പാലാ നഗരസഭാ കാര്യാലയത്തിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് ളാലം തോട്ടില്‍ പതിച്ചു; കെട്ടിടത്തിന് ഭീഷണിയില്ലെന്ന് വിദഗ്ധര്‍

Wednesday 19 June 2013 9:36 pm IST

പാലാ: നഗരസഭാ കാര്യാലയത്തിലേയ്ക്കുള്ള റോഡു സംരക്ഷണഭിത്തിയും ഇടിഞ്ഞ് ളാലം തോട്ടില്‍ പതിച്ചു. ളാലം പാലം മുതല്‍ നഗരസഭാ കാര്യാലയത്തിലേയ്ക്കുള്ള പ്രവേശന കവാടംവരെ ഏതാണ്ട് 40 മീറ്റര്‍ നീളത്തില്‍ 12 മീറ്ററോളം വീതിയില്‍ നഗരസഭാകാര്യാലയത്തിന്റെ ളാലം തോട്ടിലെ സംരക്ഷണഭിത്തിയാണ് പൂര്‍ണ്ണമായും തകര്‍ന്നു വീണത്. ഇവിടെ സ്ഥാപിച്ചിരുന്ന മഹാകവി കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയുടെ പ്രതിമയും നിലം പതിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിക്കുശേഷമാണ് സംഭവം. കാലവര്‍ഷം ശക്തിപ്പെട്ടതോടെ ളാലം തോട്ടില്‍ ഉണ്ടായ ശക്തമായ വെള്ളം ഒഴുക്കാണ് സംരക്ഷണഭിത്തി ഇടിയാന്‍ കാരണമായതെന്ന് വിലയിരുത്തുന്നു. 25 അടിയോളം ഉയരമുള്ളതാണ് കരിങ്കല്ലില്‍ തീര്‍ത്ത സംരക്ഷണ ഭിത്തി. നഗരസഭാ മന്ദിരത്തിനു സമീപം ളാലം തോടിനു സമാന്തരമായി പുതിയതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ പണികളുമായി ബന്ധപ്പെട്ട് എടുത്ത മണ്ണിട്ട് തോടിന്റെ ഒരു ഭാഗം വെള്ളം ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ തോട്ടിലെ വെള്ളം ഉയരുകയും ഒരു വശത്തുകൂടിമാത്രം വെള്ളം ശക്തമായി ഒഴുകിയെത്തി സംരക്ഷണഭിത്തിയില്‍ പതിച്ച് ഭിത്തിയുടെ അടിത്തറയും മണ്ണും ഇളകിയതാണ് സംരക്ഷണഭിത്തി തകരാന്‍ കാരണമെന്ന് പ്രാഥമിക നിഗമനം. രാത്രി സമയത്തായതിനാല്‍ വന്‍ദുരന്തം ഒഴിവായി. സംഭവം നടന്ന ഉടനെ നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, കൗണ്‍സില്‍ അംഗങ്ങള്‍, ആര്‍ഡിഒ ഇ.വി. ബേബിച്ചന്‍, ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്‍, ഫയര്‍ ഫോഴ്‌സ്, നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി ഗതാഗതനിയന്ത്രണം ഉള്‍പ്പെടെ തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കി. വ്യാപാര സമുച്ചയങ്ങളോടുകൂടിയ നഗരസഭാ മന്ദിരത്തിനും ളാലം പാലത്തിനും ബലക്ഷയമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഇനിയും ഈ ഭാഗത്ത് വിള്ളല്‍ ഉള്ളത് ആശങ്കയുണ്ടാക്കുന്നുണ്ട്. പാലത്തിനു സമീപം ശേഷിച്ചഭാഗം ഇനിയും ഇടിഞ്ഞാല്‍ പാലത്തിന്റെ അപ്രോച്ച് രോഡിന് ബലക്ഷയമുണ്ടാവുകയും ഗതാഗതം തടസ്സപ്പെടാനും ഇടയുണ്ട്. ഇത് മുന്നില്‍ക്കണ്ടുള്ള അടിയന്തിര നടപടികള്‍ ഇന്ന് തുടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.