ദേശീയ ദുരന്തം

Friday 21 June 2013 8:32 pm IST

പ്രളയക്കെടുതി ഉത്തരാഞ്ചലില്‍ നടാടെയല്ലെങ്കിലും ഇത്തവണ നാടിനെയാകെ നടുക്കിയിരിക്കുകയാണ്‌. 1500 ല്‍ പരംപേര്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തു എന്നാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ ലഭിച്ച സംഖ്യ. 320 മൃതദേഹങ്ങള്‍ കണ്ടെത്താനായി എന്നാണ്‌ ഉത്തരാഖണ്ഡ്‌ ദുരന്തനിവാരണ കേന്ദ്രം ഔദ്യോഗികമായി നല്‍കിയ വിവരം. ഇതിനകം മുപ്പത്തയ്യായിരത്തോളം പേരെ രക്ഷപ്പെടുത്തിയെന്നും അതിന്റെ ഇരട്ടിപ്പേര്‍ വിവിധ സ്ഥലങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണെന്നുമാണ്‌ അറിയുന്നത്‌. അടുത്ത ചൊവ്വാഴ്ച വരെ ഇവിടങ്ങളില്‍ കനത്ത മഴയാണ്‌ പ്രവചിച്ചിട്ടുള്ളത്‌.
അങ്ങിനെയാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പോലും ദുഷ്കരമാകും. മഴമാറിയാല്‍ മാത്രമേ രക്ഷാപ്രവവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയൂ എന്നാണ്‌ അധികൃതര്‍ നിരത്തുന്ന ന്യായം. സൈന്യത്തിന്റെ സേവനമാണ്‌ ഇപ്പോള്‍ മുഖ്യമായും ലഭിക്കുന്നത്‌. 45 ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ എല്ലാറ്റിനും വിഘാതമാവുകയാണ്‌. ഉത്തരാഞ്ചലിലെ പ്രധാന റോഡുകളെല്ലാം മഴകൊണ്ടുപോയി. യാത്രാസൗകര്യം മാത്രമല്ല വാര്‍ത്താവിനിമയ സംവിധാനങ്ങളും പൂര്‍ണ്ണമായും നിലച്ചു. തീര്‍ത്ഥാടനകേന്ദ്രമായ ബദരീനാഥ്‌, കേദാര്‍നാഥ്‌ മേഖലയിലാണ്‌ ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ചത്‌. 20,000ത്തോളം വീടുകള്‍ ഉള്‍പ്പെടെ ഗ്രാമങ്ങള്‍ തന്നെ ഒലിച്ചുപോയി.
ബദരീനാഥില്‍ തീര്‍ത്ഥാടകര്‍ താമസിക്കുന്ന 90 ധര്‍മ്മശാലകളും ഒലിച്ചുപോയവയില്‍പ്പെടുന്നു. വാഹനങ്ങള്‍ എത്രയെണ്ണം ഒഴുകിയെന്നതിന്റെ കണക്കെടുപ്പ്‌ പോലും പൂര്‍ത്തിയായില്ല. തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളുമുണ്ട്‌. ശിവഗിരിയിലെ സന്ന്യാസിമാര്‍ ഉള്‍പ്പെടെ അവരിലുണ്ട്‌.
കോട്ടയം-പാലാ-പത്തനംതിട്ട ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും ഒറ്റപ്പെട്ട്‌ ദുരിതം അനുഭവിക്കുകയാണ്‌. മഴമൂലം പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ മുട്ടാത്ത വാതിലുകളില്ല. ഉത്തരാഖണ്ഡ്‌ സംസ്ഥാനസര്‍ക്കാര്‍ അന്തംവിട്ടുനില്‍ക്കുകയല്ലാതെ ഒന്നും ചെയ്യാനാവുന്നില്ല. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ആകാശനിരീക്ഷണത്തിന്‌ കഴിഞ്ഞദിവസം പറന്നെത്തി. കൂടെ പ്രധാനമന്ത്രിയേയും കൂട്ടി. രണ്ടുപേരും പ്രളയം കണ്ടാസ്വദിച്ചതല്ലാതെ സത്വര നടപടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളോ പ്രഖ്യാപനങ്ങളോ ഉണ്ടായിട്ടില്ല. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട്‌ 11000 ത്തോളം അടി ഉയരത്തിലുള്ള പര്‍വ്വതപ്രദേശത്തെ ദുരന്തത്തിന്റെ ആഘാതം വലുതാണ്‌. പരിസ്ഥിതി ദുര്‍ബ്ബലപ്രദേശമായ സ്ഥലത്ത്‌ മഴക്കാലത്ത്‌ ഏര്‍പ്പെടുത്തേണ്ട ജാഗ്രതയൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഒരു വ്യാഴവട്ടം മുന്‍പ്‌ ഇതുപോലുള്ള ദുരന്തം ഉത്തരാഞ്ചല്‍ നേരിട്ടതാണ്‌. ഏതുകാലവര്‍ഷക്കാലത്തും പ്രളയം പ്രതീക്ഷിക്കേണ്ടതായിരുന്നു. പ്രളയവും തുടര്‍ന്നുള്ള ദുരിതങ്ങളും കൊണ്ട്‌ ഉത്തരാഞ്ചല്‍ പൊറുതിമുട്ടുമ്പോള്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും വിദേശസഞ്ചാരത്തിന്‌ തയ്യാറെടുക്കുകയാണെന്ന വാര്‍ത്തയാണ്‌ അവിടെനിന്നും ലഭിക്കുന്നത്‌.
ഈ പ്രളയക്കെടുതി നേരിടാന്‍ നാടുമുഴുവന്‍ ഒന്നാകേണ്ടാതായിരുന്നു. കേന്ദ്രത്തിന്‌ മാത്രമല്ല സംസ്ഥാനങ്ങള്‍ക്കും ചുമതലയുണ്ട്‌. ഗുജറാത്ത്‌ സര്‍ക്കാര്‍ ദുരിതബാധിതരെ സഹായിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ മുന്നോട്ടുവന്നിട്ടുണ്ട്‌. ദുരന്തനിവാരണ ഫണ്ടിലേക്ക്‌ ഉത്തരാഖണ്ഡ്‌ സര്‍ക്കാരിന്‌ രണ്ട്‌ കോടി രൂപ നല്‍കാന്‍ ഗുജറാത്ത്‌ തീരുമാനിച്ചു. ഇത്‌ ആദ്യഗഡു മാത്രമാണ്‌. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനസര്‍ക്കാറുകള്‍ നിസ്സംഗത പുലര്‍ത്തുന്നത്‌ ദുഃഖകരമാണ്‌. മലയാളികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ദല്‍ഹി കേരളഹൗസില്‍ ഒരു കണ്‍ട്രോള്‍റൂം തുറന്നതുകൊണ്ട്‌ പ്രശ്നം തീരുന്നില്ല. തമിഴ്‌നാട്‌ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിച്ചതെങ്കിലും മാതൃകയാക്കേണ്ടതായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു സാന്നിദ്ധ്യവും ദുരന്തബാധിതരായ മലയാളികള്‍ക്ക്‌ അനുഭവപ്പെടുന്നില്ലെന്ന്‌ പരാതികളുയര്‍ന്നിട്ടുണ്ട്‌. മറ്റേതെങ്കിലും വിഭാഗത്തിന്റെ ആരാധനാലയങ്ങളും തീര്‍ത്ഥാടകരുമാണ്‌ ഇത്തരം ദുരന്തത്തില്‍പ്പെട്ടതെങ്കില്‍ ഇതായിരിക്കുമോ സര്‍ക്കാരിന്റെ സമീപനമെന്ന ചോദ്യമാണ്‌ പരക്കെ ഉയരുന്നത്‌. ഉത്തരാഖണ്ഡിലുണ്ടായ ദുരന്തം പ്രാദേശിക പ്രശ്നമല്ല. ദേശീയദുരന്തം തന്നെയാണ്‌. ആ നിലയില്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തയ്യാറാകണം. കേരളവും എത്രയും വേഗം ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.