സ്വകാര്യ സുരക്ഷാ ഏജന്‍സികളിലെ വിദേശനിക്ഷേപം: സര്‍ക്കാര്‍ നിലപാടിനെതിരെ ബിജെപി

Saturday 29 June 2013 9:43 pm IST

ന്യൂദല്‍ഹി: സ്വകാര്യ സുരക്ഷാ ഏജന്‍സികളില്‍ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ബിജെപി രംഗത്ത്‌. രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന നടപടിയുമായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധമായിട്ടാണ്‌ വിദേശനിക്ഷേപത്തോത്‌ വര്‍ധിപ്പിച്ചിരിക്കുന്നതെന്ന്‌ ബിജെപി നേതാവ്‌ മുരളീമനോഹര്‍ ജോഷി പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
രാജ്യത്ത്‌ 50 ലക്ഷത്തോളം പേരാണ്‌ സ്വകാര്യ സുരക്ഷാ ഏജന്‍സികളില്‍ ജോലി ചെയ്യുന്നത്‌. ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണം നടത്തുന്ന ജീവനക്കാരിലെ അസാന്‍മാര്‍ഗിക പ്രവണതകള്‍ തടയുന്നതിനായി 2005ല്‍ പാസാക്കിയ പ്രൈവറ്റ്‌ സെക്യൂരിറ്റി ഏജന്‍സീസ്‌ റെഗുലേഷന്‍ ആക്റ്റിനെതിരായ തീരുമാനങ്ങളാണ്‌ കേന്ദ്രമന്ത്രിസഭ സ്വീകരിച്ചിരിക്കുന്നത്‌. സ്വകാര്യ ഏജന്‍സികളില്‍ 49ശതമാനം മാത്രമേ വിദേശനിക്ഷേപം അനുവദിക്കാവൂ എന്ന്‌ നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌. അതിനെ മറികടക്കണമെങ്കില്‍ മന്ത്രിസഭാ തീരുമാനത്തിനു പകരം പാര്‍ലമെന്റിന്റെ അനുമതി ആവശ്യമാണ്‌. സ്വകാര്യ ഏജന്‍സികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുള്‍പ്പെടെ കര്‍ശനവ്യവസ്ഥകളും നിയമത്തില്‍ പറയുന്നുണ്ട്‌. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട്‌ നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കുമ്പോള്‍ വലിയ സുരക്ഷാപ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ സ്വകാര്യമേഖലയിലെ സുരക്ഷാഏജന്‍സികളില്‍ സമ്പൂര്‍ണ ആധിപത്യം നേടുന്നത്‌ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക്‌ ഭീഷണിയാണ്‌.
ഡിആര്‍ഡിഒ കോംപ്ലക്സുകള്‍, സിഐഎസ്‌ആര്‍ ലാബുകള്‍, എണ്ണശുദ്ധീകരണശാലകള്‍, സ്വാകാര്യ തുറമുഖങ്ങള്‍, ഐഐറ്റികള്‍, ഐഐഎമ്മുകള്‍, ചെങ്കോട്ട, കുത്തബ്മിനാര്‍ എന്നിവയുടെയെല്ലാം സുരക്ഷ സ്വകാര്യ ഏജന്‍സികള്‍ക്കാണെന്നത്‌ കേന്ദ്രസര്‍ക്കാര്‍ വിസ്മരിക്കരുതെന്ന്‌ മുരളീമനോഹര്‍ ജോഷി പറഞ്ഞു. സ്വകാര്യ സുരക്ഷാഏജന്‍സികള്‍ക്ക്‌ ഉപയോഗിക്കുന്നതിനായി ലൈസന്‍സുള്ള ആയുധങ്ങള്‍ നല്‍കുന്ന കാര്യവും സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയാ ണെന്നാണറിയുന്നത്‌. എങ്കില്‍ വിദേശനിക്ഷേപ അനുപാതം 100 ശതമാനമായി വര്‍ധിപ്പിക്കുന്നത്‌ വലിയ സുരക്ഷാവീഴ്ചയാണ്‌ സൃഷ്ടിക്കാന്‍ പോകുന്നത്‌.
ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിട്ടുള്ള ധനമന്ത്രി പി. ചിദംബരം ഇക്കാര്യങ്ങള്‍ മനപ്പൂര്‍വ്വം വിസ്മരിക്കുകയാണെന്നും മുരളീമനോഹര്‍ ജോഷി ആരോപിച്ചു. ഷാനവാസ്‌ ഹുസൈന്‍ എംപിയും പങ്കെടുത്തു.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.