പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രധാന പങ്ക്: കളക്ടര്‍

Monday 17 June 2013 9:36 pm IST

കോട്ടയം: ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും സ്‌കൂളും വീടും പരിസരങ്ങളും മാലിന്യമുക്തമാക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്നും കോട്ടയം ജില്ലാകളക്ടര്‍ അജിത് കുമാര്‍ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്നലെസ്‌കൂളുകളില്‍ നടന്ന പ്രത്യേക അസംബ്ലിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്‌കൂളില്‍ നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.ജൂണ്‍ 23, 30 തീയതികളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കൊതുകുനിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്‌കുമാര്‍ നിര്‍ദേശിച്ചു. പനിബാധിതരായ കുട്ടികള്‍ ഒരാഴ്ച്ചയെങ്കിലും വീട്ടില്‍ വിശ്രമിക്കണമെന്നും അവര്‍ സ്‌കൂളില്‍ വരുന്നത് മറ്റ് കുട്ടികള്‍ക്ക് പനി ബാധിക്കാന്‍ ഇടയാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി പറഞ്ഞു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. നിസാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ശില്‍പ്പ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ. ദേവ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.