിയ ബെല്‍റ്റ്‌ നന്നാക്കി അരമണിക്കൂറിനുശേഷം തീവണ്ടി യാത്ര തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.