കാളപ്പോരുകാര്‍ക്ക്‌ വിജയത്തുടക്കം

Tuesday 18 June 2013 9:52 am IST

റെസിഫെ: ലോകകിരീടത്തിനും യൂറോ കിരീടത്തിനും പിന്നാലെ കോണ്‍ഫെഡറേഷന്‍ കപ്പും തേടിയിറങ്ങിയ സ്പെയിനിന്‌ ഉജ്ജ്വല വിജയം. ഗ്രൂപ്പ്‌ ബിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ്‌ സ്പെയിന്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ഡീഗോ ഫോര്‍ലാന്റെ ഉറുഗ്വെയെ കീഴടക്കിയത്‌. സ്പെയിനിന്‌ വേണ്ടി പെഡ്രോയും റോബര്‍ട്ടോ സോള്‍ഡാഡോയും ഗോളുകള്‍ നേടിയപ്പോള്‍ ഉറുഗ്വെയുടെ ആശ്വാസഗോള്‍ അവരുടെ സൂപ്പര്‍താരമായ ലൂയിസ്‌ സുവാരസിന്റെ വകയായിരുന്നു. വിജയത്തോടെ ഉറുഗ്വെക്കെതിരായ അപരാജിത റെക്കോര്‍ഡ്‌ സ്പെയിന്‍ നിലനിര്‍ത്തി. ഇതോടെ തുടര്‍ച്ചയായി പരാജയമറിയാത്ത 23 മത്സരങ്ങള്‍ ചെമ്പട പൂര്‍ത്തിയാക്കി. ടിക്കി ടാക്ക ശൈലിയില്‍ കളത്തിലിറങ്ങിയ സ്പാനിഷ്‌ ചെമ്പട മൈതാനം അക്ഷരാര്‍ത്ഥത്തില്‍ അടക്കിവാഴുകയായിരുന്നു. സാവിയും ഇനിയേസ്റ്റയും ഫാബ്രഗസും ഉള്‍പ്പെട്ടെ താരനിര എണ്ണയിട്ടയന്ത്രം കണക്കെ പന്ത്‌ നിയന്ത്രിച്ചുകൊണ്ടിരുന്നപ്പോള്‍ ഉറുഗ്വെക്ക്‌ പന്ത്‌ കിട്ടിയത്‌ തന്നെ അപൂര്‍വമായിരുന്നു. തുടര്‍ച്ചയായ മുന്നേറ്റമാണ്‌ ചെമ്പട തുടക്കം മുതല്‍ ഉറുഗ്വെ ബോക്സിലേക്ക്‌ നടത്തിയത്‌. ആറാം മിനിറ്റില്‍ ആല്‍ബ ബോക്സിലേക്ക്‌ നല്‍കിയ തകര്‍പ്പന്‍ ക്രോസ്‌ മുതലാക്കാന്‍ പെഡ്രോക്ക്‌ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ഇനിയേസ്റ്റയുടെ ക്രോസ്‌ സൊള്‍ഡാഡോക്കും കണക്ട്‌ ചെയ്യാന്‍ കഴിഞ്ഞില്ല. 11-ാ‍ം മിനിറ്റില്‍ ഇനിയേസ്റ്റ തള്ളിക്കൊടുത്ത പന്ത്‌ പിടിച്ചെടുത്ത്‌ സൂപ്പര്‍ താരം സെസ്‌ ഫാബ്രഗസ്‌ തൊടുത്ത നല്ലൊരു ഷോട്ട്‌ ഉറുഗ്വെ ഗോളിയെ കീഴ്പ്പെടുത്തിയെങ്കിലും പോസ്റ്റില്‍ത്തട്ടി തെറിച്ചു. 17-ാ‍ം മിനിറ്റില്‍ ഇനിയേസ്റ്റയുടെ ഒരു ഷോട്ട്‌ ഉറുഗ്വെ ഗോളി ഫെര്‍ണാണ്ടോ മുസ്ലേര കുത്തിത്തെറിപ്പിച്ചശേഷം കയ്യിലൊതുക്കി. മൂന്ന്‌ മിനിറ്റിനുശേഷം ചെമ്പട ലീഡ്‌ നേടി. അവര്‍ക്ക്‌ അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ്‌ ഗോള്‍ പിറന്നത്‌. സാവി എടുത്ത കിക്ക്‌ ബോക്സിലേക്ക്‌ പറന്നിറങ്ങിയത്‌ ഉറുഗ്വെതാരം ക്ലിയര്‍ ചെയ്തെങ്കിലും പന്ത്‌ കിട്ടിയത്‌ പെഡ്രോക്ക്‌. 22 വാര അകലെനിന്ന്‌ പെഡ്രോ ഉതിര്‍ത്ത ബുള്ളറ്റ്‌ ഷോട്ട്‌ ഉറുഗ്വെ ക്യാപ്റ്റന്‍ ഡീഗോ ലുഗാനോയുടെ കാലില്‍ത്തട്ടി ലക്ഷ്യം മാറി വലയില്‍ പതിച്ചു. 27-ാ‍ം മിനിറ്റില്‍ സാവി എടുത്ത ഫ്രീകിക്ക്‌ നേരിയ വ്യത്യാസത്തില്‍ ക്രോസ്‌ ബാറിന്‌ മുകളിലൂടെ പാഞ്ഞു. 30-ാ‍ം മിനിറ്റിലാണ്‌ ഉറുഗ്വെയുടെ ആദ്യ ആസൂത്രിത നീക്കം ഉണ്ടായത്‌. മുന്നേറ്റത്തിനൊടുവില്‍ എഡിസണ്‍ കവാനിയുടെ ശ്രമം സ്പാനിഷ്‌ ഗോളി ഇകര്‍ കസിയസ്‌ കയ്യിലൊതുക്കി. രണ്ട്‌ മിനിറ്റിനുശേഷം സ്പെയിന്‍ ലീഡ്‌ ഉയര്‍ത്തി. സുന്ദരമായ നീക്കത്തിനൊടുവില്‍ ഫാബ്രഗസ്‌ തള്ളിക്കൊടുത്ത പന്ത്‌ പിടിച്ചെടുത്ത സൊള്‍ഡാഡോ 15 വാര അകലെനിന്ന്‌ ഉതിര്‍ത്ത ഷോട്ട്‌ ഉറുഗ്വെ വലയില്‍ കയറി. ആറ്‌ മിനിറ്റിനുശേഷം ജെറാര്‍ഡ്‌ പിക്വെയുടെ നല്ലൊരു ഷോട്ട്‌ ഉറുഗ്വെ ഗോളി മുസ്ലേര ഉജ്ജ്വലമായി രക്ഷപ്പെടുത്തി. ആദ്യ പകുതിയില്‍ ഉറുഗ്വെക്ക്‌ കാര്യമായ മുന്നേറ്റമൊന്നും നടത്താന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ഉറുഗ്വെ കുറച്ചുകൂടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ആധിപത്യം സ്പാനിഷ്‌ നിരക്കുതന്നെയായിരുന്നു. 56-ാ‍ം മിനിറ്റില്‍ ഇനിയേസ്റ്റയുടെ തകര്‍പ്പന്‍ ഷോട്ട്‌ ഉറുഗ്വെ ഗോളിയെ മറികടന്നെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. മത്സരം 59 മിനിറ്റ്‌ പിന്നിട്ടപ്പോള്‍ ലോകകപ്പിലും യൂറോകപ്പിലും കോണ്‍ഫെഡറേഷന്‍ കാപ്പിലുമായി തുടര്‍ച്ചയായി 1000 മിനിറ്റ്‌ ഗോള്‍വലയം കാത്തതിന്റെ റെക്കോര്‍ഡ്‌ സ്പാനിഷ്‌ ക്യാപ്റ്റന്‍ ഇഗര്‍ കസിയസിന്‌ സ്വന്തമായി. ഇതിനിടെ ഗോള്‍ മടക്കാന്‍ സുവാരസും കവാനിയും ഉള്‍പ്പെട്ട നിര കിണഞ്ഞു ശ്രമിച്ചെങ്കിലും സെര്‍ജിയോ റാമോസും ജെറാര്‍ഡ്‌ പിക്വെയും ഉള്‍പ്പെട്ട പ്രതിരോധം കരുത്തുകാട്ടിയതോടെ അവയെല്ലാം തകര്‍ന്നു. ഒടുവില്‍ മത്സരത്തിന്റെ 88-ാ‍ം മിനിറ്റിലാണ്‌ ഉറുഗ്വെയുടെ ആശ്വാസഗോള്‍ പിറന്നത്‌. ഒരു ഫ്രീകിക്കില്‍ നിന്നാണ്‌ ഗോള്‍ പിറന്നത്‌. 30 വാര അകലെനിന്ന്‌ ലൂയിസ്‌ സുവാരസ്‌ എടുത്ത കിക്ക്‌ മുഴുനീളെ ഡൈവ്‌ ചെയ്ത സ്പാനിഷ്‌ ഗോളി ഇകര്‍ കസിയസിനെ നിഷ്പ്രഭനാക്കി വലയില്‍ തറച്ചുകയറി. മത്സരത്തില്‍ 71 ശതമാനവും പന്ത്‌ നിയന്ത്രണത്തില്‍ വച്ചത്‌ സ്പെയിനായിരുന്നു. ചെമ്പട 16 തവണ ഉറുഗ്വെ ഗോള്‍മുഖത്തേക്ക്‌ ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ഉറുഗെക്ക്‌ 4 ഷോട്ടുകള്‍ മാത്രമാണ്‌ പായിക്കാനായത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.