പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍

Sunday 16 June 2013 9:02 pm IST

ആരോഗ്യപരിപാലന രംഗത്ത്‌ വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക്‌ സാധിച്ചിട്ടുണ്ടെങ്കിലും പകര്‍ച്ചവ്യാധികള്‍ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇനിയും പ്രയത്നിക്കേണ്ടതുണ്ട്‌. ശാസ്ത്രീയമായ മാലിന്യസംസ്കരണത്തിന്റെ അഭാവം, ശുദ്ധജല ദൗര്‍ലഭ്യം, പരിസരമലിനീകരണം എന്നിവയെല്ലാം പലതരം പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന്‌ വ്യാപിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ മെച്ചപ്പെട്ട രോഗപ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വഴി പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നതിന്റെയും അവയുടെ വ്യാപനത്തിന്റെയും വ്യാപ്തി പരമാവധി കുറയ്ക്കാന്‍ നമുക്ക്‌ സാധിച്ചിട്ടുണ്ട്‌. മാത്രമല്ല; അവ നേരത്തേ കണ്ടെത്താനും മരണ നിരക്ക്‌ കുറയ്ക്കാനും കഴിയുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷത്തെപ്പോലെ, ജനുവരി 15 ന്‌ ആരംഭിച്ച്‌, മൂന്ന്‌ ഘട്ടങ്ങളിലായി നടത്തിയ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനത്തിന്റെ കാഠിന്യം കുറയ്ക്കുവാന്‍ തീര്‍ച്ചയായും ഉപകരിച്ചിട്ടുണ്ട്‌. കാലേക്കൂട്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ്‌ ആരംഭിച്ചെങ്കിലും മഴക്കാലം തുടങ്ങിയതോടുകൂടി പതിവുപോലെ പനിയും മറ്റ്‌ പകര്‍ച്ചവ്യാധികളും ഭീഷണി ഉയര്‍ത്തുകയാണ്‌. ഈ സാഹചര്യത്തില്‍, അവയെ നേരിടുന്നതിന്‌ ഏവരുടെയും കൂട്ടായ പ്രവര്‍ത്തനം കൂടിയേ തീരൂ. പകര്‍ച്ചവ്യാധി നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ഓരോ കുടുംബത്തില്‍ നിന്നും തുടങ്ങണം. വീടിനകത്തും പുറത്തും കൊതുകുകള്‍ പെരുകുന്ന സാഹചര്യം തീര്‍ത്തും ഒഴിവാക്കണം. മാലിന്യങ്ങള്‍ ഒരു കാരണവശാലും പൊതുസ്ഥലത്ത്‌ നിക്ഷേപിക്കരുത്‌. അവ, ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം. ഓരോ കുടുംബവും ഇക്കാര്യത്തില്‍ എന്നും ശ്രദ്ധ ചെലുത്തിയാല്‍ മാത്രമേ സമ്പൂര്‍ണ്ണ പകര്‍ച്ചവ്യാധി നിയന്ത്രണം സാധ്യമാവുകയുള്ളു. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍, ആശാപ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്‌. മാലിന്യ നിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണ്‌. പകര്‍ച്ചവ്യാധികള്‍ക്ക്‌ കാരണമാകുന്ന ഘടകങ്ങള്‍ കണ്ടെത്തി അതത്‌ സ്ഥലത്തെ പ്രത്യേകതകള്‍ക്കനുസരിച്ച്‌ അവ പരിഹരിക്കുന്നതിനാവശ്യമായ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത്‌ നടത്തേണ്ടതുണ്ട്‌. ആരോഗ്യവകുപ്പ്‌ ഇക്കാര്യത്തില്‍ എല്ലാവിധ സഹകരണവും നല്‍കിവരുന്നുണ്ട്‌. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സമ്പൂര്‍ണ്ണ പകര്‍ച്ചവ്യാധി നിയന്ത്രണം സാധ്യമാവുകയുള്ളു. പരിസരശുചിത്വത്തോടൊപ്പം വ്യക്തിശുചിത്വവും പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്‌. പഴകിയതോ, അടച്ച്‌ സൂക്ഷിക്കാത്തതോ ആയ ഭക്ഷണം ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ. പനിയോ, അനുബന്ധ രോഗലക്ഷണങ്ങളോ കണ്ടാല്‍ സ്വയംചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ നേടണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍മുതല്‍ക്കുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നുകള്‍ ഉള്‍പ്പെടെ, വിദഗ്ദ്ധ ചികിത്സയ്ക്കായുള്ള സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പരിഭ്രാന്തരാകാതെ വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ പകര്‍ച്ചവ്യാധികളെ യഥോചിതം നേരിടാന്‍ സാധിക്കും. പകര്‍ച്ചവ്യാധികളെ പ്രതിരോധക്കുന്നതിനായി സര്‍ക്കാര്‍ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. മഴക്കാലം തുടങ്ങിയതോടെ വീണ്ടും ഭീഷണി ഉയര്‍ത്തിയ പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതിന്‌ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്‌. എല്ലാ വാര്‍ഡുകള്‍ക്കും 25,000 രൂപ വീതം അനുവദിച്ചു. എല്ലാ ആശുപത്രികളിലും ആവശ്യത്തിന്‌ ഡോക്ടര്‍മാല്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരെ നിയമിച്ചു. നിലവിലുള്ള സ്റ്റാഫ്‌ പാറ്റേണില്‍ കൂടുതല്‍ സ്റ്റാഫുകള്‍ ഇപ്പോള്‍ ഭൂരിഭാഗം ആശുപത്രികളിലുമുണ്ട്‌. ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തി. കൊതുകു നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 250 ഫോഗിങ്ങ്‌ മെഷീനുകള്‍ വാങ്ങാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ അനുമതി നല്‍കി. മെഡിക്കല്‍ കോളേജ്‌, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ ലബോറട്ടറി സംവിധാനം ഏര്‍പ്പെടുത്തി. ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത ആശുപത്രികളില്‍ പനിക്ലിനിക്കുകള്‍ തുടങ്ങി. ബോധവത്ക്കരണ പരിപാടികള്‍ ശക്തമാക്കി. ചികിത്സാ ക്യാമ്പുകളും സൗജന്യ പ്രതിരോധമരുന്ന്‌ വിതരണവും വിപുലമാക്കി. ഡെങ്കിപ്പനിക്ക്‌ ഏകീകൃത ചികിത്സ സംസ്ഥാനത്തുടനീളം ലഭ്യമാക്കുന്നതിനായി ഡോക്ടര്‍മാര്‍ക്കുവേണ്ടി ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഗൈഡ്ലൈന്‍ തയ്യാറാക്കി. ഇതിനെ അടിസ്ഥാനമാക്കി സര്‍ക്കാര്‍-സര്‍ക്കാരിതര ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ക്ക്‌ പരിശീലനം നല്‍കി. പൊതുജനതാത്പര്യം പരിഗണിച്ച്‌ ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ എപ്പിഡെമിക്‌ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊതുകുനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി ജൂണ്‍ 16, 23, 30 തീയതികളില്‍ സംസ്ഥാനത്ത്‌ ഡ്രൈഡേ ആചരിക്കുകയാണ്‌. സ്കൂളുകളില്‍ തിങ്കളാഴ്ചകളിലാണ്‌ ഡ്രൈഡേ ആചരണം. ജില്ലകളുടെ പ്രത്യേക ചുമതലയുള്ള മന്ത്രിമാര്‍, മറ്റ്‌ എം.എല്‍.എ മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരാണ്‌ ഡ്രൈഡേ ദിനാചരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. ജൂണ്‍ 18, 25, ജൂലൈ 2 തീയതികളില്‍, ദേശീയ തൊഴിലുറപ്പ്‌ പദ്ധതി പ്രവര്‍ത്തകര്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്‌ കൊതുകുനിര്‍മ്മാര്‍ജ്ജന തീവ്രയത്ന പരിപാടി സംഘടിപ്പിക്കും. ജില്ലാതല സ്ക്വാഡുകള്‍ സജീവമായി രംഗത്തുണ്ട്‌. ഈ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കുകയും പങ്കാളികളാവുകയുംവേണം. യുവജന-സാംസ്കാരിക- സാമൂഹിക സംഘടനകള്‍ പ്രതിബദ്ധതയോടെ മുന്നിട്ടിറങ്ങണം. വി.എസ്‌.ശിവകുമാര്‍ ആരോഗ്യവകുപ്പുമന്ത്രി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.