മോദിവിമര്‍ശകര്‍ അറിയാന്‍

Sunday 30 June 2013 10:21 pm IST

നരേന്ദ്ര മോദി ഹിന്ദുത്വ അജണ്ട നടപ്പിലാക്കിയേക്കാം എന്ന സംശയത്തെ പര്‍വ്വതീകരിച്ചുകൊണ്ട്‌ വിവിധ ഭാഗങ്ങളിന്‍ നിന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ ഭീതി പരത്തുവാനും, അതുവഴി വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുവാനും ഉള്ള ശ്രമം നടന്നു വരുന്നു. വോട്ട്‌ ബാങ്ക്‌ രാഷട്രീയക്കാരെപ്പോലെ ബിജെപിയെയും ഭൂരിപക്ഷ സമുദായത്തെയും അവര്‍ ചെയ്യുന്നതെന്തിനെയും, മറ്റു ചിലരുടെ കൈയ്യടി കിട്ടുവാന്‍ വേണ്ടി വിമര്‍ശിക്കുന്നവര്‍ ഒരു വശത്തു നടക്കുന്ന കാര്യങ്ങള്‍ മാത്രമേ കാണുന്നുള്ളോ? അടുത്ത കാലത്ത്‌ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷത്തോടുള്ള അവഗണനയും ഇത്തരക്കാരുടെ ശ്രദ്ധയില്‍ പെട്ടില്ലെന്നുണ്ടോ? വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക്‌ വേണ്ടി നടപ്പാക്കുന്ന ഇന്ദിരാ ആവാസ്‌ യോജനയില്‍ കേരളത്തിലെ മാത്രം മതന്യൂനപക്ഷങ്ങള്‍ക്ക്‌ വേണ്ടി ആകെയുള്ളതിന്റെ പകുതിയോടടുത്ത പങ്ക്‌ നീക്കി വെച്ചത്‌ മതേതരത്വ സിദ്ധാന്തം അനുസരിച്ചാണോ? പൊതുവിഭാഗത്തിനു വേണ്ടി, പത്രവാര്‍ത്ത ശരിയാണെങ്കില്‍ വെറും 6.3 ശതമാനമായി കുറച്ചതും തുല്യ നീതി ഉറപ്പാക്കുന്നതിനാണോ? ഒരു സമുദായം മറ്റുള്ളവരോടൊപ്പം ഔന്നിത്യം പ്രാപിച്ച്‌ കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക്‌ സംവരണാനുകൂല്യങ്ങള്‍ തുടര്‍ന്നും നല്‍കുക എന്നുള്ളത്‌ പൊതു സമൂഹത്തില്‍ താഴെക്കിടയിലുള്ള പാവങ്ങളോടു ചെയ്യുന്ന അനീതിയല്ലേ? രാഷ്ട്രീയ വഞ്ചനയല്ലേ? ഓരോ സമുദായത്തിന്റെ അവസ്ഥയും വളര്‍ച്ചയും പ്രാദേശികമായിത്തന്നെ വേണം കണക്കാക്കാന്‍. ഏറ്റവും ചുരുങ്ങിയത്‌ സംസ്ഥാന തലത്തിലെങ്കിലും ആയിരിക്കണം മാനദണ്ഡങ്ങള്‍ നിശ്ചയിക്കേണ്ടത്‌.
ബീഹാറില്‍ ഒരു സമുദായം പിന്നിലാണെന്നു കരുതി തമിഴ്‌നാട്ടിലോ, കേരളത്തിലോ ഉള്ള സമുദായക്കാര്‍ക്ക്‌ അവര്‍ വളരെയേറെ മുമ്പിലാണെങ്കില്‍ പോലും ബീഹാറില്‍ കൊടുക്കുന്നതു പോലെയുള്ള സംവരണാനുകൂല്യങ്ങള്‍ നല്‍കുന്നത്‌ അശാസ്ത്രീയമല്ലേ? അധാര്‍മ്മികമല്ലെ? ഏതെങ്കിലും ഒരു സമുദായത്തില്‍ ജനിച്ചുപോയി എന്ന്‌ കരുതി ചിലരെ എല്ലാ വിധ ആനുകൂല്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്‌ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ നീതിക്ക്‌ നിരക്കുന്നതാണോ? വിദ്യാഭ്യാസപരമായും, സാമൂഹ്യപരമായും, സാമ്പത്തികമായും കേരളത്തിലെ മത ന്യൂനപക്ഷങ്ങള്‍ മറ്റുള്ളവരെക്കാള്‍ വളരെയേറെ മുന്നിലാണ്‌. അതിലും ചില വിഭാഗങ്ങള്‍ക്ക്‌ മത ന്യൂനപക്ഷങ്ങളെന്നും പിന്നോക്കവിഭഗമെന്നൊക്കെ പല പേരുകള്‍ പറഞ്ഞ്‌ പല തരത്തിലാണ്‌ ആനുകൂല്യങ്ങള്‍ നല്‍കുന്നത്‌.
മതേതരത്വം പേരില്‍ മാത്രം പോരാ, സര്‍ക്കാറിന്റെ പ്രവൃത്തിയിലും പ്രതിഫലിക്കണം. തുല്യനീതി ഉറപ്പ്‌ വരുത്തുക എന്നുള്ളത്‌ ഒരു മതേതര സര്‍ക്കാറിന്റെ പ്രഥമ കടമയല്ലേ? അതിവിടെ പാലിക്കപ്പെടുന്നുണ്ടോ? ഇവിടെ വോട്ട്‌ ചെയ്യുന്നതില്‍ മാത്രമല്ലേ തുല്യതയുള്ളൂ?
കേരളത്തെ സംബന്ധിച്ച്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. ജനസംഖ്യാ വര്‍ദ്ധനവ്‌ ഒരു വശത്ത്‌ ക്രമാതീതമായി വര്‍ദ്ധനവ്‌ രേഖപ്പെടുത്തുമ്പോള്‍, മറുവശത്തെ ഗ്രാഫ്‌ താഴേക്കു പോകുന്നു. എന്നിട്ടും വര്‍ദ്ധന രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന വിഭാഗത്തിനായി, മൈനറാണെങ്കിലും വിവാഹം കഴിച്ച്‌ വംശവര്‍ദ്ധനവ്‌ നടത്താമെന്ന്‌ ഉത്തരവ്‌ നല്‍കിയിരിക്കുന്നു. ഒരു രാജ്യത്ത്‌ നിലവിലുള്ള പൊതുനിയമം ഒരു സമുദായത്തിലെ ചിലരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി വളച്ചൊടിക്കുന്നത്‌ മതേതരത്വത്തെ ബലപ്പെടുത്താനണോ? വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്നതിലെ വിവേചനം മതേതരത്വത്തിന്‌ ശക്തി പകരുമോ? മതപരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനു വേണ്ടി അടിമത്വത്തോടൊപ്പം മണ്‍ട്രോ സായിപ്പ്‌ അടിച്ചേല്‍പ്പിച്ച ന്യൂനപക്ഷ നയം സ്വാതന്ത്ര്യം കിട്ടിയിട്ട്‌ 65 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇനിയും തുടരുന്നത്‌ മത പ്രീണനമല്ലെങ്കില്‍ പിന്നെ മേറ്റ്ന്താണ്‌.
ഒരുപാട്‌ പേര്‍ കിണഞ്ഞ്‌ ശ്രമിച്ചിട്ടും അദ്ദേഹം മോദി കുറ്റക്കാരനാണെന്ന്‌ തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുവരെ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം ജലരേഖകളായി മാറുകയാണുണ്ടായത്‌. ഗുജറാത്തിലുള്ളവര്‍ക്കല്ല മറ്റുള്ളിടത്താണ്‌ മോദിക്കെതിരെ ആക്ഷേപവും പ്രചാരണവും. ഗുജറാത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ ഇഷടപ്പെടുന്നതും തുടര്‍ച്ചയായി അധികാരത്തിലേറ്റുന്നതും ഇക്കൂട്ടര്‍ അറിയുന്നില്ലേ? മോദിയുമായി വേദി പങ്കിടില്ലെന്നു ശാഠ്യം വെച്ച്‌ പുലര്‍ത്തുന്നവര്‍ പഴയ കാലത്തെ തൊട്ടു കൂടായ്മയും, വര്‍ണ്ണ വിവേചനവും പുതിയ രൂപത്തില്‍ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുകയല്ലേ ചെയ്യുന്നത്‌? അടുത്തിടെ ഛത്തീസ്ഗ്ഢില്‍ നക്സലൈറ്റുകള്‍ നടത്തിയ നരനായാട്ടിനെക്കുറിച്ച്‌ പ്രതിഷേധിക്കുവാനും പ്രതികരിക്കുവാനും എന്തേ മോദി വിരുദ്ധര്‍ തയ്യാറാകാഞ്ഞത്‌? ഇക്കൂട്ടര്‍ ഇന്നും ഗോദ്രയും ഉയര്‍ത്തിപ്പിടിച്ച്‌ നടക്കുകയാണ്‌. അവിടെ മരിച്ചത്‌ ഒരു പ്രത്യേക വിഭാഗക്കാര്‍ മാത്രമല്ലേ.
ഒന്നു തീര്‍ച്ചയാണ്‌, നാടിന്റെ വികസനശ്രമത്തിലും രാജ്യസ്നേഹത്തിലും മോദി മറ്റു പലരെക്കാളും മുന്‍പില്‍ തന്നെയാണ്‌? എന്നിട്ടും മോദിക്കെതിരെ ഒളിയമ്പുകള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതിന്റെ പിന്നിലുള്ള 'ഹിഡന്‍ അജണ്ട' എന്താണെന്ന്‌ രാജ്യസ്നേഹികള്‍ക്ക്‌ അറിയാം.
സി.ജി. രാജഗോപാല്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.