സോളാര്‍ തട്ടിപ്പ്‌: ലക്ഷ്യമിട്ടത്‌ പതിനായിരത്തോളം കോടി

Wednesday 19 June 2013 9:50 am IST

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു നടത്തിയവര്‍ ലക്ഷ്യമിട്ടത്‌ പതിനായിരത്തോളം കോടിയുടെ അഴിമതി. സംസ്ഥാനത്തിന്റെ സോളാര്‍ എനര്‍ജി പോളിസിയുടെ മറവിലാണ്‌ സര്‍ക്കാര്‍ പണം വന്‍തോതില്‍ സബ്സിഡി ഇനത്തില്‍ ചെലവിടുന്ന സോളാര്‍ പദ്ധതി അഴിമതി നടത്താന്‍ പദ്ധതിയിട്ടത്‌.
സംസ്ഥാനത്തെ പതിനായിരം മേല്‍ക്കൂരകളില്‍ സോളാര്‍പദ്ധതിക്കുള്ള പാനലുകള്‍ സ്ഥാപിക്കുമെന്നാണ്‌ സോളാര്‍ എനര്‍ജി നയത്തിന്റെ കരടില്‍ വ്യക്തമാക്കിയിരുന്നത്‌. രണ്ടാം ഘട്ടത്തില്‍ 25000 മേല്‍ക്കൂരകളിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കും. അടുത്ത ഘട്ടത്തില്‍ ഇതിനിരട്ടി സ്ഥലത്തും പാനലുകള്‍ സ്ഥാപിക്കും.
ഇതിലൂടെ 2017 ആകുമ്പോഴേക്ക്‌ 500 മെഗാവാട്ടും 2030 ആകുമ്പോഴേക്ക്‌ 1500 മെഗാവാട്ട്‌ സൗരോര്‍ജ്ജവും ഉല്‍പാദിപ്പിക്കാമെന്നും ലക്ഷ്യമിടുന്നു. ഒരു കിലോവാട്ട്‌ സൗരോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന പാനല്‍ തയ്യാറാക്കാന്‍ 39,000 രൂപ കേരള സര്‍ക്കാര്‍ സബ്സിഡി നല്‍കും. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി എത്രയെന്ന്‌ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത്‌ സംസ്ഥാനം നല്‍കുന്നതിലും കൂടുതലായിരിക്കും. ഒരു കിലോവാട്ട്‌ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പാനല്‍ സ്ഥാപിക്കുന്നതിന്‌ രണ്ടു ലക്ഷത്തോളം രൂപ ചെലവുവരുമ്പോള്‍ 80,000 മാത്രമാണ്‌ ഉപഭോക്താവിന്‌ കയ്യില്‍ നിന്ന്‌ മുടക്കേണ്ടിവരുന്നത്‌. ഈ സബ്സിഡി പണത്തില്‍ കണ്ണുവച്ചും കമ്പനികളില്‍ നിന്നുലഭിക്കുന്ന കമ്മീഷനില്‍ നോട്ടമിട്ടുമാണ്‌ സോളാര്‍ പാനല്‍ തട്ടിപ്പുകാര്‍ പദ്ധതികളാവിഷ്കരിച്ചത്‌. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ പ്രതിസന്ധി മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ്‌ സര്‍ക്കാര്‍ നടത്തിയതെങ്കില്‍ സോളാര്‍ തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടത്‌ ഇടനിലനിന്നുകൊണ്ട്‌ നേടാവുന്ന കോടികളാണ്‌.
പതിനഞ്ചോളം കമ്പനികളെയാണ്‌ പ്ലാന്റ്‌ സ്ഥാപിക്കാനുള്ള ഏജന്‍സിയായി സര്‍ക്കാര്‍ മുന്നില്‍ കണ്ടിരുന്നത്‌. കേരളത്തില്‍ വ്യാപകമായി ഇത്‌ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനമായ അനര്‍ട്ടിനുമാത്രം കഴിയില്ല. അതിനാല്‍ സ്വകാര്യസ്ഥാപനങ്ങളെയും തിരഞ്ഞെടുക്കുകയായിരുന്നു. സ്വകാര്യസ്ഥാപനങ്ങള്‍ പദ്ധതിയിലൂടെ ലഭിക്കുന്ന വലിയതോതിലുള്ള വരുമാനമാണ്‌ നോട്ടമിട്ടത്‌. പലരും ഇതിലേക്ക്‌ പണമിറക്കാന്‍ തയ്യാറായതും അതിനാല്‍ തന്നെയാണ്‌. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഖജനാവില്‍ നിന്ന്‌ ലഭിക്കുന്ന സബ്സിഡിപണം കൈക്കലാക്കുകയായിരുന്നു ഇവരുടെ എല്ലാം ലക്ഷ്യം.
ഇപ്പോള്‍ പുറത്തുവന്ന തട്ടിപ്പ്‌ ലക്ഷ്യമിട്ടതിന്റെ ഒരു ഭാഗംമാത്രമേ ആകുന്നുള്ളൂ എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. കേരളത്തില്‍ സൗരോര്‍ജ്ജ വിപ്ലവം നടത്താന്‍ ലക്ഷ്യമിട്ടപ്പോള്‍ അതിലൂടെ കമ്മീഷന്‍ അടിസ്ഥാനത്തിലും ലാഭവിഹിതമായും കോടികള്‍ കൊയ്യാനാണ്‌ മറ്റുചിലര്‍ ഉന്നം വച്ചത്‌. കേരളത്തിലെ സൗരോര്‍ജ്ജ വിപ്ലവം തുടക്കത്തില്‍ തന്നെ പാളിപ്പോകുന്ന കാഴ്ചയാണ്‌ കാണുന്നത്‌.
ആര്‍.പ്രദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.