പാക്‌ ആണവായുധങ്ങള്‍ പിടിച്ചെടുക്കാന്‍ യുഎസ്‌ പദ്ധതി

Saturday 6 August 2011 8:54 pm IST

വാഷിംഗ്ടണ്‍: അടിയന്തര സാഹചര്യത്തില്‍ പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ പിടിച്ചെടുക്കാന്‍ അമേരിക്കയ്ക്ക്‌ പദ്ധതിയുള്ളതായി വെളിപ്പെടുത്തല്‍. അമേരിക്കയുടെയോ ആ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കോ ഭീഷണി സൃഷ്ടിച്ചാല്‍ പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ പിടിച്ചെടുക്കാമെന്നാണ്‌ ആ രാജ്യം കരുതുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.
ലോക വ്യാപാര സമുച്ചയം ആക്രമിക്കുന്നതിന്‌ വളരെ മുമ്പുതന്നെ പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കുന്നത്‌ അമേരിക്കയുടെ കടമയായി അവര്‍ കുതിയിരിക്കുന്നു. പാക്കിസ്ഥാനില്‍ ആഭ്യന്തര ഭീഷണി വര്‍ധിക്കുന്നതും ഭീകരര്‍ ആണ്വായുധങ്ങള്‍ക്കുനേരെ ആക്രമണം തിരിച്ചുവിടുന്നതും ഇന്ത്യയുമായുള്ള ശത്രുത ഉടലെടുക്കുന്നതും ഭീകരവാദികള്‍ ഭരണം പിടിച്ചെടുക്കുന്നതുമായ സംഭവ പരമ്പരകളാണ്‌ റിപ്പോര്‍ട്ടിന്‌ ആധാരം.
ഭീകരവാദത്തിന്മേലുള്ള അമേരിക്കയുടെ വിജയം മെയ്‌ മാസത്തില്‍ ഒസാമ ബിന്‍ലാദനെ വധിച്ചതാണെന്ന്‌ എന്‍ബിസി വാര്‍ത്താ ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. ലാദന്‌ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണ ലഭിച്ചതായി അമേരിക്ക സംശയിക്കുന്നു. ഒരു മിന്നലാക്രമണത്തിലൂടെ പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ കൈക്കലാക്കാമെന്നും ആ രാജ്യം കരുതുന്നു. ഇതിനിടെ പാക്കിസ്ഥാനിലെ ആണവായുധങ്ങള്‍ തെറ്റായ കരങ്ങളിലെത്തിച്ചേരുന്നതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ പെന്റഗണ്‍ തീരുമാനിച്ചിട്ടുണ്ട്‌.
പാക്കിസ്ഥാന്റെ പക്കലുള്ള 115 ആണവ ബോംബുകളെക്കുറിച്ചും മിസെയിലുകളെക്കുറിച്ചും ഇപ്പോഴത്തെയും മുന്‍കാലത്തെയും ഉദ്യോഗസ്ഥന്മാര്‍ക്ക്‌ അറിവുള്ളതാണ്‌. എന്‍ബിസിയുമായുള്ള ഒരു അഭിമുഖത്തില്‍ ആയുധങ്ങള്‍ തട്ടിപ്പറിച്ചു കൈക്കലാക്കുന്ന പ്രക്രിയ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഭീകരമായ യുദ്ധത്തിലായിരിക്കും കലാശിക്കുകയെന്ന്‌ മുന്‍ പാക്‌ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫ്‌ മുന്നറിയിപ്പു നല്‍കി.
എന്നാല്‍ ആണ്വായുധങ്ങള്‍ മലകളിലെ തുരങ്കങ്ങളിലും പട്ടണങ്ങളിലും വ്യോമ-കരസേന കേന്ദ്രങ്ങളിലുമാണ്‌ സൂക്ഷിച്ചിരിക്കുന്നതെന്നും അമേരിക്ക ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ ഒരു യുദ്ധത്തിന്‌ സാധ്യതയുണ്ടെന്നും പാക്കിസ്ഥാനിലെ അറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞനായ പര്‍വേസ്‌ ഹുഡ്ബോയ്‌ അഭിപ്രായപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.