ശിവഗിരിസംഘത്തെ രക്ഷപ്പെടുത്തിയത്‌ ബിജെപി എംപി

Wednesday 26 June 2013 10:25 pm IST

ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ കുടുങ്ങിയ ശിവഗിരി മഠത്തിലെ സന്യാസിമാര്‍ ഉള്‍പ്പെടെയുള്ള മലയാളികളെ ബിജെപി എം.പി ഇടപെട്ട്‌ രക്ഷപ്പെടുത്തി. ഉത്തരകാശി രാജ്ഞിയും ബിജെപി എംപിയുമായ മാല രാജ്യലക്ഷ്മി ഷായുടെ ഇടപെടലാണ്‌ സന്യാസിമാരുള്‍പ്പെടെയുള്ള മലയാളി സംഘത്തിന്റെ രക്ഷപ്പെടലിനു വഴിതെളിച്ചത്‌.
ബദരീനാഥില്‍ നിന്ന്‌ ഹെലികോപ്ടറില്‍ ജോഷിമഠിലെത്തിച്ച്‌ തീര്‍ത്ഥാടകസംഘത്തിന്‌ പ്രാഥമിക വൈദ്യസഹായം നല്‍കി. പിന്നീട്‌ റോഡ്മാര്‍ഗ്ഗം ദല്‍ഹിയിലേക്കു തിരിച്ച സംഘം ഇന്ന്‌ രാവിലെ ദല്‍ഹിയിലെത്തും. സ്വാമി ഗുരുപ്രസാദ്‌, സ്വാമി വിശാലാനന്ദ, കൃഷ്ണസ്വാമി, വിശ്വനാഥന്‍, സുധാകരന്‍, അശോകന്‍, ഹരിലാല്‍, ഉണ്ണികൃഷ്ണന്‍, ജനാര്‍ദ്ദനക്കുറുപ്പ്‌, ദല്‍ഹി മലയാളികളായ മിനി റെജികുമാര്‍, കാഞ്ചന, മീര എന്നിവരാണ്‌ സംഘത്തിലുള്ളത്‌ ബദരീനാഥിലെ ബോലഗിരി ആശ്രമത്തില്‍ ഒരാഴ്ചയായി കുടുങ്ങിയ സംഘത്തെ രക്ഷപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ നടപടിയൊന്നും ഉണ്ടാകാതിരുന്നത്‌ വിവാദമായിരുന്നു. ശിവഗിരിയിലെ സന്യാസിമാരും ബിജെപിയും സര്‍ക്കാരിന്റെ നിഷ്ക്രിയതക്കെതിരെ ഉപവാസവും നടത്തി. എന്നിട്ടും കാര്യമായി ഒന്നും ചെയ്യാന്‍ കേരളസര്‍ക്കാരിനു കഴിഞ്ഞില്ല.
ദല്‍ഹിയിലെ മലയാളി സംഘടനയായ നവോദയം ആവശ്യപ്പെട്ടതനുസരിച്ച്‌ തെഹ്‌റിയില്‍ നിന്നുള്ള ലോകസഭാംഗമായ മാല രാജ്യലക്ഷ്മി സന്യാസിമാരുള്‍പ്പെടുന്ന സംഘത്തെ രക്ഷപ്പെടുത്താന്‍ പ്രത്യേക താല്‍പര്യം കാണിക്കുകയായിരുന്നു. രാജ്ഞി എര്‍പ്പെടുത്തിക്കൊടുത്ത ഹെലികോപ്ടറില്‍ രാവിലെ 11 മണിയോടെ മൂന്നുതവണയായി 12 അംഗ സംഘത്തെ ബദരീനാഥില്‍നിന്ന്‌ ജോഷിമഠില്‍ എത്തിച്ചു. ചിലര്‍ക്ക്‌ അവിടെ വൈദ്യ ശുശ്രുഷ നല്‍കി. തീരെ അവശനായിരുന്ന തീര്‍ത്ഥാടകന്‍ കൃഷ്ണസ്വാമിക്ക്‌ ഡ്രിപ്പും കൊടുത്തു. അവിടെനിന്നും പട്ടാളത്തിന്റെ ട്രക്കില്‍ ചമോലിയില്‍. ഇവിടെ നിന്നു പോകാനുള്ള വാഹനവും ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഇതിനിടെ സംഘം ഋഷികേശിലോ ഡെറാഡൂണിലോ എത്തിയാല്‍ കുട്ടിക്കൊണ്ടുപോകാന്‍ വാഹനം നല്‍കാമെന്ന്‌ കേരള സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നിരുത്തരവാദപരമായ നിലപാടിനോടുള്ള പ്രതിഷേധമായി തീര്‍ത്ഥാടകസംഘം വാഗ്ദാനം നിരസിച്ചു. ചമോലില്‍ നിന്നു കയറിയ വാഹനത്തില്‍ തന്നെ ദല്‍ഹിയിലേക്ക്‌ പോന്നു.
സംഘം ജോഷിമഠില്‍ എത്തിയ ഉടന്‍ തിരുവനന്തപുരത്ത്‌ പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സന്യാസിസംഘം ജോഷിമഠില്‍ എത്തിയെന്നും അവരെ ദല്‍ഹിലെത്തിക്കാന്‍ വേണ്ട സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. എല്ലാകാര്യങ്ങളും സംസ്ഥാനസര്‍ക്കാര്‍ ചെയ്തു എന്നരീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഉത്തരാഖണ്ഡില്‍ ഒറ്റപ്പെട്ട ശിവഗിരി സന്യാസിമാര്‍ അടക്കം 12 മലയാളികളെ ഹെലികോപ്റ്ററില്‍ ജോഷിമഠില്‍ എത്തിച്ചു. ഇവരെ റോഡ്‌ മാര്‍ഗം ഋഷികേശിലും അവിടെനിന്ന്‌ ദല്‍ഹിയിലും എത്തിക്കും എന്നാണ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞത്‌.
മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മവഞ്ചനയാണെന്ന്‌ രക്ഷപ്പെട്ട സംഘത്തോടൊപ്പമുള്ള സ്വാമി ഗുരുപ്രസാദ്‌ ജന്മഭൂമിയോട്‌ പറഞ്ഞു. ആവശ്യമായ സൗകര്യങ്ങള്‍ എല്ലാം ചെയ്തത്‌ രാജ്ഞിയും ബിജെപി എംപിയുമായ മാല രാജ്യലക്ഷ്മിയാണ്‌. അവര്‍ ഇടപെട്ടതോടെ കാര്യങ്ങള്‍ വേഗത്തിലായി.കേരള സര്‍ക്കാറിന്റെ ഒരു സഹായവും ഉണ്ടായില്ല. ഋഷികേശിലോ ഡെറാഡൂണിലോ എത്തിയാല്‍ കുട്ടിക്കൊണ്ടുപോകാന്‍ വാഹനം നല്‍കാമെന്നും ദല്‍ഹിയിലെത്തിയാല്‍ കേരള ഹൗസില്‍ താമസിക്കാമെന്നും പറഞ്ഞു. രണ്ടും വേണ്ടന്നു തീരുമാനിച്ചത്‌ പ്രതിഷേധസൂചകമായിട്ടാണെന്ന്‌ സ്വാമി ഗുരുപ്രസാദ്‌ പറഞ്ഞു.
ബദരീനാഥിലെ ബോലാനന്ദ ആശ്രമത്തില്‍ കഴിഞ്ഞവരെ ജോഷിമഠില്‍ എത്തിച്ചതി്ന്റെ അവകാശവാദവുമായി മന്ത്രി കെ.സി. ജോസഫും പത്രക്കുറിപ്പിറക്കി. ജോഷിമഠില്‍ നിന്നും എത്രയും വേഗം അവരെ ദല്‍ഹിയില്‍ എത്തിക്കാനും ദല്‍ഹിയില്‍ നിന്ന്‌ രണ്ട്‌ സ്വാമിമാരെയും വിമാനമാര്‍ഗം നാട്ടില്‍ എത്തിക്കാനും ഡെറാഡൂണില്‍ ക്യാമ്പ്‌ ചെയ്യുന്ന റസിഡന്റ്‌ കമ്മീഷണര്‍ ഗ്യാനേഷ്‌ കുമാറിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. മറ്റുള്ളവര്‍ക്ക്‌ എല്ലാ സൗകര്യങ്ങളും കേരള ഹൗസില്‍ ചെയ്യാനും എ.സി. ടിക്കറ്റ്‌ നല്‍കി ട്രെയിന്‍മാര്‍ഗം നാട്ടിലെത്തിക്കാനും നടപടി സ്വികരിച്ചിട്ടുണ്ട്‌. സംഘത്തില്‍ മുന്ന്‌ സ്വാമിമാരുണ്ടന്നിരിക്കെ രണ്ട്‌ സ്വാമിമാരെ മാത്രം വിമാനമാര്‍ഗം നാട്ടില്‍ എത്തിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനതന്നെ ഇക്കാര്യത്തിലുള്ള അലസതയാണ്‌ വ്യക്തമാക്കുന്നത്‌.
മുന്‍ഗണനാക്രമത്തില്‍ മാറ്റം വരുത്തി സ്വാമിമാര്‍ ഉള്‍പ്പെട്ട സംഘത്തെ ബദരീനാഥില്‍ നിന്നും കൊണ്ടുവരാന്‍ സഹായിച്ച കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണിയോട്‌ സംസ്ഥാന സര്‍ക്കാരിന്‌ നന്ദിയുണ്ടെന്നും ജോസഫ്‌ പറഞ്ഞു.
എസ്‌. സന്ദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.