ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സ്തംഭിക്കുന്നു

Friday 5 July 2013 3:24 pm IST

ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ അഭിമാനമായിരുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സ്തംഭിക്കുന്നു. പദ്ധതിയിലെ തൊഴിലാളികള്‍ക്ക് വേതനം വിതരണം ചെയ്തിട്ട് മാസങ്ങളായി. കേരളത്തില്‍ പതിമൂന്ന് ലക്ഷം തൊഴിലാളികള്‍ കൂലി കിട്ടാതെ കടുത്ത ദാരിദ്ര്യത്തിലാണ്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി മുപ്പത്തി മൂവായിരം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് കൃത്യസമയത്ത് തന്നെ തുക അനുവദിക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍ ഒരുകോടിയിലധികം തൊഴിലാളികള്‍ക്ക് കഴിഞ്ഞ മൂന്നു മാസമായി കൂലിയില്ല. കേരളം ഉള്‍പ്പടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇതേ സ്ഥിതിയാണുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ 27 ലക്ഷം തൊഴിലാളികളാണ് കൂലി ലഭിക്കാതെ പണിയെടുക്കുന്നത്. 2649 കോടി രൂപ പദ്ധതി നടത്തിപ്പിനായി ബംഗാളിന് അനുവദിച്ചതാണ്. പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് മിക്ക സംസ്ഥാനങ്ങളും പദ്ധതി നടത്തിപ്പില്‍ വീഴ്ച വരുത്തുന്ന കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം കുറ്റപ്പെടുത്തുന്നു. തൊഴിലെടുത്ത് പതിനഞ്ച് ദിവസങ്ങള്‍ക്കകം കൂലി നല്‍കിയില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് അതിന് പലിശ നല്‍കണമെന്ന് പദ്ധതിയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ കൂലിയുമില്ല പലിശയുമില്ല. ഈ സ്ഥിതി മുന്നോട്ട് പോയാല്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സ്തംഭിക്കുമെന്ന അവസ്ഥയിലാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ പോലും യു.പി.എ സര്‍ക്കാരിന്റെ അഭിമാനപദ്ധതിക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.