ചൈനീസ് ബോട്ടുകള്‍ ജപ്പാന്‍ പിടിച്ചെടുത്തു

Saturday 6 August 2011 1:05 pm IST

ടോക്കിയോ: ജപ്പാന്‍ കടല്‍ത്തീരത്ത്‌ നിന്ന്‌ അനധികൃതമായി മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ടു ചൈനീസ്‌ ബോട്ടുകളെ ജപ്പാന്‍ തീരദേശസേന പിടികൂടി. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലുള്‍പ്പെട്ട ഇഷികാവോ തീരത്തായിരുന്നു സംഭവം. ക്യാപ്റ്റന്മാരായ വാങ് ഫുഗെയ്, യെങ് വെന്‍വു എന്നിവരടക്കം 17 ചൈനീസ് പൗരന്മാരാണു കപ്പലിലുണ്ടായിരുന്നത്. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏഷ്യയിലെ ബദ്ധവൈരികളായ ചൈനയും ജപ്പാനും തമ്മില്‍ തീരസുരക്ഷയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്‌ ചൈനീസ്‌ ബോട്ടുകള്‍ പിടികൂടിയത്‌. സമുദ്രാതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളില്‍ ചൈന ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി ജപ്പാന്‍ ആരോപിച്ചിരുന്നു. ചൈനീസ് കപ്പലുകള്‍ പിടിച്ചെടുത്തതോടെ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ വഷളാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ജാപ്പനീസ് തീരദേശ സേനയുടെ പട്രോളിങ് ബോട്ടുമായി ചൈനീസ് മീന്‍പിടിത്ത ബോട്ട് കൂട്ടിയിടിച്ചതിനെ തുടര്‍ന്നു മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതു വിവാദമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.