വീണ്ടും അലസി

Monday 20 June 2011 10:42 pm IST

ന്യൂദല്‍ഹി: അഴിമതിക്കെതിരായ ലോക്പാല്‍ ബില്ലിന്റെ കരട്‌ രൂപീകരണ സമിതി യോഗത്തില്‍ വീണ്ടും കടുത്ത ഭിന്നത. ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ചര്‍ച്ച ചെയ്തില്ല. മിക്ക വിഷയങ്ങളിലും അഭിപ്രായ സമന്വയം ഉണ്ടായെന്ന്‌ സര്‍ക്കാര്‍ പ്രതിനിധികള്‍ അവകാശപ്പെട്ടു. എന്നാല്‍ നിര്‍ണായക പ്രശ്നങ്ങളില്‍ അഭിപ്രായഭിന്നത തുടരുകയാണെന്ന്‌ പൊതുസമൂഹ പ്രതിനിധികള്‍ വ്യക്തമാക്കി. കരട്‌ സമിതിയുടെ അവസാന യോഗം ഇന്ന്‌ നടക്കും.
ഇന്നലത്തെ യോഗത്തില്‍ 80-85 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടതായി സര്‍ക്കാര്‍ പ്രതിനിധിയും കേന്ദ്ര മാനവശേഷി വിഭവവകുപ്പ്‌ മന്ത്രിയുമായ കപില്‍ സിബല്‍ അവകാശപ്പെട്ടു. മിക്ക വിഷയങ്ങളിലും അഭിപ്രായ സമന്വയം ഉണ്ടായതായി പൊതുസമൂഹ പ്രതിനിധികളായ അരവിന്ദ്‌ കേജ്‌രിവാളും പ്രശാന്ത്ഭൂഷണും പറഞ്ഞു.
അണ്ണാഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹ പ്രതിനിധികള്‍ ഉന്നയിച്ച 40 വിഷയങ്ങളില്‍ 11 എണ്ണത്തില്‍ മാത്രമാണ്‌ സര്‍ക്കാര്‍ യോജിപ്പ്‌ പ്രകടിപ്പിച്ചത്‌. പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, പാര്‍ലമെന്റിനുള്ളില്‍ എംപിമാരുടെ പെരുമാറ്റം, പിന്തുടരേണ്ട സാമ്പത്തിക മാതൃക, സംസ്ഥാനതലത്തില്‍ ലോകായുക്തയുടെ രൂപീകരണം, ബില്‍ പരിധിയില്‍ സിബിഐയെയും കൊണ്ടുവരിക തുടങ്ങിയ പ്രശ്നങ്ങളില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്‌. നിസ്സാര വിഷയങ്ങളില്‍ മാത്രമാണ്‌ സര്‍ക്കാര്‍ ഭാഗത്തുനിന്ന്‌ അനുകൂല സമീപനം ഉണ്ടായതെന്ന്‌ യോഗത്തിനുശേഷം പൊതുസമൂഹ പ്രതിനിധി പ്രശാന്ത്ഭൂഷണ്‍ പറഞ്ഞു. മൂന്നുമണിക്കൂര്‍ നീണ്ട യോഗം നല്ലതായിരുന്നുവെന്ന്‌ അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടെങ്കിലും യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ പ്രശാന്ത്‌ ഭൂഷണെയും മറ്റുള്ളവരെയും ചുമതലപ്പെടുത്തുകയായിരുന്നു. ലോക്പാലിനെ നീക്കം ചെയ്യാനും തെരഞ്ഞെടുക്കാനുമുള്ള നടപടിക്രമങ്ങള്‍ ഇന്നലത്തെ യോഗത്തില്‍ അഭിപ്രായഭിന്നത പ്രകടമാക്കിയ പുതിയ വിഷയങ്ങളായിരുന്നു. നിയമന സമിതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുത്തിനിറയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാടെന്ന്‌ ഭൂഷണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറെപ്പോലെ സ്വതന്ത്രവും വിശാലാടിസ്ഥാനത്തിലുമുള്ള സമിതി വേണമെന്നാണ്‌ പൊതുസമൂഹത്തിന്റെ ആവശ്യം. പ്രധാനമന്ത്രി, സ്പീക്കര്‍, പാര്‍ലമെന്റിലെ ഇരുസഭകളുടെയും നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, ലോക്സഭാ സ്പീക്കര്‍, ആഭ്യന്തരമന്ത്രി, കാബിനറ്റ്‌ സെക്രട്ടറി, സുപ്രീംകോടതിയിലെ ഒരു ജഡ്ജി, ഒരു ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ്‌ സമിതിയെയാണ്‌ സര്‍ക്കാരിന്‌ താല്‍പര്യമെന്ന്‌ പൊതുസമൂഹ പ്രതിനിധിയായ അരവിന്ദ്‌ കേജ്‌രിവാള്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സമിതിയില്‍ രാഷ്ട്രീയക്കാരെ കുത്തിനിറച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു. ലോക്പാലിനെ നീക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തങ്ങള്‍ക്കുമാത്രമാണ്‌ അധികാരമെന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌. എന്നാല്‍, ഇതിനായി ആര്‍ക്കും സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിയണമെന്നാണ്‌ പൊതുസമൂഹത്തിന്റെ ആവശ്യം.
പൊതുസമൂഹ പ്രതിനിധികളില്‍ ഒരാളും കര്‍ണാടക ലോകായുക്തയുമായ ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്ഡെ യോഗത്തില്‍ പങ്കെടുത്തില്ല. അദ്ദേഹം ഇന്നത്തെ യോഗത്തിന്‌ എത്തുമെന്ന്‌ കേജ്‌രിവാള്‍ പറഞ്ഞു.
ലോക്പാലിന്റെ മാതൃകയെക്കുറിച്ചും ചര്‍ച്ച നടന്നു. 236 ജീവനക്കാരുള്ള കേന്ദ്ര വിജിലന്‍സ്‌ കമ്മീഷനില്‍ അഴിമതിക്കാര്‍ ഏറെയുണ്ടെന്ന്‌ പൊതുസമൂഹ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 7000ത്തിലേറെ ജീവനക്കാരുള്ള ദല്‍ഹി മെട്രോ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ റെയില്‍വേയിലെ ഒട്ടേറെ ജീവനക്കാര്‍ ഇവിടെ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. റെയില്‍വേയില്‍ അഴിമതിയുണ്ടെങ്കിലും ദല്‍ഹി മെട്രോയില്‍ അതുണ്ടാവാത്തതിനു കാരണം ശക്തമായ സംവിധാനമാണെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി. കൃത്യമായ ഈ സംവിധാനം ദല്‍ഹി മെട്രോ മേധാവി ഇ. ശ്രീധരന്‍ കോര്‍പ്പറേഷന്‍ വിട്ടാലും തുടരും. അഴിമതി ഉണ്ടാവുകയുമില്ലെന്ന്‌ കേജ്‌രിവാള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.