പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റില്‍

Monday 1 July 2013 9:32 pm IST

മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതിയെ പോലീസ്‌ തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ്‌ ചെയ്തു. പിടിയിലായത്‌ 19 കേസുകളിലെ പിടികിട്ടാപ്പുള്ളി. കാര്‍ത്തികപ്പള്ളി മഹാദേവികാട്‌ പടിപ്പുരയ്ക്കല്‍ പ്രേംകുമാറി (58)നെയാണ്‌ ജില്ലാ പോലീസ്ചീഫ്‌ തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തെങ്കാശിയിലെ ഏലംന്തൂരില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്തത്‌. അറസ്റ്റ്‌ ചെയ്യുന്നതിനിടയില്‍ കുറത്തികാട്‌ എസ്‌ഐ അജീബിന്റെ കൈ പ്രതി കടിച്ചു മുറിച്ചു.
2013 ഏപ്രില്‍ 10ന്‌ കോമല്ലൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതിയാണിയാള്‍. ഒന്നാംപ്രതി ചാരുംമൂട്‌ കരിമുളയ്ക്കല്‍ കക്കാട്ടുമലയില്‍ നിജു മാത്യു (22) ഇപ്പോഴും ഒളിവിലാണ്‌. ഇവരെ കണ്ടുകിട്ടുന്നതിനായി കഴിഞ്ഞ ദിവസം കുറത്തികാട്‌ പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ തന്നെ പ്രേംകുമാറിന്‌ ഇതുമായി ബന്ധമുണ്ടെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിരുന്നു. ഇയാള്‍ തെങ്കാശിയിലുണ്ടെന്ന വിവരത്തിന്റടിസ്ഥാനത്തിലാണ്‌ പ്രത്യേക സംഘം ഇവിടെയെത്തിയത്‌.
ദിവസങ്ങളായി ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയ പോലീസിന്‌ നിരവധി കല്യാണം കഴിച്ചിട്ടുള്ള ഇയാളുടെ അംബാസമുദ്രം സ്വദേശിനിയായ ഭാര്യ ലക്ഷ്മി ആശുപത്രിയിലാണെന്ന്‌ വിവരം ലഭിച്ചു. ഇവിടെ പോലീസ്‌ നടത്തിയ നിരീക്ഷണത്തില്‍ ഇയാള്‍ ആശുപത്രിയിലെത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. പിന്നീട്‌ ഇയാള്‍ ബൈക്കില്‍ പോകുന്നതു ശ്രദ്ധയില്‍ പെട്ട അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിന്തുടര്‍ന്ന്‌ പിടിക്കുകയായിരുന്നു.
മാവേലിക്കര, മാന്നാര്‍, കുറത്തികാട്‌, കോന്നി, കായംകുളം, തൃക്കുന്നപ്പുഴ, ഹരിപ്പാട്‌, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്‌. 19 കേസുകളില്‍ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിട്ടുണ്ട്‌. വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളിലാണ്‌ അറിയപ്പെട്ടിരുന്നത്‌. 2004ല്‍ മാന്നാര്‍ പോലീസ്‌ ഒരു മോഷണകേസില്‍ ഇയാളെ പിടികൂടിയെങ്കിലും സ്റ്റേഷനില്‍ നിന്നും പോലീസുകാരെ കബളിപ്പിച്ച്‌ രക്ഷപെടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.