മണിപ്പാല്‍ മാനഭംഗം: പ്രതികള്‍ അറസ്റ്റില്‍

Thursday 27 June 2013 10:11 pm IST

മംഗലാപുരം: മലയാളി വിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ ഒടുവില്‍ മൂന്നു പ്രതികള്‍ അറസ്റ്റിലായി. മുഖ്യപ്രതിയായ ഓട്ടോ ്ര‍െഡെവര്‍ യോഗേഷ്‌, കാര്‍ ഡ്രൈവര്‍ ഹരീഷ്‌ എന്നിവരെ ഉഡുപ്പിയില്‍നിന്നാണ്‌ പോലീസ്‌ പിടികൂടിയത്‌. മംഗലാപുരം പോലീസിന്റെ സിറ്റി സ്ക്വാഡാണ്‌ കര്‍ണാടക ഇരിയടക്ക സ്വദേശികളായ രണ്ടുപ്രതികളെയും പിടികൂടിയത്‌.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ പോലീസ്‌ കണ്ടെടുത്തു. മൂന്നാം പ്രതി ആനന്ദ്‌ ഗോവയിലാണ്‌ പിടിയിലായത്‌. മുഖ്യപ്രതിയായ ഓട്ടോ ്ര‍െഡെവര്‍ യോഗേഷ്‌ വിഷം കഴിച്ചു ആത്മഹത്യക്ക്‌ ശ്രമിച്ചതിനെ തുടര്‍ന്ന്‌ ഗുരുതരാവസ്ഥയില്‍ ഉഡുപ്പിയിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്‌. ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്‌.
മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം കഴിഞ്ഞ്‌ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിനെ തുടര്‍ന്ന്‌ കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനും മലയാളിയായ ആഭ്യന്തരമന്ത്രിക്കുമെതിരേ ജനരോഷം ശക്തമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം എബിവിപിയുടെ നേതത്വത്തില്‍ പ്രക്ഷോഭത്തിലായിരുന്നു.
പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടതിനു പിന്നാലെ കര്‍ണാടകയില്‍നിന്നും പുറത്തുനിന്നുമായി 47 പേരെ പോലീസ്‌ ചോദ്യം ചെയ്തിരുന്നു. 7,000 ത്തോളം ഓട്ടോറിക്ഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച്‌ പരിശോധന നടത്തിയതായും ഐജി പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 21 ന്‌ രാത്രി പതിനൊന്നരയോടെ മണിപ്പാല്‍ യൂണിവേഴ്സിറ്റി ലൈബ്രറിക്കുമുന്നില്‍ വാഹനം കാത്തുനിന്ന പെണ്‍കുട്ടിയെയാണ്‌ ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്‌. പീഡനത്തിന്‌ ശേഷം പ്രതികള്‍ വെളുപ്പിന്‌ 2.45ന്‌ പെണ്‍കുട്ടി താമസിക്കുന്ന ഫ്ലാറ്റിനു സമീപത്ത്‌ ഉപേക്ഷിച്ച്‌ പോവുകയായിരുന്നു. ഫ്ലാറ്റിലെ കാവല്‍ക്കാരനാണ്‌ അവശയായ പെണ്‍കുട്ടിയെ മറ്റുള്ളവരുടെ സഹായത്തോടെ ആസ്പത്രിയിലെത്തിച്ചത്‌.
തട്ടിക്കൊണ്ടുപോയവര്‍ മൂന്നുമണിക്കൂര്‍ നേരം ക്രൂരമായി പീഡിപ്പിച്ചുവെന്നാണ്‌ പെണ്‍കുട്ടി പോലീസിന്‌ മൊഴി നല്‍കിയത്‌.
ബിജെപിയും എബിവിപിയും ജില്ലയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഉഡുപ്പി എസ്‌.പി ബോറലിംഗ ഗൗഡയുടെ നേതൃത്വത്തിലുള്ള എട്ട്‌ സംഘങ്ങളാണ്‌ കേസ്‌ അന്വേഷിച്ചത്‌. അപകടനില തരണം ചെയ്ത പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ്‌ അതിവേഗകോടതിയില്‍ വിചാരണ ചെയ്യുമെന്ന്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.