യുഎസ്‌ കോടതിയുടെ സമന്‍സ്‌ ശ്രീലങ്ക നിരാകരിച്ചു

Monday 20 June 2011 9:27 pm IST

കൊളംബോ: ആഭ്യന്തര യുദ്ധകാലത്തുണ്ടായ വംശീയ ഹത്യകളുമായി ബന്ധപ്പെട്ട്‌ അമേരിക്കന്‍ കോടതി അയച്ച സമന്‍സ്‌ ശ്രീലങ്ക നിരാകരിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രാജപക്സെയുടെ പേരില്‍ എത്തിയ സമന്‍സ്‌ ശ്രീലങ്കയിലെ നിയമമന്ത്രാലയം തിരിച്ചയക്കുകയായിരുന്നു.
വ്യാജമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അമേരിക്കന്‍ കോടതി സമന്‍സ്‌ തയ്യാറാക്കിയിട്ടുള്ളതെന്നും, ഒരു പരമാധികാര രാഷ്ട്രം എന്ന നിലയില്‍ ഇത്തരമൊരു സമന്‍സ്‌ കൈപ്പറ്റാതിരിക്കാന്‍ ശ്രീലങ്കക്ക്‌ അവകാശമുണ്ടെന്നും നിയമമന്ത്രാലയം സെക്രട്ടറി സുധാ ഗാംലത്ത്‌ അറിയിച്ചു. ശ്രീലങ്കന്‍ ഭരണഘടനയിലെ പരസ്പര സഹകരണ നിയമപ്രകാരമാണ്‌ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും അവര്‍ വിശദമാക്കി.
2006 ജനുവരിയില്‍ ശ്രീലങ്കയില്‍ നടന്ന കലാപങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട അഞ്ച്‌ വിദ്യാര്‍ത്ഥികളിലൊരാളായ രഗിഹര്‍ മനോഹരന്‍, 2006 ജൂണില്‍ കൊല്ലപ്പെട്ട പതിനേഴ്‌ മനുഷ്യാവകാശ പ്രവര്‍ത്തകരിലൊരാളായ ആനന്ദരാജ എന്നിവരുടെ ബന്ധുക്കള്‍ കൊളംബിയ ജില്ലാ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ്‌ ശ്രീലങ്കക്ക്‌ കോടതി സമന്‍സ്‌ അയച്ചത്‌. അമേരിക്കയിലെ സംരക്ഷണ നിയമമനുസരിച്ച്‌ മൂന്നുകോടി ഡോളര്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നതാണ്‌ ഹര്‍ജിക്കാരുടെ ആവശ്യം.
എല്‍ടിടിഇക്കെതിരായി നടത്തിയ അന്തിമ യുദ്ധങ്ങള്‍ക്കിടയില്‍ ശ്രീലങ്കന്‍ സേന നടത്തിയ കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ശ്രീലങ്ക ലോകവ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
ഇതിനിടയില്‍ ശ്രീലങ്കയുടെ മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന പ്രമേയം തമിഴ്‌നാട്‌ നിയമസഭ അടുത്തിടെയാണ്‌ ഐകകണ്ഠേന പാസാക്കിയത്‌. ഇതേത്തുടര്‍ന്ന്‌ ശ്രീലങ്കയില്‍ തമിഴ്‌വംശജര്‍ക്കെതിരായി നടന്ന അക്രമങ്ങള്‍ അന്വേഷിക്കാന്‍ ആ രാജ്യം തയ്യാറാകണമെന്ന്‌ ശ്രീലങ്കയിലെത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം അധികൃതരോട്‌ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അമേരിക്കന്‍ കോടതി അയച്ച സമന്‍സ്‌ നിരാകരിച്ചതിലൂടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.