ബസ്സുകളുടെ മിന്നല്‍ പണിമുടക്കിനെതിരെ നടപടി ആലോചിക്കും: കലക്ടര്

Saturday 6 August 2011 10:23 pm IST

‍കണ്ണൂറ്‍: ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി ഇടക്കിടെ ഉണ്ടാവുന്ന വാഹന മിന്നല്‍ പണിമുടക്കിനെതിരെ നടപടി ആലോചിക്കുമെന്ന്‌ ജില്ലാ കലക്ടര്‍ ആനന്ദ്സിംഗ്‌ പറഞ്ഞു. കലക്ടറേറ്റില്‍ ജില്ലാ സര്‍വ്വകക്ഷി സമാധാന കമ്മിറ്റി യോഗത്തില്‍ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. അടുത്ത ആര്‍.ടി.എ യോഗത്തില്‍ ഇതു സംബന്ധിച്ച്‌ വിശദമായി ചര്‍ച്ച ചെയ്ത്‌ എന്തു നടപടി കൈക്കൊള്ളണമെന്നത്‌ സംബന്ധിച്ച്‌ ഉചിതമായ തീരുമാനമുണ്ടാക്കുമെന്നും കലക്ടര്‍ പറഞ്ഞു. പെട്ടെന്നുള്ള വികാരപ്രകടനങ്ങള്‍ക്ക്‌ ഉടന്‍ ബസ്സുകള്‍ നിര്‍ത്തിവെച്ച്‌ പ്രതിഷേധിക്കുന്നത്‌ തികഞ്ഞ വെല്ലുവിളിയാണെന്ന്‌ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. നേരത്തെ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇത്തരം നടപടികള്‍ പാടില്ലെന്നു തീരുമാനിച്ചിട്ടുണ്ട്‌. ഇതു മാനിക്കാതെ ജനങ്ങളെ പെരുവഴിയിലാക്കുന്ന നയമാണ്‌ തുടരുന്നത്‌. ഏതാനും പേര്‍ തീരുമാനിച്ച്‌ സ്വയം അങ്ങ്‌ നടപ്പാക്കുകയാണ്‌. ഇതു തുടരാന്‍ അനുവദിക്കരുതെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ കെ.കെ. നാരായണന്‍ എംഎല്‍എ, തലശ്ശേരി സബ്ബ്കലക്ടര്‍ കേശവേന്ദ്രകുമാര്‍, എസ്‌.പി അനൂപ്കുരുവിളജോണ്‍, തളിപ്പറമ്പ്‌ എഎസ്പി രാഹുല്‍ ആര്‍. നായര്‍, എഡിഎം എന്‍.ടി മാത്യു എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.