സോണിയയെ ഐസിയുവില്‍ നിന്ന്‌ മാറ്റി

Saturday 6 August 2011 8:50 pm IST

ന്യൂദല്‍ഹി: യുഎസ്‌ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക്‌ വിധേയയായ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന്‌ മാറ്റി. 24 മണിക്കൂറുകള്‍ക്കുശേഷമാണ്‌ സോണിയയെ തീവ്രപരിചരണവിഭാഗത്തില്‍നിന്ന്‌ മാറ്റിയത്‌.
മുഴുവന്‍ സന്ദേശങ്ങള്‍ക്കും ആശംസകള്‍ക്കും സോണിയയുടെ കുടുംബം നന്ദി പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ്‌ മാധ്യമ വിഭാഗം തലവന്‍ ജനാര്‍ദ്ദന്‍ ദ്വിവേദി പ്രസ്താവനയില്‍ അറിയിച്ചു.
64 വയസുള്ള സോണിയയെ ഓഗസ്റ്റ്‌ നാലിനാണ്‌ ശസ്ത്രക്രിയക്ക്‌ വിധേയയാക്കിയത്‌. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന്‌ ഇത്‌ നടത്തിയ സര്‍ജന്‍ അറിയിച്ചിരുന്നു. അതേസമയം എന്താണ്‌ സോണിയയുടെ രോഗമെന്ന്‌ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ്‌ അധ്യക്ഷ രണ്ട്‌ മൂന്ന്‌ ആഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ദ്വിവേദി വ്യക്തമാക്കി. മകനും കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ഗാന്ധി, ജനാര്‍ദ്ദന്‍ ദ്വിവേദി, രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ്‌ പട്ടേല്‍, പ്രതിരോധമന്ത്രി എ.കെ. ആന്റണി എന്നിവരാണ്‌ സോണിയയുടെ അഭാവത്തില്‍ പാര്‍ട്ടികാര്യങ്ങളുടെ ചുമതല നിര്‍വഹിക്കുന്നത്‌.
ഇതിനിടെ സോണിയ എത്രയും പെട്ടെന്ന്‌ സുഖം പ്രാപിക്കട്ടെയെന്ന്‌ ബോളിവുഡ്‌ മെഗാസ്റ്റാര്‍ അമിതാഭ്ബച്ചന്‍ ആശംസിച്ചു. 'ആരക്ഷന്‍' എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു ബിഗ്‌ 'ബി'.
എത്രയും പെട്ടെന്ന്‌ സോണിയ സുഖപ്പെടുവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പ്രാര്‍ത്ഥനകളും ആശംസകളും അവരോടൊപ്പം ഉണ്ടാകുമെന്നും ബച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംവിധായകന്‍ പ്രകാശ്‌ ഝാ, തിരക്കഥാകൃത്ത്‌ അന്‍ജും രാജാബലി, സെയ്ഫ്‌ അലിഖാന്‍, ദീപികാ പദുകോണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.