താലിബാന്‍ ആക്രമണത്തില്‍ നാറ്റോയുടെ കോപ്റ്റര്‍ തകര്‍ന്ന് 38 മരണം

Saturday 6 August 2011 5:27 pm IST

കാബൂള്‍: കിഴക്കന്‍ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ നാറ്റോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 38 പേര്‍ മരിച്ചു. യു.എസ് പ്രത്യേക സൈന്യത്തിലെ 31 പേരും ഏഴ് അഫ്ഗാന്‍ ജവാന്‍മാരുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ആണ് ഇക്കാര്യം അറിയിച്ചത്. സയദ്‌ അബാദ്‌ ജില്ലയിലെ വര്‍ദകിലാണ്‌ സംഭവം നടന്നതെന്നും അഫ്‌ഗാന്‍ അധികൃതര്‍ സംഭവം സ്ഥലം സന്ദര്‍ശിച്ച്‌ പരിശോധന നടത്തിയെന്നും ഔദ്യോഗിക വക്‌താവ്‌ പറഞ്ഞു. എന്നാല്‍ നാറ്റോ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. ഇത്‌ യ.എസ്‌ സൈനീക ഹെലികോപ്റ്ററാണെന്ന്‌ താലിബാന്‍ വക്‌താവ്‌ സബിയുള്ള മുജാഹിദ്‌ പറഞ്ഞു. സയദ്‌ അബാദിലുള്ള ഒരുവീട്ടില്‍ സമ്മേളനം നടത്തിയവര്‍ക്ക്‌ നേരെ നാറ്റോ ആക്രമണം നടത്തുകയായിരുന്നെന്നും താലിബാന്‍ നടത്തിയ വെടിവയ്‌പില്‍ കോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നും മുജീഹിദ്‌ പറഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നും മുജാഹിദ്‌ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. സമ്മേളനത്തിനുണ്ടായിരുന്ന എട്ടു പേര്‍ മരിച്ചുവെന്നും മുജാഹിദ്‌ അറിയിച്ചു.