വ്യക്തമല്ലാത്ത നിലപാടുകള്‍

Thursday 4 July 2013 8:54 pm IST

മലയാള സിനിമ രാഷ്ട്രീയ പ്രവേശം നടത്തിയത്‌ ഇന്നും ഇന്നലെയുമല്ല. കേരളത്തില്‍ സിനിമയുണ്ടായ കാലം മുതല്‍ക്കു തന്നെ അത്‌ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നുണ്ട്‌. വ്യക്തമായ നിലപാടുകളും സത്യസന്ധമായ വിമര്‍ശനങ്ങളും മുന്നോട്ടുവച്ച നിരവധി നല്ല രാഷ്ട്രീയ ചലച്ചിത്രങ്ങളുടെ നാടാണ്‌ കേരളം. പ്രബുദ്ധരായ മലയാളി പ്രേക്ഷകര്‍ എന്നും രാഷ്ട്രീയ സിനിമകളെ അകമഴിഞ്ഞ്‌ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുമുണ്ട്‌. അതിനാല്‍ തന്നെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ നിര്‍മ്മിക്കാന്‍ സംവിധായാകരും തിരക്കഥാകൃത്തുക്കളും എന്നും താല്‍പര്യം കാട്ടിയിട്ടുമുണ്ട്‌. പക്ഷേ, ജനം സ്വീകരിക്കുമെന്ന്‌ കരുതി പടച്ചുണ്ടാക്കിയ രാഷ്ട്രീയ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക്‌ കൈപൊള്ളിയിട്ടുമുണ്ട്‌. രാഷ്ട്രീയക്കാരെ വില്ലന്മാരും പോലീസുകാരെ നായകന്മാരുമാക്കി നിര്‍മ്മിച്ച ചില ചിത്രങ്ങള്‍ വിജയിച്ചപ്പോള്‍, അതേ രൂപത്തിലുണ്ടാക്കിയ നിരവധി ചിത്രങ്ങള്‍ പരാജയം രുചിച്ചു.
കേരളത്തിലുണ്ടായിട്ടുള്ള രാഷ്ട്രീയ സിനിമകളൊക്കെ ഇടതുപക്ഷ രാഷ്ട്രീയമാണ്‌ ചര്‍ച്ചയ്ക്ക്‌ വിധേയമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്‌. വിമര്‍ശിക്കാനും അനുകൂലിക്കാനും ഇടതുപക്ഷത്തെ കൂട്ടുപിടിക്കുക എന്നതാണ്‌ മലയാള സിനിമാക്കാരുടെ സ്ഥിരം ശൈലി. ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ കാലം മുതല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമകളുണ്ടാകുന്നു. അക്കാലത്ത്‌ ഇടതുപക്ഷം ചേര്‍ന്നു നിന്ന ചില നാടകങ്ങള്‍ക്കുണ്ടായ ജനസമ്മതി മുതലാക്കാന്‍ അവ പിന്നീട്‌ സിനിമയായി വന്നു. മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, കയ്യും തലയും പുറത്തിടരുത്‌ തുടങ്ങിയവ വെള്ളിത്തിരയിലെത്തിയതും ജനം സ്വീകരിച്ചതും അങ്ങനെയാണ്‌.
അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയാവസ്ഥകള്‍ സിനിമാക്കഥയ്ക്ക്‌ ഉതകുന്നതായിരുന്നതിനാല്‍ നല്ല നിലവാരമുള്ള കഥകളുമായി രാഷ്ട്രീയ സിനിമകളുണ്ടായി. ഐ.വി.ശശി, ടി.ദാമോദരന്‍ ടീമായിരുന്നു മലയാള സിനിമയില്‍ രാഷ്ട്രീയ ചിത്രങ്ങളെടുത്ത്‌ വിജയം കൊയ്ത കൂട്ടുകെട്ട്‌. മമ്മൂട്ടിയും മോഹന്‍ലാലും നായകരായ നിരവധി രാഷ്ട്രീയ ചിത്രങ്ങള്‍ എണ്‍പതുകളില്‍ ഇവര്‍ തിയറ്ററിലെത്തിച്ചു കയ്യടി നേടി. ഈനാട്‌, വാര്‍ത്ത, അടിമകള്‍ ഉടമകള്‍ തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ചിലതു മാത്രം. പിന്നീട്‌ ഷാജി കൈലാസ്‌, രഞ്ജിപണിക്കര്‍ ടീം രാഷ്ട്രീയ സിനിമകളുമായി എത്തി. സ്ഥലത്തെ പ്രധാന പയ്യന്‍സ്‌, തലസ്ഥാനം, കമ്മിഷണര്‍, ദ്‌ കിങ്‌ എന്നിങ്ങനെ സംഭാഷണത്തിലൂടെ തീ കോരിയെരിഞ്ഞ ചിത്രങ്ങളായിരുന്നു അവരൊരുക്കിയിരുന്നത്‌. എന്നാല്‍ ഒരേപാറ്റേണിലുള്ള കുറേ സിനിമകളിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ അത്‌ മടുപ്പായി. രാഷ്ട്രീയ നേതാക്കളെ അനുകരിച്ച്‌ കഥാപാത്രങ്ങളെ സൃഷ്ടിച്ച്‌ കഥകളുണ്ടാക്കി വിജയം പ്രതീക്ഷിച്ചവരും നിരാശരായി. വെള്ളിത്തിരയിലെ വെറും മിമിക്രിയായി മാത്രമേ അതു സ്വീകരിക്കപ്പെട്ടുള്ളു. കാമ്പുള്ള രാഷ്ട്രീയ സിനിമകളുണ്ടായില്ല എന്നതാണ്‌ സത്യം.
മലയാളത്തിലുണ്ടായിട്ടുള്ള മികച്ച രാഷ്ട്രീയ സിനിമകളുടെ പട്ടികയില്‍ നാടകത്തില്‍ നിന്ന്‌ രൂപപ്പെട്ട തോപ്പില്‍ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും മൂലധനവും പോലും ഇടം പിടിച്ചിട്ടില്ല. സത്യസന്ധമായ വിലയിരുത്തലില്‍, ആ ചിത്രങ്ങള്‍ രാഷ്ട്രീയ ചിത്രങ്ങളുടെ തലത്തിലേക്കെത്താതെ അന്നത്തെ സാമൂഹ്യവും സാമ്പത്തികവുമായ വേര്‍തിരുവുകളെ മാത്രം ചര്‍ച്ചയ്ക്കു സമര്‍പ്പിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. ജന്മികളെന്ന അധീശവര്‍ഗ്ഗത്തിനു മുകളില്‍ പാവപ്പെട്ടവരെന്ന അടിയാളവര്‍ഗ്ഗം ആധിപത്യം സ്ഥാപിക്കുന്നതായിരുന്നു അത്തരം സിനിമകളുടെ അന്ത്യം. അന്നത്തെ രാഷ്ട്രീയം പാവപ്പെട്ടവരും ജന്മികളും തമ്മിലുള്ള നിരന്തരമായ പോരാട്ടമായിരുന്നതിനാല്‍ അന്നിറങ്ങിയ സിനിമകളെ വേണമെങ്കില്‍ രാഷ്ട്രീയ സിനിമകളെന്ന്‌ വിശേഷിപ്പിക്കാം.
മലയാളത്തിലിറങ്ങിയ സിനിമകളില്‍ രാഷ്ട്രീയം സത്യസന്ധമായി കൈകാര്യം ചെയ്തത്‌ പ്രധാനപ്പെട്ട മൂന്ന്‌ ചലച്ചിത്രങ്ങളാണ്‌. കെ.ജി.ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലം, ഷാജി.എന്‍.കരുണ്‍ സംവിധാനം ചെയ്ത പിറവി, സത്യന്‍ അന്തിക്കാടിന്റെ സന്ദേശം എന്നിവയാണ്‌ അത്‌. ഈ തെരഞ്ഞെടുപ്പില്‍ അഭിപ്രായ വ്യത്യാസമുള്ളവരുണ്ടാകാം. അതിനെ അംഗീകരിച്ചുകൊണ്ടു തന്നെയാണ്‌ ഈ തെരഞ്ഞെടുപ്പ്‌. മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ശക്തവും ചിന്തയ്ക്കു വകനല്‍കുന്നതുമായ രാഷ്ട്രീയ ആക്ഷേപഹാസ്യ ചലച്ചിത്രമാണ്‌ പഞ്ചവടിപ്പാലം. ഒരു പഞ്ചായത്തില്‍ നടക്കുന്ന പാലം പണിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ്‌ സിനിമയില്‍. ഷാജിയുടെ പിറവി പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയ മകനുവേണ്ടി ഭരണകൂടത്തോട്‌ നിരന്തരം സമരത്തിലേര്‍പ്പെടുന്ന വൃദ്ധനായ പിതാവിന്റെ കഥയാണ്‌ പറഞ്ഞത്‌. അടിയന്തിരാവസ്ഥക്കാലത്തെ രാജന്‍കേസിനെ അനുസ്മരിപ്പിക്കുന്ന ചിത്രമായിരുന്നു പിറവി. ഭരണകൂട ഭീകരത സാധാരണ ജനത്തിനുമേല്‍ എത്രത്തോളം ദാരുണമായി പിടിമുറുക്കുന്നു എന്നത്‌ കാട്ടിത്തരുകയായിരുന്നു പിറവിയിലൂടെ. സത്യന്‍അന്തിക്കാടിന്റെ സന്ദേശം എന്ന ചലച്ചിത്രം കേരളത്തിലെ രാഷ്ട്രീയത്തിന്റെ മോശവശങ്ങളെ വിശകലനം ചെയ്തു. ഹാസ്യത്തിലൂന്നിയാണ്‌ ചിത്രം അവതരിപ്പിച്ചതെങ്കിലും റഷ്യന്‍ കമ്മ്യൂണിസത്തിന്റെ തകര്‍ച്ചമുതല്‍ കേരളത്തിലെ വിദ്യാലയ രാഷ്ട്രീയം വരെ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്‌.
ഇന്നിപ്പോള്‍ മലയാളസിനിമയില്‍ ന്യൂജനറേഷന്‍ കാലമാണ്‌. എന്നാല്‍ പുതുതലമുറക്കാലത്തിറങ്ങുന്ന സിനിമകളൊന്നും രാഷ്ട്രീയം പ്രമേയമാക്കുന്നില്ലെന്ന വിമര്‍ശനം പൊതുവെ ഉയര്‍ന്നിരുന്നു. പുതു സിനിമാക്കാര്‍ക്ക്‌ രാഷ്ട്രീയവും ചരിത്രവുമൊന്നും അത്രകണ്ട്‌ വശമില്ലാത്തതാണ്‌ കാരണമെന്നും വിമര്‍ശിച്ചവരുണ്ട്‌. പുതുതലമുറ സിനിമയെന്നാല്‍ പ്രണയവും ലൈംഗികതയും അസഭ്യവര്‍ഷവുമാണെന്ന്‌ ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ്‌ അടുത്തിടെ പുറത്തിറങ്ങിയ 'ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌' എന്ന ചലച്ചിത്രം. എന്നാല്‍ നല്ല രാഷ്ട്രീയ സിനിമ എന്ന തരത്തില്‍ പേരെഴുതിച്ചേര്‍ക്കാന്‍ ഈ സിനിമയ്ക്കായിട്ടില്ല. മുമ്പുണ്ടായിട്ടുള്ള മറ്റ്‌ പല രാഷ്ട്രീയ സിനിമകളെയും പോലെ വില്ലനും നായകനും അനുകമ്പയും വിപ്ലവപ്പാട്ടുമൊക്കെ നിറഞ്ഞ 'തട്ടുപൊളിപ്പന്‍' സിനിമയ്ക്കപ്പുറത്തേക്ക്‌ വളരാന്‍ ഇതിനായിട്ടില്ല.
'ഈ അടുത്ത കാലത്തി'നു ശേഷം മുരളി ഗോപിയുടെ രചനയില്‍ അരുണ്‍ കുമാര്‍ അരവിന്ദ്‌ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന 'ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌' ഇടതുപക്ഷ രാഷ്ട്രീയത്തെ വിമര്‍ശന വിധേയമാക്കുകയാണ്‌ ചെയ്യുന്നത്‌. കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന്റെ നേതൃനിരയിലുള്ള പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നുണ്ടെങ്കിലും തങ്ങള്‍ ഏതുഭാഗത്തു നില്‍ക്കുന്നു എന്ന വ്യക്തമായ നിലപാടു സ്വീകരിക്കാന്‍ 'ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌' എന്ന സിനിമയ്ക്കു കഴിഞ്ഞിട്ടില്ല എന്നതാണ്‌ പോരായ്മ. ലോകതലത്തില്‍ തന്നെ ഇടത്‌ ആശയങ്ങള്‍ക്ക്‌ അപചയം സംഭവിച്ചുകഴിഞ്ഞ കാലത്ത്‌ ഇറങ്ങിയ സിനിമയെന്ന നിലയില്‍, അത്തരമൊരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ കൂടുതല്‍ ഗൗരവത്തോടെയുള്ള സമീപനമാണ്‌ വേണ്ടിയിരുന്നത്‌. അപചയത്തിനുള്ള പരിഹാരം നിര്‍ദ്ദേശിക്കുകയും വേണമായിരുന്നു.
ആയിരത്തി തൊള്ളായിരത്തി അറുപത്തിയൊന്‍പതില്‍ തുടങ്ങി രണ്ടായിരത്തി പതിമൂന്നുവരെയുള്ള കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ രൂപമാറ്റമാണ്‌ സിനിമയില്‍ കേന്ദ്രസ്ഥാനത്തുള്ള മൂന്ന്‌ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്‌. ഇന്ന്‌ ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ രൂപഭാവങ്ങളുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച്‌ മിമിക്രിയുടെ സ്വഭാവത്തിലേക്ക്‌ ചിലപ്പോഴെല്ലാം സിനിമ താഴ്‌ന്നുപോകുന്നുണ്ട്‌. തന്റെ വളര്‍ച്ചയ്ക്കായി മറ്റുള്ളവരെ അടിച്ചു താഴ്ത്തുന്ന, എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടി സെക്രട്ടറിയെ കൊലപാതകിയും വില്ലനുമായും സെക്രട്ടറിയെ എതിര്‍ക്കുന്നതിനു നേതൃത്വം നല്‍കുന്നയാളെ നായകനാക്കിയും അവതരിപ്പിക്കുന്നു.
നായകനോട്‌ അനുകമ്പ തോന്നി മറ്റൊരു കഥാപാത്രം പാര്‍ട്ടി സെക്രട്ടറിയെ കുത്തിക്കൊല്ലുമ്പോള്‍ സിനിമ അവസാനിക്കുന്നു. പാര്‍ട്ടി സെക്രട്ടറിയെ കുത്തിക്കൊന്നാല്‍ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും അതില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ആശയവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമാകുമെന്ന്‌ സ്ഥാപിക്കുകയാണ്‌ 'ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌'. ഇത്‌ നല്ല സന്ദേശമല്ല കൈമാറുന്നതെന്ന്‌ പറയാതെ വയ്യ. മൂന്നാംകിട വാണിജ്യ സിനിമകളുടെ തലംവിട്ടുയരാന്‍ 'ഈ അടുത്ത കാലത്ത്‌' എന്ന സാമാന്യം നിലവാരുമുള്ള ചിത്രമൊരുക്കിയ മുരളി ഗോപിക്കും അരുണ്‍ കുമാര്‍ അരവിന്ദിനും കഴിഞ്ഞില്ല.
പുറത്തുവരുന്നതിനു മുന്നേ തന്നെ ചിത്രം ചിലരെയെല്ലാം വിമര്‍ശിക്കുന്നതാണെന്ന പ്രഖ്യാപനം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. അതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ ഈ സിനിമ കാണിക്കുന്നതിന്‌ തീയറ്ററുകാര്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരുന്നു. അതെല്ലാം ചിത്രത്തിന്റെ വിജയത്തെ സഹായിച്ചു എന്നു വേണം പറയാന്‍. ആരോപണ വിധേയരായവര്‍ ഈ ചിത്രം കണ്ടാല്‍ പ്രതികരണം ഒരു പൊട്ടിച്ചിരിയിലൊതുക്കുക മാത്രമാകും ചെയ്യുക. അതിനപ്പുറം വിലക്കപ്പെടേണ്ടതായിട്ടൊന്നും ഇതിലില്ല. 'ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌' എന്ന പേരുപോലെ തന്നെ എവിടേക്ക്‌ എന്ന വ്യക്തമായ നിലപാട്‌ മുന്നോട്ട്‌ വയ്ക്കാന്‍ ഈ സിനിമയ്ക്കായിട്ടില്ല. പഴയകാല രാഷ്ട്രീയ സിനിമകളില്‍ നിന്ന്‌ പുതുതലമുറ സിനിമാക്കാര്‍ ഇനിയും പാഠം പഠിക്കേണ്ടതുണ്ട്‌.
ആര്‍. പ്രദീപ്‌ pradeepthazhava@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.