താലിബാനുമായുള്ള ചര്‍ച്ച യുഎസ്‌ സ്ഥിരീകരിച്ചു

Monday 20 June 2011 9:27 pm IST

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നേതൃത്വവുമായി സര്‍ക്കാര്‍ നടത്തുന്ന സമവായ ചര്‍ച്ചകളില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരും പങ്കാളികളാണെന്ന്‌ യുഎസ്‌ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട്‌ ഗേറ്റ്സ്‌ വെളിപ്പെടുത്തി.
അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അരാജകത്വം പരിഹരിക്കുക എന്ന ലക്ഷ്യമാണ്‌ ചര്‍ച്ചകള്‍ക്ക്‌ പിന്നിലെന്നും ഇത്തരം ചര്‍ച്ചകള്‍ പുരോഗതി കൈവരിക്കാന്‍ വളരെക്കാലമെടുക്കുമെന്നും ഗേറ്റ്സ്‌ പറഞ്ഞു. ഒരു വാര്‍ത്താ ചാലിന്‌ നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌. ബിന്‍ലാദനടക്കമുള്ള അല്‍ ഖ്വയ്ദ പ്രമുഖര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ്‌ അമേരിക്ക താലിബാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറായത്‌. അഫ്ഗാനിസ്ഥാനില്‍ എല്ലാ വിഭാഗങ്ങളുടേയും പിന്തുണയോടുകൂടി സമാധാനം പുനഃസ്ഥാപിക്കാനാണ്‌ രാജ്യം താല്‍പര്യപ്പെടുന്നത്‌, ഗേറ്റ്സ്‌ പറഞ്ഞു. അമേരിക്കന്‍ അധികൃതര്‍ താലിബാനുമായി ചര്‍ച്ച നടത്തുന്നുവെന്ന്‌ അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി ശനിയാഴ്ച പ്രസ്താവനയിറക്കിയിരുന്നു.
ഇതോടൊപ്പം പ്രാഥമികതല ചര്‍ച്ചകള്‍ മാത്രമാണ്‌ താലിബാനുമായി നടത്തുന്നതെന്നും 2014ഓടെ അഫ്ഗാനിസഥാനില്‍ സുരക്ഷാ സമവാക്യങ്ങള്‍ ദൃഢപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു. യുദ്ധ നടപടികള്‍ പിന്തുടരുവാന്‍ അമേരിക്കന്‍ ജനത അശേഷം താല്‍പര്യപ്പെടുന്നില്ലെന്നും, ഇക്കാരണത്താല്‍ അഫ്ഗാനടക്കമുള്ള രാജ്യങ്ങളില്‍ നടക്കുന്ന സമവായ ചര്‍ച്ചകള്‍ക്ക്‌ അമേരിക്കന്‍ ജനത ഒന്നടങ്കം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ അവകാശപ്പെടുന്നു. അല്‍ഖ്വയ്ദയുമായുള്ള ബന്ധം ഇടിഞ്ഞ്‌ സമാധാനത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറാകുന്ന താലിബാനികള്‍ക്ക്‌ സുരക്ഷിതമായ ഭാവിയുണ്ടെന്നതാണ്‌ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ പ്രചരിപ്പിക്കുന്ന സന്ദേശം.
2001 സപ്തംബര്‍ 11ന്‌ അമേരിക്കയിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്ററിനു നേര്‍ക്ക്‌ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന്‌ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങള്‍ക്കൊടുവിലാണ്‌ രാജ്യത്തെ താലിബാന്‍ ഭരണം അവസാനിച്ചത്‌. ബ്രിട്ടന്റെ സഹകരണത്തോടെ അമേരിക്ക നടത്തിയ സൈനികാക്രമണങ്ങളില്‍ താലിബാന്‍ നേതൃത്വം പരാജിതരായി പിന്‍വാങ്ങുകയാണുണ്ടായത്‌. നിലവില്‍ അമേരിക്കയുടെ സൈനിക സഹായത്തോടെയാണ്‌ അഫ്ഗാനില്‍ ഭരണം നടക്കുന്നത്‌. എന്നാല്‍ രാജ്യത്തെ രാഷ്ട്രീയ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുന്ന പക്ഷം അവിടെയുള്ള മുഴുവന്‍ യുഎസ്‌ സൈനികരെയും പിന്‍വലിക്കുമെന്നാണ്‌ അമേരിക്ക വ്യക്തമാക്കിയിട്ടുള്ളത്‌.
ഇതിനിടയില്‍ താലിബാന്‌ അധികാരം പങ്കിട്ടുനല്‍കാനുള്ള പുതിയ പദ്ധതി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്‌. താലിബാന്‍ ഭരണകാലത്ത്‌ കടുത്ത മതനിയമങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന ജനങ്ങള്‍ക്ക്‌ നിലവിലുള്ള ഭരണ വ്യവസ്ഥിതി പരമാവധി സ്വാതന്ത്ര്യം നല്‍കുന്നുണ്ട്‌. എന്നാല്‍ താലിബാന്‌ വീണ്ടും അധികാരം ലഭിക്കുകയാണെങ്കില്‍ ഇത്തരം കര്‍ശന നിയമങ്ങള്‍ ഒരിക്കല്‍ക്കൂടി തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ്‌ സാധാരണക്കാരുടെ അഭിപ്രായം.