വ്യാജ പാസ്പോര്‍ട്ട്‌ കേസ്‌ ഇഴഞ്ഞുനീങ്ങുന്നു

Saturday 6 August 2011 11:25 pm IST

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ പോലീസ്‌ സബ്ഡിവിഷനില്‍പ്പെട്ട ബേക്കല്‍, ഹൊസ്ദുര്‍ഗ്ഗ്‌, ചന്തേര, അമ്പലത്തറ, രാജപുരം പോലീസ്‌ സ്റ്റേഷനുകളിലൂടെ വ്യാജ രേഖകളും മേല്‍വിലാസങ്ങളും നല്‍കി പാസ്പോര്‍ട്ട്‌ സംഘടിപ്പിച്ചവര്‍ക്കെതിരെ ശക്തമായ തെളിവുണ്ടായിട്ടും രാജ്യദ്രോഹ കുറ്റം ചെയ്തവര്‍ ഇപ്പോഴും സമൂഹത്തില്‍ വിലസുന്നു. ഈ പോലീസ്‌ സ്റ്റേഷനുകള്‍ വഴി ഏതാണ്ട്‌ 25൦ ലധികം വ്യാജ പാസ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെന്നാണ്‌ അന്വേഷണത്തില്‍ ലഭിച്ച ഞെട്ടിപ്പിക്കുന്ന വിവരം. കാഞ്ഞങ്ങാട്‌ ഡിവൈഎസ്പിയായിരുന്ന ജോസി ചെറിയാനാണ്‌ വ്യാജ പാസ്പോര്‍ട്ട്‌ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സ്ക്വാഡിന്‌ രൂപം നല്‍കിയിരുന്നു. വ്യാജ പാസ്പോര്‍ട്ട്‌ തരപ്പെടുത്തിയ ൨൩ പേരെ ഈ സ്ക്വാഡിന്‌ അറസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞു. വ്യാജ പാസ്പോര്‍ട്ട്‌ നേടിയ മറ്റു 16 പേരെ തിരിച്ചറിയാന്‍ കഴിഞ്ഞുവെങ്കിലും ഇവരെ പിടികൂടാന്‍ പോലീസിന്‌ കഴിഞ്ഞില്ല. ഇതിനൊക്കെ പുറമെ 101 വ്യാജ പാസ്പോര്‍ട്ട്‌ സംഭവങ്ങള്‍ കൂടി പുറത്താക്കിയിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്‌. സീനിയര്‍ സിവില്‍ ഓഫീസര്‍മാരായിരുന്ന നീലേശ്വരത്തെ അശോകന്‍, പയ്യന്നൂരിലെ ചന്ദ്രന്‍ എന്നിവര്‍ വ്യാജ പാസ്പോര്‍ട്ട്‌ ലോബിക്ക്‌ കൂട്ടു നിന്ന സംഭവവും അന്വേഷണത്തിനിടയില്‍ പുറത്തുവന്നിരുന്നു ഇവര്‍ക്കെതിരെ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്ന്‌ സസ്പെണ്റ്റ്‌ ചെയ്യുകയും ചെയ്തിട്ടുണ്ട്‌. നൂറിലധികം വ്യാജ പാസ്പോര്‍ട്ടുകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ ചില ട്രാവല്‍ ഏജണ്റ്റുമാരുടെ സ്വാധീനത്തിന്‌ വഴങ്ങി. ഇവര്‍ ഫെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ അനുവദിച്ചതായും തെളിഞ്ഞിരുന്നു. കോട്ടച്ചേരിയിലും നീലേശ്വരത്തെയും ട്രാവല്‍ ഏജന്‍സിയാണ്‌ ഇതിണ്റ്റെ സൂത്രധാരന്‍മാരെന്ന്‌ വ്യക്തമായിട്ടുണ്ട്‌. മദനി ട്രാവത്സ്‌ ഉടമയെ വ്യാജപാസ്പോര്‍ട്ട്‌ കേസില്‍ പ്രതി ചേര്‍ത്തു. വ്യാജപാസ്പോര്‍ട്ടുകള്‍ വ്യാജ വിലാസക്കാര്‍ക്കും ഏജണ്റ്റുമാര്‍ക്കും കൈമാറിയെന്ന്‌ തെളിഞ്ഞ അട്ടേങ്ങാനം തപ്പാലാപ്പീസിലെ പോസ്റ്റുമാന്‍, നാരായണന്‍, കൊളവയല്‍ പോസ്റ്റുമാന്‍ ബാലന്‍, പടന്നക്കാട്ടെ പോസ്റ്റമാന്‍ സത്യന്‍ എന്നിവര്‍ക്കെതിരെ നടപടി ഇനിയും ഉണ്ടായിട്ടില്ല. ഇവരെ വ്യാജ പാസ്പോര്‍ട്ട്‌ കേസില്‍ പ്രതി ചേര്‍ക്കുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. ഇവരെ ഇണ്റ്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തിരുന്നു. ജോസി ചെറിയാന്‍ കോഴിക്കോട്‌ കണ്‍ട്രോള്‍ റൂം ഡിവൈഎസ്പിയായി സ്ഥലം മാറി പോകുമ്പോള്‍ പുതിയ കാഞ്ഞങ്ങാട്‌ ഡിവൈഎസ്പിയായി ചുമതലയേറ്റ പി.തമ്പാനുമായി വ്യാജ പാസ്പോര്‍ട്ട്‌ കേസുകളെക്കുറിച്ച്‌ വിശദമായ ചര്‍ച്ച നടത്തിയിരുന്നു എന്നാണ്‌ അറിയുന്നത്‌.