ജില്ലയില്‍ കാര്‍ഷിക സെന്‍സസ്‌ നടത്തുന്നു

Saturday 6 August 2011 11:29 pm IST

കാസര്‍കോട്‌: ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക കാര്‍ഷിക സെന്‍സസിണ്റ്റെ ഭാഗമായി ജില്ലയിലും സെന്‍സസിന്‌ തുടക്കമായി. 197൦ മുതല്‍ ഓരോ അഞ്ചുവര്‍ഷത്തിലൊരിക്കലാണ്‌ കാര്‍ഷിക സെന്‍സസ്‌ നടത്തിവരുന്നത്‌. ഇക്കണോമിക്സ്‌ ആണ്റ്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ വകുപ്പാണ്‌ സെന്‍സസ്‌ നടത്തുക. സ്ഥിതി വിവര കണക്കുകള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട്‌ ശേഖരിക്കും. കൃഷി ഭൂമിയുടെ പൂര്‍ണ്ണ വിവരങ്ങള്‍, ഭൂവിനിയോഗം, ഉടമസ്ഥത, കാര്‍ഷിക വിളകളെ സംബന്ധിച്ചുളള വിവരങ്ങള്‍, ജലസേചനം, വളം, കീടനാശിനി, എന്നിവയുടെ ഉപയോഗം, കാര്‍ഷികോപകരണങ്ങള്‍, കന്നുകാലികള്‍, എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ എന്നിവയും ഇതിണ്റ്റെ ഭാഗമായി ശേഖരിക്കും. തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലാണ്‌ കാര്‍ഷിക സെന്‍സസ്‌ നടത്തുന്നത്‌. ജില്ലാ കളക്ടര്‍ ചെയര്‍മാനും, ഇക്കണോമിക്സ്‌ ആണ്റ്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍, ഡിവിഷണല്‍ ഫോറസ്റ്റ്‌ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളായുളള കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ്‌ ജില്ലയിലെ സെന്‍സസ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. വിവര ശേഖരണം നടത്തുന്നതിനുളള സ്റ്റാറ്റിസ്റ്റിക്സ്‌ വകുപ്പിലെ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്കുളള ജില്ലാതല പരിശീലനം 9 ന്‌ കാസര്‍കോട്‌ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ ഹാളില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വ. പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുത്ത വാര്‍ഡുകളില്‍ വിവരശേഖരണത്തിനായെത്തുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക്‌ ആവശ്യമായ വിവരങ്ങള്‍ നല്‍കി സെന്‍സസ്‌ പ്രവര്‍ത്തനവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന്‌ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.