വീരജവാന്‍മാര്‍ക്ക്‌ രാഷ്ട്രത്തിന്റെ ആദരാഞ്ജലി

Friday 28 June 2013 9:11 pm IST

ന്യൂദല്‍ഹി: തീര്‍ത്ഥാടകരെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ച 20 ജവാന്‍മാര്‍ക്ക്‌ ഇന്നലെ രാഷ്ട്രത്തിന്റെ ആദരാഞ്ജലി. ഡെറാഡൂണില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ,കരസേനാമേധാവി ജനറല്‍ ബിക്രംസിങ്‌,ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി വിജയ്‌ ബഹുഗുണ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ മൃതദേഹങ്ങള്‍ സ്വന്തം നാടുകളിലേക്ക്‌ കൊണ്ടുപോയി.
കനത്തമഴയില്‍ രണ്ടുദിവസമായി മന്ദീഭവിച്ച രക്ഷാ ദൗത്യം ഇന്നലെ പൂര്‍ണ്ണതോതില്‍ പുനരാരംഭിച്ചു. 17 ഹെലികോപ്റ്ററുകളാണ്‌ ദൗത്യത്തിലുള്ളത്‌. ഇനിയും 1,237 പേര്‍ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ്‌ വിവരം. മൂവായിരത്തോളം ആളുകളെ ദുരന്തമുണ്ടായ ഇടങ്ങളില്‍നിന്നും കാണാതായിട്ടുണ്ടെന്ന കണക്കുകളും സര്‍ക്കാര്‍ ശേഖരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന്‌ ഗതിവേഗം കൂട്ടിക്കൊണ്ട്‌ ജോഷിമഠ്‌-ബദരീനാഥ്‌, രുദ്രപ്രയാഗ്‌-ഗൗരീകുണ്ട്‌, ഉത്തരകാശി-ഗംഗോത്രി റോഡുകള്‍ തുറന്നുകൊടുത്തിട്ടുണ്ട്‌. ഗതാഗത സംവിധാനങ്ങളും ആശ.വിനിമയ മാര്‍ഗ്ഗങ്ങളുമില്ലാത്ത പ്രദേശത്ത്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികരെ ഇന്നലെ പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ സൈനികമേധാവി ജനറല്‍ ബിക്രംസിങ്‌ പ്രശംസിച്ചു. ദുരന്തഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന അവസാനത്തെ ആളേയും രക്ഷിക്കാതെ കരസേന മടങ്ങില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഹര്‍സിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടിവന്നത്‌ ആശങ്കയ്ക്കിടയാക്കി. രക്ഷാദൗത്യത്തിലേര്‍പ്പെട്ട സ്വകാര്യ ഹെലികോപ്റ്ററാണ്‌ അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്‌. ലാന്‍ഡിങ്ങിനിടെ സാങ്കേതിക തകരാര്‍ കണ്ടതിനെ തുടര്‍ന്നാണ്‌ പവന്‍ ഹാന്‍സ്‌ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ നിലത്ത്‌ ഇടിച്ചിറക്കിയത്‌. അപകടത്തില്‍ ആളപായമില്ലെന്നും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്‌ അറിയിച്ചു.
പ്രളയത്തില്‍ നാശം സംഭവിച്ച കേദാര്‍നാഥ്‌ ക്ഷേത്രത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂജകള്‍ പുനരാരംഭിക്കുമെന്ന്‌ ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്‌. ശ്രീനഗര്‍ എംഎവ്‌എയും ക്ഷേത്രം പ്രസിഡന്റുമായഗണേശ്‌ ഗോയല്‍,ക്ഷേത്രം എക്സിക്യൂട്ടീവ്‌ ഓഫീസര്‍ അനില്‍ ശര്‍മ്മ എന്നിവര്‍ ഇന്നലെ ക്ഷേത്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ക്ഷേത്ര ശ്രീകോവിലിനു ചുറ്റുമുള്ള അവശിഷ്ടങ്ങള്‍ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാലുടന്‍ സാധാരണ പൂജകള്‍ ആരംഭിക്കുമെന്ന്‌ ഗണേശ്‌ ഗോയല്‍ പറഞ്ഞു. ഇതിനു മുന്നോടിയായി ശങ്കരാചാര്യരുടേയും കേദാര്‍നാഥിലെ മുഖ്യപുരോഹിതനായ റാവല്‍ജിയുടേയും നേതൃത്വത്തില്‍ പവിത്രീകരണ ചടങ്ങുകള്‍ നടക്കുമെന്നും ഗോയല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.