ളാലം തോട് സംരക്ഷണം മിലിറ്ററി എഞ്ചിനീയറിംഗ് വിഭാഗത്തെ ഏല്‍പ്പിക്കണം

Friday 21 June 2013 9:18 pm IST

പാലാ: നഗരസഭാ കാര്യാലയം ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മുനിസിപ്പല്‍ കോംപ്ലക്‌സിന്റെ സംരക്ഷണഭിത്തി പുനര്‍ നിര്‍മ്മിക്കുന്നതിന് മിലിറ്ററി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ അടിയന്തിര സഹായം തേടണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ആവശ്യപ്പെട്ടു. പാലായിലെ നിരവധി നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ പൊതുമരാമത്ത് വകുപ്പിനെ ചുമതല ഏല്‍പ്പിക്കുന്നത് ആത്മഹത്യാപരമാണ്. പ്രതിരോധമന്ത്രി എ. കെ. ആന്റണിയെ ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താന്‍ ധനമന്ത്ര കെ. എം. മാണിക്ക് സാധിക്കുമെന്ന് എബി ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പ് ളാലം തോട്ടില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിനു വേണ്ടി അശാസ്ത്രീയമായി ജലം ഗതിതിരിച്ചു വിട്ടതാണ് സംരക്ഷണഭിത്തിയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. പാലായിലെ നിര്‍മ്മാണത്തിലെ അപാകതമൂലം റിവര്‍വ്യൂ റോഡ് പലഘട്ടങ്ങളിലായി മൂന്നിടത്താണ് തകര്‍ന്നത്. ഈ റോഡ് പൂര്‍ണ്ണമായും അപകട ഭീഷണിയാണെന്നതിന്റെ തെളിവാണ് പലയിടങ്ങളിലെ തകര്‍ച്ച. ഇതിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് സംരക്ഷണഭിത്തി അപകടമുണ്ടായ ശേഷം പഴയ ളാലം പാലത്തിനു ഭീഷണി ഇല്ലെന്നു പറഞ്ഞിരിക്കുന്നത്. റിവര്‍വ്യൂ റോഡിന്റെയും പഴയ ളാലം പാലത്തിന്റെ സുരക്ഷയേയും സംബന്ധിച്ച് സംസ്ഥാന റോഡ് സേഫ്റ്റി കമ്മീഷണര്‍ അടിയന്തിര പരിശോധന നടത്തണം ളാലം തോടിന്റെ സംരക്ഷണഭിത്തി തകര്‍ച്ചയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരുടെ കൈയ്യില്‍ നിന്നും പുനര്‍ നിര്‍മ്മാണത്തിനുള്ള തുക ഈടാക്കണം. റിവര്‍വ്യൂ റോഡ് പൂര്‍ണമായും ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടേയും കരാറുകാരന്റെയും ചെലവില്‍ പുനര്‍നിര്‍മ്മിക്കണമെന്നും എബി ജെ. ജോസ് ആവശ്യപ്പെട്ടു. രണ്ടു സംഭവങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണം. ഇത്തരം വിഷയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ലാത്തതില്‍ ദുരൂഹതയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.