ടെനി ജോപ്പനെ റിമാന്‍ഡ് ചെയ്തു

Saturday 29 June 2013 1:49 pm IST

പത്തനംതിട്ട: സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പിഎ ടെനി ജോപ്പനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട മരിയാപുരത്ത് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം നമ്പര്‍ കോടതി ജഡ്ജി മുഹമ്മദ് റൈസിന്റെ വസതിയില്‍ ഹാജരാക്കിയ ജോപ്പനെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ജോപ്പനെ പത്തനംതിട്ട സബ് ജയിലേക്ക് അയച്ചു. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് ഇന്നുതന്നെ കോടതിയെ സമീപിക്കും. സോളാര്‍ തട്ടിപ്പുമായി നേരിട്ടു പങ്കുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്. ഇന്നലെ ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥരായ എഡിജിപി: ഹേമചന്ദ്രന്‍, ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി പ്രസന്നകുമാര്‍, കോട്ടയം ഡിവൈഎസ്‌പി ടി.അജിത്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആറുമണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ്‌ ജോപ്പനെ അറസ്റ്റ്‌ ചെയ്തത്. ചോദ്യം ചെയ്യലില്‍ ജോപ്പന്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. വ്യാഴാഴ്ച ചെങ്ങന്നൂര്‍ വെണ്മണി പോലീസ്റ്റേഷനില്‍ മുഖ്യപ്രതികളായ സരിത.എസ്‌.നായരെയും ബിജു രാധാകൃഷ്ണനേയും ചേദ്യം ചെയ്യലില്‍ നിന്നു ലഭിച്ച നിര്‍ണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ടെനി ജോപ്പനെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയത്‌. കോന്നി അട്ടച്ചാക്കല്‍ കോന്നിത്താഴം മല്ലേലില്‍ ക്രഷര്‍ ഉടമയും കോണ്‍ഗ്രസ്‌ നേതാവുമായ ശ്രീധരന്‍നായരില്‍ നിന്നും 2012 മെയ്‌ മാസത്തില്‍ 40 ലക്ഷം രൂപ കബളിപ്പിച്ച കേസിലാണ്‌ അറസ്റ്റ്‌. ഈ കേസില്‍ സരിതാ നായരും ബിജു രാധാകൃഷ്ണനും ഉള്‍പ്പെട്ടിട്ടുണ്ട്‌. പാലക്കാട്‌ കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച്‌ ശ്രീധരന്‍ നായര്‍ക്ക്‌ ലീസിന്‌ നല്‍കാം എന്ന്‌ ഉറപ്പുനല്‍കിയാണ്‌ തുക തട്ടിയെടുത്തത്‌. തുക മൂന്നു ചെക്കുകളായാണ്‌ തുക സരിതാ നായര്‍ക്ക്‌ നല്‍കിയത്‌. വിശ്വാസ്യത ഉറപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ജോപ്പന്റെ സാന്നിധ്യത്തിലാണ്‌ തുക കൈമാറിയത്‌. തട്ടിപ്പിന്‌ കൂട്ടുനില്‍ക്കുകയും വിശ്വാസവഞ്ചന നടത്തുകയും ചെയ്തതിനാണ്‌ ജോപ്പനെ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്‌ എഡിജിപി: ഹേമചന്ദ്രന്‍ അറിയിച്ചു. കോന്നി സ്വദേശി ശ്രീധരന്‍നായരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചുവരുത്തി അവിടെവച്ചാണ്‌ ഇടപാടുകള്‍ നടത്തിയത്‌. കേസില്‍ മൂന്നാം പ്രതിയാണ് ജോപ്പന്‍. സരിത എസ്. നായര്‍ ഒന്നാം പ്രതിയും ബിജു രാധാകൃഷ്ണന്‍ രണ്ടാം പ്രതിയുമാണ്. ടെന്നി ജോപ്പനും സരിത.എസ്‌.നായരും ചേര്‍ന്നാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇടപാടുകള്‍ നടത്തിയത്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ദുരുപയോഗം ചെയ്തതായും ജോപ്പനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുള്ളതായും എഡിജിപി: ഹേമചന്ദ്രന്‍ അറിയിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ നടന്ന തട്ടിപ്പില്‍ പേഴ്സണല്‍ സ്റ്റാഫ്‌ അംഗം അറസ്റ്റിലാകുന്നത്‌. മുഖ്യമന്ത്രിയുടെ മറ്റ്‌ പേഴ്സണല്‍ സ്റ്റാഫ്‌ അംഗങ്ങള്‍ക്കും സോളാര്‍ തട്ടിപ്പ്‌ കേസില്‍ വ്യക്തമായ ബന്ധമുണ്ടെന്ന്‌ അന്വേഷണ സംഘത്തിന്‌ സൂചന ലഭിച്ചതായി അറിയുന്നു. തന്റെ പേഴ്സണല്‍ സ്റ്റാഫ്‌ അംഗങ്ങള്‍ സരിത.എസ്‌.നായരുമായി ഫോണില്‍ ബന്ധപ്പെടുക മാത്രമാണ്‌ ചെയ്തിട്ടുള്ളതെന്നും, ഫോണ്‍ വിളിക്കുന്നത്‌ തെറ്റല്ലെന്നുമായിരുന്നു ഇതുവരെ മുഖ്യമന്ത്രിയുടെ നിലപാട്‌. ഫോണ്‍ വിളിയില്‍ മാത്രം ഒതുങ്ങുന്നതല്ല മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്‌ അംഗങ്ങള്‍ ചെയ്തതെന്ന്‌ അറസ്റ്റോടെ വ്യക്തമായിരിക്കുകയാണ്‌. സരിത അറസ്റ്റിലാകുന്നതിനു മുമ്പ്‌ ഒരാഴ്ച കാലയളവില്‍ ടെന്നി ജോപ്പന്‍ സരിതയുമായി എഴുപത്തിനാലോളം തവണയാണ്‌ ഫോണില്‍ ബന്ധപ്പെട്ടിരുന്നത്‌. കേസ്‌ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയെ അടക്കം പോലീസിന്‌ ചോദ്യം ചെയ്യേണ്ടിവരും. മുഖ്യമന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ നടന്ന തട്ടിപ്പായതിനാല്‍ അദ്ദേഹത്തെ പ്രതിയാക്കുകയോ സാക്ഷിയാക്കുകയോ ചെയ്യേണ്ടിവരുമെന്ന്‌ നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.