അസൂറിപ്പൂട്ട്‌ പൊളിയുന്നു

Sunday 23 June 2013 10:37 pm IST

റിയോ ഡി ജെയിനെറോ: ലോക ഫുട്ബോളിലെ പുകള്‍പെറ്റ ഇറ്റാലിയന്‍ പ്രതിരോധതന്ത്രത്തിന്റെ സമ്പൂര്‍ണ പതനത്തിന്‌ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ സാക്ഷിയാകുമോ. പാവ്ലോ മള്‍ഡീനിയുടെയും ഫാബിയൊ കന്നവാരയുടെയുമൊക്കെ പിന്‍ഗാമികള്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി വഴങ്ങിയത്‌ ഏഴു ഗോളുകള്‍. ഗ്രൂപ്പ്‌ എയില്‍ ബ്രസീലിനെതിരായ അവസാന മത്സരത്തില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക്‌ നാണംകെട്ട അസൂറിപ്പടയുടെ നിലവാരമില്ലാത്ത പ്രകടനം ആ സാധ്യതകളിലേക്കു വിരല്‍ ചൂണ്ടുന്നു. ജപ്പാനോട്‌ കഷ്ടിച്ച്‌ (4-3) രക്ഷപെട്ട ഇറ്റലിയുടെ കളി കാനറികളോട്‌ അതിലും ദയനീയമായി.
സാല്‍വദോറിന്റെ സ്വന്തം പുത്രന്‍ ഡാന്റെയുടെയും സൂപ്പര്‍ താരം നെയ്മറിന്റെയും ഗോളുകളുകള്‍ക്കൊപ്പം ഫ്രഡിന്റെ ഇരട്ട സ്ട്രൈക്കും ചേര്‍ത്ത്‌ മഞ്ഞക്കിളികള്‍ വിജയം കൊത്തിപ്പറന്നപ്പോള്‍ ഇറ്റലിയുടെ ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു. ഇമാന്വലെ ജിയാച്ചെറിനി, ജോര്‍ജിയോ ചിയെല്ലിനി എന്നിവരുടെ ഗോളുകള്‍ സന്ദര്‍ശകരുടെ മാനം രക്ഷിച്ചെന്നു പറയാം. സെമിയില്‍ സ്പെയിനാവും ഇറ്റലിയുടെ എതിരാളി. കളി ഇതാണങ്കില്‍ സ്പാനിഷ്‌ അര്‍മാഡയുടെ പ്രയാണം സുനിശ്ചിതം.
വ്യക്തമായ കേളീ തന്ത്രങ്ങളുടെ അഭാവത്തില്‍ അലയുകയായിരുന്നു ടൂര്‍ണമെന്റില്‍ ഇതുവരെ അസൂറിപ്പട. ബ്രസീലിനോടുള്ള മുഖാമുഖത്തിന്റെ ഒന്നാം പകുതിയില്‍ നല്ലൊരു നീക്കം നടത്താന്‍പോലും അവര്‍ക്കായില്ല. തുടക്കത്തില്‍ത്തന്നെ സബ്റ്റിറ്റിയൂഷന്‍ നടത്തി സെസാര്‍ പ്രാന്‍ഡെല്ലി ഭാവനാ ശൂന്യത അടിവരയിട്ടു. ജപ്പാനെതിരെ ആല്‍ബര്‍ട്ടോ അക്വുലാനിയെ കളി മുറുകുംമുന്‍പെ കരയ്ക്കു വിളിച്ച കോച്ച്‌ ഇത്തവണ 26-ാ‍ം മിനിറ്റില്‍ റിക്കാര്‍ഡോ മോണ്ടോലിവോയെ സൈഡ്‌ ബഞ്ചിലേക്ക്‌ ആനയിച്ചു. ഇറ്റലിയുടെ ശ്രേഷ്ഠവും പ്രശംസനീയവുമായ ശൈലിക്ക്‌ വിപരീതമായിരുന്നു പ്രാന്‍ഡെല്ലിയുടെ ഈ തീരുമാനങ്ങള്‍. കളിക്കാരുടെ നിലവാരത്തകര്‍ച്ചകൂടിയായപ്പോള്‍ ടീമിന്റെ നില പരിതാപകരം.
സ്ഥിരതയുടെ പര്യായമായിരുന്ന യുവന്റസ്‌ ഡിഫന്‍ഡര്‍ ആന്ദ്രെ ബര്‍സാഗിയടക്കമുള്ളവര്‍ അലസതയുടെയും അച്ചടക്കരാഹിത്യത്തിന്റയും ബൂട്ടുകെട്ടിയലഞ്ഞു. മെക്സിക്കോയുമായുള്ള മത്സരത്തില്‍ പെനാല്‍റ്റി വഴങ്ങിയത്‌ ബര്‍സാഗിയുടെ ഒരു പിഴ. തരംതാണ ബാക്പാസിലൂടെ മാറ്റിയ ഡി സ്കിഗ്ലിയോ ജപ്പാനും സമ്മാനിച്ചു ഒരു പെനാല്‍റ്റി. ബ്രസീലിനോടാകട്ടെ ലിയനാര്‍ഡൊ ബൊനൂച്ചിയും ചിയെല്ലിനിയും ഫ്രഡിന്‌ ആവോളം സ്വാതന്ത്ര്യം അനുവദിച്ചു. ഇരട്ടഗോളുകള്‍ തൊടുത്ത ഫ്രഡ്‌ കളിയുടെ ജാതകം കുറിക്കുകയും ചെയ്തു.
ഏതൊരു സ്ട്രൈക്കറെയും ചെറുക്കാന്‍ ശേഷിയുള്ള ജിയാന്‍ലൂഗി ബഫണ്‍ എന്ന ഗോള്‍ കീപ്പിങ്‌ ഇതിഹാസം ഇറ്റാലിയന്‍ നിരയിലുണ്ട്‌. എന്നാല്‍ തന്റെ മുന്നില്‍ മതില്‍തീര്‍ക്കുന്നവരുടെ തുടര്‍ പിഴവുകള്‍ ബഫണിന്റെയും നിലവാരം തകര്‍ത്തു. നെയ്മറുടെ ഫ്രീകിക്ക്‌ തന്റെ വശത്തേക്കു വന്നിട്ടും തടുക്കാന്‍ സാധിക്കാത്തതും മാര്‍സലോയുടെ ഷോട്ട്‌ തട്ടിയെറിഞ്ഞ്‌ ഫ്രഡിന്‌ ആദ്യ ഗോളിന്‌ അവസരമൊരുക്കിയതും ബഫണിന്റെ പേരിനുംപെരുമയ്ക്കും കോട്ടംതീര്‍ത്തു. ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടര്‍ ഫൈനലിനിടെ ജര്‍മന്‍ ഇതിഹാസം ബെക്കന്‍ ബോവര്‍ ബഫണിനെ 'പെന്‍ഷന്‍കാരന്‍'എന്നു കളിയാക്കിയിരുന്നു. അതു ശരിവയ്ക്കുന്നതായിരുന്നു ബ്രസീല്‍ മാച്ചില്‍ ഇറ്റാലിയന്‍ ഗോളിയുടെ റിഫ്ലക്സുകള്‍. പ്രതിഭാധനനായ പ്ലേമേക്കറുടെ അഭാവും ഇറ്റലിയെ പ്രശ്നങ്ങളുടെ ആഴക്കുഴിയിലേക്ക്‌ തള്ളിയിടുന്നു. ഫോം നഷ്ടപ്പെട്ട സ്റ്റീഫന്‍ എല്‍ ഷാര്‍വെയെ മരിയോ ബെലോട്ടെലിക്കു പന്തെത്തിക്കുന്ന ദൗത്യമേല്‍പ്പിക്കുന്ന ചിന്ത പ്രാന്‍ഡെല്ലി പണ്ടേ തട്ടില്‍വച്ചുകഴിഞ്ഞു. ആന്ദ്രെ പിര്‍ലോയും ഡാനിയേല ഡി റോസിയും തങ്ങള്‍ക്ക്‌ എന്തിനൊക്കെയാണോ പ്രാപ്തിയുള്ളത്‌ അവയ്ക്കടുത്തുപോലും എത്തിയുമില്ല.
"ഈ അവസ്ഥയില്‍ ഞങ്ങള്‍ക്ക്‌ പുതിയ കാലുകള്‍വേണം. സാങ്കേതികത വലിയ ഗുണമൊന്നും ചെയ്യില്ല. ശാരീരികമായ മൂര്‍ച്ച അനിവാര്യം". പ്രാന്‍ഡെല്ലി ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാല്‍ അതടിസ്ഥാനമാക്കിയുള്ള മാറ്റം അത്രപെട്ടെന്ന്‌ സാധ്യമല്ല. അതിനാല്‍ത്തന്നെ സ്പെയിനുമായുള്ള സെമിക്കു മുന്‍പ്‌ വ്യക്തമായ തന്ത്രമെങ്കിലും ഒരുക്കിയാലെ ഇറ്റലിക്കു പിടിച്ചു നില്‍ക്കാനാവു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.