ടവര്‍ സെക്യൂരിറ്റി ജീവനക്കാര്‍ ൧൬ മുതല്‍ പണിമുടക്കിലേക്ക്‌

Saturday 6 August 2011 3:55 pm IST

കണ്ണൂറ്‍: ടവര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ മിനിമം കൂലിക്കും പിരിച്ചുവിടല്‍ അവസാനിപ്പിക്കുന്നതിനുമായി ൧൬ മുതല്‍ അനിശ്ചിതകാല പണിമുടക്കാരംഭിക്കുമെന്ന്‌ സംയുക്ത സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂറ്‍ ജില്ലയിലെ മുന്നൂറില്‍പ്പരം ടവറുകളില്‍ ൫൦൦ ഓളം പേര്‍ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്യുന്നുണ്ട്‌. നിസ്സ, റാവന്‍ബേക്ക്‌, ചെക്ക്മേറ്റ്‌, സിസ്കോ തുടങ്ങിയ ഏജന്‍സികളുടെ കീഴിലാണ്‌ ഇവര്‍ ജോലി ചെയ്യുന്നത്‌. കേരള സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം കൂലി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ചുരുക്കം തൊഴിലാളികള്‍ക്ക്‌ മാത്രമേ ലഭിക്കുന്നുള്ളൂ. മിനിമം കൂലി ആവശ്യപ്പെട്ടതിണ്റ്റെ ഫലമായി എട്ട്‌ വര്‍ഷം വരെ സര്‍വീസുള്ള തൊഴിലാളികളെ യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചുവിടുകയാണ്‌. ജില്ലാ ലേബര്‍ ഓഫീസില്‍ വെച്ച്‌ മിനിമം കൂലി സംബന്ധിച്ചും പിരിച്ചുവിടല്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്ത്‌ തീരുമാനമുണ്ടാക്കിയെങ്കിലും ചുരുക്കം പേര്‍ക്ക്‌ മാത്രമാണ്‌ ആയത്‌ ലഭിക്കുന്നത്‌. ടവറുകള്‍ സ്ഥാപിക്കുന്ന അവസരത്തില്‍ പല സ്ഥലങ്ങളിലും ജനങ്ങളില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. പ്രദേശത്ത്‌ താമസിക്കുന്ന രണ്ടുപേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമെന്ന ആശ്വാസം കൊണ്ടുമാത്രമാണ്‌ എതിര്‍പ്പ്‌ കുറഞ്ഞത്‌. മിനിമം കൂലി ലഭിക്കുന്നതിന്‌ വേണ്ടിയും പിരിച്ചു വിടല്‍ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടും സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിഎംഎസ്‌. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്‌ ൧൬ മുതല്‍ അനിശ്ചിതകാല പണിമുടക്ക്‌ സമരവുമായി മുന്നോട്ട്‌ പോകാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. സമര സമിതി കണ്‍വീനര്‍ പി.വി.കുഞ്ഞപ്പന്‍, പി.ബാലന്‍(ബിഎംഎസ്‌), പി.രത്നാകരന്‍(ഐഎന്‍ടിയുസി), കെ.കൃഷ്ണന്‍(സിഐടിയു), താവം ബാലകൃഷ്ണന്‍(എഐടിയുസി) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.